പ്രവാസികൾക്ക് ആശ്വാസമായി ആകാശ എയർ സൗദിയിലേക്ക് സർവീസ് പ്രഖ്യാപിച്ചു; ജൂലൈ മുതൽ സർവീസ് ആരംഭിക്കും
സ്വകാര്യ ഇന്ത്യൻ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ സൗദിയിലേക്കുള്ള സർവീസ് പ്രഖ്യാപിച്ചു. ജൂലൈ 15 മുതൽ ജിദ്ദയിലേക്ക് സർവീസ് ആരംഭിക്കാനാണ് പദ്ധതി. കഴിഞ്ഞ മാർച്ച് 28ന് ഖത്തറിലെ ദോഹയിലേക്കായിരുന്നു ആകാശ എയർ ആദ്യ അന്താരാഷ്ട്ര സർവീസ് ആരംഭിച്ചത്. അതിന് ശേഷം ജൂലൈ 15 മുതൽ ജിദ്ദയിലേക്ക് ആരംഭിക്കുന്ന സർവീസ് പ്രതീക്ഷയോടെയാണ് പ്രവാസികൾ കാത്തിരിക്കുന്നത്.
ജൂലൈ 21 മുതൽ ജിദ്ദ-മുംബൈ റൂട്ടിൽ ആഴ്ചയിൽ 12 നേരിട്ടുള്ള സർവീസുകളാണ് ആകാശ എയർ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കൂടാതെ അഹമ്മദാബാദിൽ നിന്ന് ആഴ്ചയിൽ രണ്ട് വിമാനങ്ങളും സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. വൈകാതെ തന്നെ കേരളത്തിലേക്കും സര്‍വീസ് തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉംറ തീർഥാടകർക്കും പ്രവാസികൾക്കും ഒരുപോലെ ആശ്വാസമാകും പുതിയ സർവീസുകൾ.
സൗദി അറേബ്യയിൽ ഓരോ വർഷവും ഇന്ത്യൻ സന്ദർശകരുടെ എണ്ണം വർധിച്ച് വരുന്നതിനാൽ തലസ്ഥാനമായ റിയാദിലേക്ക് സർവീസുകൾ വൈകാതെ ഷെഡ്യൂൾ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന മുംബൈ-ജിദ്ദ റൂട്ടിലെ സർവീസ് മലയാളികളുൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനപ്പെടും. കണക്ഷൻ ഫ്ലൈറ്റുകളിൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ ആകാശ എയർ സർവീസുകൾ സഹായകരമാകും.
കൂടുതല്‍ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നത് നിരക്ക് അമിതമായി ഉയര്‍ത്തുന്ന പ്രവണതയ്ക്ക് തടയിടുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഖത്തറിനും സൗദിക്കും പുറമെ മറ്റു ജി.സി.സി രാജ്യങ്ങളും ആകാശയുടെ പദ്ധതിയിലുണ്ട്. 2022 ആഗസ്റ്റിലാണ് സ്വകാര്യ കമ്പനിയായ ആകാശ എയർ പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ ഇന്ത്യയിലെ 19 നഗരങ്ങളിലേക്ക് കമ്പനി സര്‍വീസ് നടത്തുന്നുണ്ട്.
.