150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; ഭർത്താവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി നവവധു

കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് യുവതിയുടെ കുടുംബത്തിന്റെ പരാതി. വധശ്രമം നടത്തിയിട്ടും കേസെടുത്തത് മർദനത്തിന് മാത്രമാണെന്നാണ് പരാതി. മകൾക്കു നേരെ ക്രൂരമായ ആക്രമണമാണ് ഉണ്ടായതെന്നും പ്രതിക്കെതിരെ വധശ്രമ‍ത്തിന് കേസെടുക്കണമെന്നും മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ കുടുംബം ആവശ്യപ്പെട്ടു. ഗാർഹിക പീഡന നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പന്തീരാങ്കാവ് പൊലീസ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. തങ്ങൾ പരാതിപ്പെട്ടിട്ടും തുടക്കത്തിൽ കേസെടുക്കാൻ പൊലീസ് വിമുഖത കാണിച്ചു എന്നും കുടുംബം ആരോപിക്കുന്നു.

12ന് ‘അടുക്കള കാണൽ’ ചടങ്ങിനെത്തിയപ്പോഴാണ് വീട്ടുകാർ ക്രൂരമായ മർദനത്തിന് ഇരയായ മകളെ കാണുന്നത്. നെറ്റിയിലും തലയിലും മുഷ്ടി ചുരുട്ടി ഇടിച്ചു എന്നും മൊബൈൽ ചാർജറിന്റെ വയർ കൊണ്ട് കഴുത്തിൽ ചുറ്റി വലിച്ചു എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. മകളെ കൊലപ്പെടുത്താനാണ് രാഹുൽ ശ്രമിച്ചതെന്നും എന്നാൽ ഇയാളെ രക്ഷപെടുത്താൻ പൊലീസ് ശ്രമിക്കുന്നു എന്നും പിതാവ് ആരോപിച്ചു. സ്ത്രീധനം കുറ‍ഞ്ഞു പോയി എന്ന രീതിയിൽ പ്രതിയുടെ അമ്മയും സഹോദരിയും പലവട്ടം മകളോട് സംസാരിച്ചിട്ടുണ്ട് എന്നും പിതാവ് ആരോപിച്ചു.

 

‘‘മേയ് അഞ്ചാം തീയതി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു മകളുടെ വിവാഹം. അടുക്കള കാണൽ ചടങ്ങിനു വേണ്ടി ഞായറാഴ്ച കുടുംബസമേതം മകളെ കല്യാണം കഴിപ്പിച്ചു വിട്ട വീട്ടിൽ ചെന്നു. അവിടെ കണ്ടത് ക്ഷീണിച്ച് അവശയായ മകളെയാണ്. അവളുടെ നെറ്റി മുഴച്ചിരിപ്പുണ്ടായിരുന്നു. എന്തു പറ്റിയെന്ന് ചോദിച്ചപ്പോൾ കുളിമുറിയിൽ വീണതാണെന്ന് പറഞ്ഞു. കൂടുതൽ ചോദിച്ചപ്പോൾ ക്രൂരമായി മർദനമേറ്റ വിവരം മകൾ പറഞ്ഞു. രാഹുൽ കൈ മുഷ്ടി ചുരുട്ടി ഇടിച്ച മുഴയായിരുന്നു മകളുടെ നെറ്റിയിൽ കണ്ടത്. തലയുടെ പല ഭാഗത്തും അത്തരത്തിൽ മുഴയുണ്ടായിരുന്നു. മൊബൈൽ ഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് അവളുടെ കഴുത്തിൽ മുറുക്കി. കുനിച്ചു നിർത്തി ഇടിച്ചു. മകൾ ഓടാൻ ശ്രമിച്ചപ്പോൾ അവൻ ഓടിച്ചിട്ട് പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു. ബോധം പോയ അവളെ അവർ ആശുപത്രിയിൽ കൊണ്ടുപോയി’’–പിതാവ് പറഞ്ഞു.

തങ്ങൾ ഞായറാഴ്ച അവിടെ എത്തിയതുകൊണ്ടു മാത്രമാണ് മകൾക്ക് വിസ്മയയുടെ ഗതി വരാതിരുന്നതെന്ന് പിതാവ് പറഞ്ഞിരുന്നു. യുവതി ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. തലയ്ക്ക് ഭാരവും വേദനയും അനുഭവപ്പെടുന്നുണ്ട്. മാനസികമായ ആഘാതത്തിൽ നിന്ന് മുക്തയായിട്ടില്ല എന്നും പിതാവ് വ്യക്തമാക്കി.

 

സ്ത്രീധനത്തിന്‍റെ പേരിലാണ് മര്‍ദനം ആരംഭിച്ചതെന്നും ഭര്‍ത്താവ് അമിത ലഹരിയിലായിരുന്നുവെന്നും തന്നെ കൊല്ലാൻ ശ്രമിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ലെന്നും ഭര്‍തൃപീഡനത്തിരയായ നവവധുവും വെളിപ്പെടുത്തി. സ്ത്രീധനത്തിന്‍റെ പേരിലാണ് മര്‍ദനം ആരംഭിച്ചത്. 150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ് തര്‍ക്കം തുടങ്ങിയതെന്ന് നവവധു മാധ്യമങ്ങളോട് പറഞ്ഞു. എന്തോ കൂടിയ സാധനം കഴിച്ചിട്ടാണ് വന്നത്. മദ്യമായിരുന്നില്ല. മറ്റെന്തോ ലഹരി വസ്തു കഴിച്ചിട്ടാണ് വന്നതെന്നും യുവതി വെളിപ്പെടുത്തി.

 

കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ആദ്യം തര്‍ക്കമുണ്ടായത്. പിന്നീട് വീട്ടിലെത്തിയപ്പോഴും തര്‍ക്കം തുടര്‍ന്നു. പിന്നീട് ഉപദ്രവിക്കാൻ തുടങ്ങി. വീടിന്‍റെ മുകളിലെ മുറിയില്‍ വെച്ചായിരുന്നു മര്‍ദനം. ആദ്യം കരണത്തടിച്ചു. പിന്നീട് മുഷ്ടികൊണ്ട് തലക്കടിച്ചു. നെറ്റിയിലും ഇടിച്ചു. മൊബൈല്‍ ചാര്‍ജറിന്‍റെ കേബിള്‍ വെച്ച് കഴുത്തില്‍ മുറുക്കി കൊല്ലാൻ ശ്രമിച്ചു. രണ്ടു മൂന്ന് തവണ കൊല്ലാൻ ശ്രമിച്ചു. ശബ്ദം കേട്ടിട്ടും വീട്ടിലുണ്ടായിരുന്നവര്‍ ഇടപെട്ടില്ല-യുവതി വിശദീകരിച്ചു.

ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴും കള്ളം പറഞ്ഞു. തനിക്കൊന്നും പറയാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലാണ് സംഭവം. കല്യാണത്തിന് മുമ്പ് നമുക്ക് പറ്റുന്ന രീതിയിലെ ചെയ്യാൻ കഴിയുകയുള്ളുവെന്ന് പറഞ്ഞപ്പോള്‍ അതൊന്നും പ്രശ്നമില്ലെന്നും പെണ്‍കുട്ടിയാണ് വലുതെന്നുമാണ് ഭര്‍ത്താവും വീട്ടുകാരും പറഞ്ഞത്.

കല്യാണം കഴിഞ്ഞശേഷം ഫോണ്‍ അധികം ഉപയോഗിക്കാൻ തന്നിരുന്നില്ല. വിരുന്നുസല്‍ക്കാരത്തിന് തന്‍റെ വീട്ടുകാര്‍ വന്നപ്പോള്‍ താഴേക്ക് ഇറങ്ങിചെല്ലാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താൻ. തന്നെകണ്ടിട്ട് വീട്ടുകാര്‍ കാര്യം ചോദിച്ചു. ബാത്ത് റൂമില്‍ വീണ് പരിക്ക് പറ്റിയതാണെന്നാണ് പറഞ്ഞത്. എന്നാല്‍ സംശയം തോന്നി വീണ്ടും ചോദിച്ചപ്പോഴാണ് മര്‍ദനമേറ്റ കാര്യം പറഞ്ഞത്. പിന്നീട് തന്‍റെ വീട്ടുകാര്‍ക്കൊപ്പം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച ശേഷം നേരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

എന്നാല്‍, കേബിള്‍ കുരുക്കി കൊല്ലാൻ ശ്രമിച്ചത് പൊലീസ് എഫ്ഐആറില്‍ വന്നിട്ടില്ല. ഞങ്ങള്‍ പൊലീസില്‍ എത്തുന്നതിന് മുമ്പ് അവിടെ രാഹുലും സുഹൃത്തുക്കളും എത്തിയിരുന്നു. അവിടെ ചെന്നപ്പോള്‍ പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നതാണ് കണ്ടത്. അതിനാല്‍ തന്നെ പന്തീരാങ്കാവ് പൊലീസില്‍ നിന്ന് അനുകൂല സമീപനമായിരുന്നില്ല. കൊല്ലുമെന്ന് പറഞ്ഞാണ് മര്‍ദിച്ചതെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

.

Share
error: Content is protected !!