സിനിമാ ടിക്കറ്റ് നിരക്ക് കുറച്ചതോടെ സൗദിയിലെ തിയേറ്ററുകളിൽ തിരക്കേറി; ഹാൾ 90 ശതമാനം നിറഞ്ഞു

സൗദിയിൽ സിനിമാ ടിക്കറ്റുകളുടെ നിരക്ക് കുറച്ചതോടെ തിയേറ്ററുകളിൽ തിരക്ക് വർധിച്ചു. കഴിഞ്ഞ ദിവസം 90 ശതമാനം സീറ്റുകളിലേക്കും ടിക്കറ്റ് വിറ്റ് തീർന്നു. ടിക്കറ്റ് നിരക്ക് കുറക്കാനും സിനിമാശാലകൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസുകൾക്കുളള ഫീസ് കുറക്കാനും ഫിലിം കമ്മീഷൻ തീരുമാനിച്ചിരുന്നു. ഇത് പ്രാവർത്തികമായതോടെയാണ് തിയേറ്ററുകളിൽ തിരക്ക് വർധിച്ചത്.  20 റിയാൽ മുതലാണ് പുതിയ ടിക്കറ്റ് നിരക്ക്.

സിനിമാ ടിക്കറ്റിന്റെ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിന് നിരവധി മാനങ്ങളുണ്ടെന്നും പ്രധാനമായും കാഴ്ചക്കാരനെ ആകർഷിക്കുകയും സിനിമ തിയേറ്ററിലേക്ക് പോകാൻ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും സിനിമാ അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഹാനി അൽ മുല്ല പറഞ്ഞു. വ്യക്തികൾക്ക് ഒറ്റക്കും കുടുംബമായും ഗ്രൂപ്പായും തിയേറ്ററിലേക്ക് വരാൻ പുതിയ തീരുമാനം സഹായകരമാകും. ഇത് സൗദി സമൂഹത്തിൽ കാഴ്ചപ്പാടുകളും ചലച്ചിത്ര സംസ്കാരവും ഉയർത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നിരക്ക് കുറച്ചതോടെ ഷബാബ് അൽ ബോംബ്, ഫിലിം സ്റ്റാർ, ഉയർന്ന വരുമാനം നേടിയ ദി നൈറ്റ് മാനേറ്റ് തുടങ്ങിയ സൗദി സിനിമകൾ കാണാനത്തിയവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ഫിലിം അസോസിയേഷനു ശേഷം ചലച്ചിത്രമേഖലയിൽ സ്പെഷ്യലൈസ് ചെയ്ത ആദ്യത്തെ സൗദി അസോസിയേഷനാണ് സിനിമാ അസോസിയേഷൻ എന്നും ഹാനി അൽ മുല്ല പറഞ്ഞു.  സിനിമ എന്ന വാക്കിന്റെ അർത്ഥം എന്താണെന്നും വ്യവസായം, ശാക്തീകരണം, തിരക്കഥ, സംവിധാനം തുടങ്ങി സിനിമയ്ക്ക് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്നും ആളുകളെ പരിചയപ്പെടുത്താനും സിനിമാ അസോസിയേഷൻ താൽപ്പര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

.

കൂടാതെ ചലച്ചിത്ര മേഖലയും ചലച്ചിത്ര വ്യവസായവും വികസിപ്പിക്കുന്നതിനും ബിസിനസ്സ് വികസനത്തിനായി പ്രാദേശികവും അന്തർദ്ദേശീയവുമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും സിനിമാ അസോസിയേഷന് താൽപ്പര്യപ്പെടുന്നുവെന്നും നിരവധി വിതരണ അവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 3,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അൽ ഖോബാർ നഗരത്തിലാണ് സിനിമാ അസോസിയേഷൻ്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. ഒരു ഫിലിം ലൈബ്രറി, ഫിലിം ആർക്കൈവ്, കമ്പനികൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമായി സംയുക്ത വർക്ക് സ്പേസ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

.

Share
error: Content is protected !!