മോദി വീണ്ടും ജയിച്ചാല്‍ പിണറായി ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കളെ ജയിലിലാക്കും- കെജ്‌രിവാൾ – വീഡിയോ
ന്യൂഡൽഹി: ജയിൽമോചിതനായതിനു പിന്നാലെ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കടന്നാക്രമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എഎപിയുടെ നാല് നേതാക്കളെ ജയിലിൽ അടച്ചാൽ പാർട്ടി തകർന്നുപോകുമെന്നാണ് മോദി കരുതുന്നത്. അതിനായി മോദി ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നു. എന്നാൽ എത്ര തകർക്കാൻ ശ്രമിച്ചാലും കരുത്തോടെ തിരിച്ചുവരുന്ന പാർട്ടിയാണ് എഎപിയെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. റോസ് അവന്യുവിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തെ എല്ലാ അഴിമതിക്കാരേയും കൂടെ കൂട്ടി അഴിമതിക്കെതിരായ പോരാട്ടം നടത്തുകയാണെന്ന് വീമ്പ് പറയുകയാണ് ബിജെപിയെന്ന് അദ്ദേഹം വിമർശിച്ചു. ജനങ്ങളെ വിഡ്ഢികളാക്കരുത്. കൊച്ചു കുട്ടികൾക്കുപോലും കാര്യങ്ങളെല്ലാം അറിയാം. സ്വന്തം മന്ത്രിസഭയിലെ അംഗത്തെ അഴിമതിയുടെ പേരിൽ ജയിലിൽ അടച്ചവനാണ് ഞാൻ. അതിനാൽ അഴിമതിക്കെതിരായ പോരാട്ടം നരേന്ദ്രമോദി പഠിക്കേണ്ടത് എന്നിൽനിന്നാണ്. ഒരു രാജ്യം ഒരു നേതാവ് എന്ന ഭാവമാണ് പ്രധാനമന്ത്രിക്ക്. ഒരുപാടുപേരെ ജയിലിലാക്കിയ മോദി ഇപ്പോൾ കേരള മുഖ്യമന്ത്രിയുടെ പിന്നാലെയാണ്. മോദി വീണ്ടും ജയിച്ചാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ജയിലിൽ അടയ്ക്കും’ കെജ്‌രിവാൾ വ്യക്തമാക്കി.
#WATCH | Delhi CM Arvind Kejriwal says "When I was in jail, some people raised this issue that why doesn't Arvind Kejriwal resign from the post of Delhi CM? I have not come to become CM or PM…In the last 75 years, elections have been held in so many states, AAP government was… pic.twitter.com/75cakV0TDt
— ANI (@ANI) May 11, 2024
ജൂൺ നാലിന് ശേഷം എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ തുടരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കും. എഎപി അതിന്റെ ഭാഗമാകും. ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവിയും നൽകും. ഹരിയാന, രാജസ്ഥാൻ, ബിഹാർ, യുപി, ഡൽഹി, കർണാടക, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിലെല്ലാം ബിജെപിക്ക് സീറ്റ് കുറയുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
#WATCH | Delhi CM Arvind Kejriwal says "…Their (NDA) government is not being formed after June 4…Their seats are decreasing everywhere in Haryana, Rajasthan, Bihar, UP, Delhi, Karnataka, West Bengal and Jharkhand. It is also being speculated that they are getting 220-230… pic.twitter.com/L46kSbWSgr
— ANI (@ANI) May 11, 2024
ജയിൽമോചിതനായതിന് ശേഷം ശനിയാഴ്ച രാവിലെ കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലാണ് കെജ്‌രിവാൾ ആദ്യം എത്തിയത്. രാവിലെ 11.30 ഓടെയാണ് ഭാര്യ സുനിതയ്ക്കും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പടെയുള്ള മുതിർന്ന പാർട്ടി നോതാക്കൾക്കുമൊപ്പം അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. വൻ റോഡ് ഷോയുടെ അകമ്പടിയോടെ ആയിരുന്നു അദ്ദേഹത്തിന്റെ വരവ്. സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നത്. പോലീസിനു പുറമെ സിആർപിഎഫിന്റെയും ദ്രുത കർമസേനയുടെയും വലിയ സംഘം ഇവിടെ നിലയിറപ്പിച്ചിരുന്നു.
മദ്യനയക്കേസിൽ ഒന്നരമാസത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കെജ്‌രിവാളിന് വെള്ളിയാഴ്ചയാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ ആം ആദ്മി പാർട്ടി പ്രവർത്തകരുടെയും പ്രതിപക്ഷ പാർട്ടി അംഗങ്ങളുടെയും ആഹ്ലാദാരവങ്ങൾക്കിടെയാണ് കെജ്‌രിവാൾ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
.