ഉള്ളുലക്കുന്ന കാഴ്ച: വിമാനത്താവളങ്ങളിൽ പൊട്ടിക്കരച്ചിലുകൾ, ആശങ്ക പ്രതിഷേധമായി; പൊലിഞ്ഞത് പലരുടെയും സ്വപ്നങ്ങൾ – വീഡിയോ

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാർ പെരുവഴിയിലായി. അർധരാത്രിയും വെളുപ്പാൻ കാത്തും എന്തു ചെയ്യണമെന്നറിയാതെ സ്തബ്ധരായി നിന്ന യാത്രക്കാർ പിന്നീട് പ്രതിഷേധവുമായി രംഗത്തെത്തി. ജോലി ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഏറെ പ്രതീക്ഷകളുമായി വിമാനം കയാറാനിരുന്നവര്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയായി മാറുകയായിരുന്നു കാബിൻ ക്രൂവിന്റെ സമരം. യാത്ര മുടങ്ങിയ പല സ്ത്രീകളും പൊട്ടിക്കരയുന്നതും വിമാനത്താവളങ്ങളിലെ ഉള്ളുലയ്ക്കുന്ന കാഴ്ചയായിരുന്നു.

.

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ഇന്നു പുലർച്ചെ 1.10 ന് അബുദാബിയിലേക്കു പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 537 (145 യാത്രക്കാർ), 5ന് ദുബായിലേക്കു പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 533 (148 യാത്രക്കാർ), രാത്രി 10.40 ന് ഷാർജയിലേക്കു പുറപ്പെടേണ്ട ഐഎക്സ് 545 (180 യാത്രക്കാർ), ചെന്നൈയിലേക്കു പുറപ്പെടേണ്ട ഐഎക്സ് 5013 (180 യാത്രക്കാർ) എന്നീ വിമാനങ്ങളാണ് ഇതുവരെ റദ്ദാക്കിയത്. റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് പൂർണമായി തുക തിരിച്ചു നൽകുകയോ സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്കു യാത്ര മാറ്റി ക്രമീകരിക്കുകയോ ചെയ്യാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും അവധി കഴിഞ്ഞു ഗൾഫ് രാജ്യങ്ങളിലേക്കു മടങ്ങേണ്ടവർ ഉൾപ്പെടെയുള്ളവരെ ഈ മിന്നൽ പണിമുടക്ക് ബാധിക്കും. വിമാനത്താവളത്തിൽ എത്തിയ ശേഷം അപ്രതീക്ഷിതമായ വിമാന റദ്ദാക്കൽ കാരണം വലഞ്ഞ യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.

.

കൊച്ചിയിൽ ആയിരക്കണക്കിന് യാത്രക്കാരാണ് അപ്രതീക്ഷിത പണിമുടക്കിൽ വലഞ്ഞത്. പുലർച്ചെയുള്ള വിമാനത്തിൽ ഷാർജ, ദമാം, ബഹ്റൈൻ,മസ്കത്ത് എന്നിവിടങ്ങളിലേക്ക് പോകാനെത്തിയവരാണ് ഏറെ വിഷമത്തിലായത്. ജീവനക്കാർ ഹാജരാകാത്തതിനെത്തുടർന്നാണ് പ്രശ്നമെന്ന് വിമാനത്താവളത്തിലെ എയർ ഇന്ത്യ ചുമതലക്കാർ ആദ്യം വെളിപ്പെടുത്തിയില്ല. പുലർച്ചെ 2.05 നുള്ള ഷാർജാ വിമാനത്തിൽ പോകേണ്ടവർ രാത്രി 12 മണിക്കു മുൻപായി വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനം താമസിക്കാതെ എത്തുമെന്ന് പറഞ്ഞ് ഇവരെ രാവിലെ നാലരവരെ വിമാനത്താവളത്തിലിരുത്തി. തുടർന്ന് യാത്രക്കാരിൽ പലരും ജീവനക്കാരോട് തട്ടിക്കയറി. സിഐഎസ്എഫുകാർ ഇടപെട്ടാണ് അനിഷ്ട സംഭവങ്ങളൊഴിവാക്കിയത്. നിരവധി പേർ ലീവ് കഴിഞ്ഞ് ബുധനാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവരായിരുന്നു. പലരും മാസങ്ങൾക്കു മുൻപേ ടിക്കറ്റെടുത്തവരാണ്. യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ടിക്കറ്റ് നിരക്ക് തിരികെ നൽകുകയോ മറ്റൊരുദിവസത്തേക്ക് യാത്രാനുമതി നൽകുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

.

.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ആയിരത്തിയിരുന്നൂറോളം പേരുടെ യാത്ര മുടങ്ങി. ഇന്നലെ രാത്രി മുതൽ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. 18 വിമാനങ്ങളാണ് ഇതുവരെ റദ്ദാക്കിയത്. ഇന്നലെ രാത്രി 2 രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കി. ദമാമിലേക്കും ദുബായിലേക്കും പോകേണ്ട വിമാനങ്ങളാണ് ഇന്നലെ രാത്രി റദ്ദാക്കിയത്.  യാത്രക്കാർ വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി. യാത്രയ്ക്കൊരുങ്ങി മണിക്കൂറുകൾക്ക് മുൻപ് എത്തിയ യാത്രക്കാരോട് കൃത്യമായ വിവരങ്ങൾ അറിയിച്ചില്ലെന്നും മതിയായ സൗകര്യങ്ങൾ നൽകിയില്ലെന്നും ആക്ഷേപമുണ്ട്.

.

.

ഇതേത്തുടർന്ന് അർധരാത്രിയിൽ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. ഇന്നും നിരവധിപ്പേർക്ക് വിമാനത്താവളത്തിലെത്തി മടങ്ങേണ്ടി വന്നു. രണ്ട് ദിവസത്തിനുള്ളിൽ ടിക്കറ്റ് നൽകാമെന്നും അല്ലെങ്കിൽ റീഫണ്ട് ചെയ്യാമെന്നുമാണ് യാത്രക്കാരെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചത്. കരിപ്പൂരിൽ നിന്നു പോകേണ്ടതും കരിപ്പൂരിലേക്ക് വരേണ്ടതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്. 8 വിമാനങ്ങളാണ് കരിപ്പൂരിൽ നിന്ന് പോകേണ്ടിയിരുന്നത്. റാസൽ ഖൈമ, ദുബൈ, ജിദ്ദ, കുവൈത്ത്, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് പോകേണ്ടിയിരുന്ന വിമാനങ്ങൾ റദ്ദാക്കിയത്.

.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മുടങ്ങിയത് 6 സർവീസുകൾ. 1020 ഓളം യാത്രക്കാരുടെ യാത്ര മുടങ്ങി. ബുധനാഴ്ച വെളുപ്പിനു 4.25ന് ഷാർജയിലേക്കുള്ള സർവീസ്, 6.45ന് മസ്‌കത്ത് സർവീസ്, 9.20നുള്ള അബുദാബി സർവീസ്, തിരിച്ച് ഉച്ചയ്ക്ക് 1.20ന് ഷാർജയിൽ നിന്നുള്ള സർവീസ്, 2.40നു മസ്‌കത്തിൽ നിന്നുള്ള സർവീസ്, വൈകിട്ട് 6.20ന് അബുദാബിയിൽ നിന്നുള്ള സർവീസുകളാണ് മുടങ്ങിയത്. വെളുപ്പിനു 4.25നു ഷാർജയിലേക്ക് പോകാനായി രാത്രി 12 മണി മുതൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു.

.

ചെക്ക് -ഇൻ ചെയ്യാൻ തുടങ്ങിയപ്പോഴാണ് സർവീസ് റദ്ദാക്കിയ വിവരം എയർ ലൈൻ പ്രതിനിധികൾ യാത്രക്കാരെ അറിയിച്ചത്. സർവീസ് റദ്ദാക്കിയത് മുൻകൂട്ടി അറിയിക്കാത്തതിനെ തുടർന്ന് എയർ ലൈൻ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം നടന്നു. തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. കിയാൽ അധികൃതരും എയർ ലൈൻ അധികൃതരും യാത്രക്കാരുമായി സംസാരിച്ചതിനു ശേഷമാണ് യാത്രക്കാർ തിരിച്ചു പോയത്. 7 ദിവസത്തിനുള്ളിൽ മറ്റൊരു സർവീസിൽ സൗജന്യ ടിക്കറ്റ് മാറ്റം, അല്ലെങ്കിൽ ഫുൾ തുക റിഫണ്ട് എന്നിങ്ങനെയാണ് യാത്രക്കാർക്ക് എയർ ലൈൻ മുന്നോട്ട് വച്ച പരിഹാര മാർഗം. തുടർന്നുള്ള അബുദാബി ഫ്ലൈറ്റിൽ യാത്രചെയ്യുന്നവർക്ക് വിവരം ലഭിച്ചതിനാൽ പലരും വിമാനത്താവളത്തിൽ എത്തിയില്ല. കുറച്ച് പേരാണ് എത്തിയത്. 3 വിമാനത്താവളത്തിലേക്കുള്ള ഡിപ്പാർച്ചർ റദ്ദാക്കിയതിടെയാണ് തിരിച്ചുള്ള സർവീസുകളും റദ്ദാക്കേണ്ടിവന്നത്. ഉച്ചക്ക് 2.30 മുതലുള്ള സർവീസുകൾക്ക് 11.30ഓടെ ചെക്ക്-ഇൻ ആരംഭിച്ചു.

.

Share
error: Content is protected !!