മകൻ്റെ മർദനം പതിവ്, പരാതി നൽകാൻ വിസമ്മതിച്ചതോടെ നാട്ടുകാരും കയ്യൊഴിഞ്ഞു; ഒടുവിൽ ജയക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാറനല്ലൂര്‍ കൂവളശ്ശേരി അപ്പു നിവാസില്‍ ജയയെ (58) മകൻ ബിജു മദ്യപിച്ചെത്തി മർദിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ജയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നതോടെ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സ്ഥിരം മദ്യപാനിയാണ് ബിജുവെന്നാണ് വിവരം. ഇയാൾ വീട്ടിൽ ബഹളം വെക്കുന്നതും ജയയെ മർദിക്കുന്നതും പതിവാണ്. രാത്രികളിൽ വീട്ടിൽനിന്ന് ഉച്ചത്തിലുള്ള നിലവിളി കേൾക്കുമ്പോൾ സമീപവാസികൾ ഓടിയെത്തുകയും വിവരം പോലീസിനെ അറിയിക്കാമെന്ന് പറയുകയും ചെയ്യുമെങ്കിലും ജയ ഇതിന് തയ്യാറായിരുന്നില്ല. മകൻ മദ്യലഹരിയിൽ ചെയ്യുന്നതാണ് ഇതെല്ലാം എന്ന് പറഞ്ഞ് നാട്ടുകാരെ മടക്കിയക്കുകയാണ് പതിവെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.
പലതവണ ആവശ്യപ്പെട്ടിട്ടും പോലീസിൽ പരാതി നൽകാൻ തയ്യാറാകാതിരുന്നതോടെ നാട്ടുകാർ വിഷയത്തിൽ ഇടപെടാതായിരുന്നു. അടിപിടിയും ബഹളവും സ്ഥിരമായിട്ടും ആരും ജയയുടെ വീട്ടിലേക്ക് ശ്രദ്ധിച്ചിരുന്നില്ല. മകനെതിരെ പരാതി നല്‍കാന്‍ ജയ തയ്യാറാകാത്തതാണ് വിഷയത്തില്‍നിന്ന് പിന്‍തിരിയാന്‍ കാരണമായെതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഊരൂട്ടമ്പലത്ത് പ്രവര്‍ത്തിക്കുന്ന പച്ചക്കറിക്കടയിലാണ് കുറച്ചുനാളായി ബിജു ജോലി ചെയ്തിരുന്നത്. രണ്ട് മാസം മുമ്പ് ഈ കടയിലെ ജോലി മതിയാക്കിയിരുന്നു. പിന്നീട് വല്ലപ്പോഴും മാത്രമാണ് മറ്റ് ജോലികള്‍ക്ക് ബിജു പോയിരുന്നത്. 15-ാമത്തെ വയസു മുതലാണ് ബിജു മദ്യപാനം തുടങ്ങുന്നത്. 17-ാമത്തെ വയസില്‍ മദ്യപാനം സ്ഥിരമായതോടെ ജയ തന്നെ ബന്ധുക്കളുടെ സഹായത്തോടെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ബിജുവിനെ എത്തിച്ചിരുന്നു. അവിടത്തെ ചികത്സയ്ക്കു ശേഷം തിരിച്ചെത്തിയെങ്കിലും വീണ്ടും മദ്യപാനം തുടങ്ങി. മദ്യപാനത്തിന് എന്തെങ്കിലും പരിഹാരം കാണണമെന്ന് ജയ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നു.
ചൊവ്വാഴ്ച രാവിലെ 10 മണിയോടുകൂടി ബിജു തന്നെയാണ് അമ്മ മരിച്ച വിവരം തൊട്ടുത്തുള്ള സുഹൃത്തിനെ ഫോണില്‍ വിളിച്ചറിയിക്കുന്നത്. അമ്മ കസേരയില്‍ മരിച്ചിരിക്കുന്നുവെന്നാണ് ഇയാൾ സുഹൃത്തിനെ അറിയിച്ചത്. സുഹൃത്ത് വീട്ടിലെത്തിയപ്പോള്‍ ജയ വീടിന്റെ ഹാളില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ പഞ്ചായത്തംഗത്തെ വിളിച്ചറിയിക്കുകയായിരുന്നു.
പഞ്ചായത്തംഗവും മാറനല്ലൂര്‍ പോലീസും സ്ഥലത്ത് എത്തിയപ്പോള്‍ ജയയെ വീടിലെ മുറിയിലെ കട്ടിലില്‍ കിടത്തിയിരിക്കുന്നതാണ് കണ്ടത്. സ്ഥിരമായി ബിജു അമ്മയെ മര്‍ദിക്കാറുണ്ടെന്നും മര്‍ദനത്തില്‍ മരണം സംഭവിച്ചതാകാമെന്നും നാട്ടുകാര്‍ ആരോപണമുന്നയിച്ചതിനെ തുടര്‍ന്നാണ് ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജയ മരിച്ചുകിടന്ന കൂവളശ്ശേരിയിലെ വീട്ടില്‍ പോലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തി.
വൃക്ക സംബന്ധമായ അസുഖത്താല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ജയ ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള പരിശോധനകള്‍ക്കായി മൃതദേഹം തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ മരണകാരണം വ്യക്തമാക്കാന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു.
.