ഉംറ ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ഇപ്പോഴെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി; ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഉംറ ചെയ്യാൻ നിർദ്ദേശം
ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ഇപ്പോഴെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൌഫീഖ് അൽ റബീഅ പറഞ്ഞു. ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഹജ്ജ് സീസണ് ആരംഭിക്കുന്നതിന് മുമ്പ് ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ദുൽ ഹജ്ജ് 25 അഥവാ ജൂണ് 2 മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ഹജ്ജ് പെർമിറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.
ജൂണ് രണ്ട് മുതൽ 20 വരെ മക്കയിലേക്ക് പ്രവേശിക്കാൻ ഹജ്ജ് പെർമിറ്റുള്ളവർക്കോ, ജോലി ആവശ്യാർത്ഥവും മറ്റും പ്രത്യേക പെർമിറ്റെടുത്തവർക്കും മാത്രമേ അനുവാദമുണ്ടാകുകയുള്ളൂ. മക്ക ഇഖാമയുള്ള വിദേശികൾക്കും നിയന്ത്രണങ്ങളില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ സാധിക്കും. അതിനാൽ ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന സൌദിക്കകത്തുള്ളവർ നുസുക് ആപ്പ് വഴി പെർമിറ്റ് എടുത്ത് ജൂണ് 2ന് മുമ്പ് ഉംറ കർമങ്ങൾ പൂർത്തിയാക്കി മക്കയിൽ നിന്ന് മടങ്ങേണ്ടതാണ്. ജൂണ് 2 മുതൽ 20 വരെ ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തി വെക്കും. വിദേശ രാജ്യങ്ങളിൽ നിന്നും ഉംറ വിസയിലെത്തിയവർ ജൂണ് 6ന് മുമ്പ് സൌദിയിൽ നിന്നും പുറത്ത് പോകേണ്ടതാണ്.
.
വരും ദിവസങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ ഹജ്ജ് തീർഥാടകർ മക്കയിലും മദീനയിലും എത്തി തുടങ്ങും. തീർഥാടകരെ സന്ദർശിക്കുന്നതിന് മക്കയിലേക്ക് പോകുന്നവർ ശ്രദ്ദിക്കണം. ശവ്വാൽ 25 മുതൽ തന്നെ (മെയ് 4) മക്കയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ഉംറ പെർമിറ്റെടുത്തവർക്കും, മക്ക ഇഖാമയുള്ള പ്രവാസികൾക്കും, ജോലി ആവശ്യാർത്ഥവും മറ്റും പ്രത്യേക പെർമിറ്റെടുത്തവർക്കും മാത്രമാണ് മക്കയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ചെക്ക് പോയിൻ്റുകളിൽ ഇതിനുള്ള പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ജൂണ് 2 മുതൽ ഉംറ പെർമിറ്റുകൾ നിർത്തി വെക്കും. അതോടെ ഹജ്ജ് പെർമിറ്റുള്ളവർക്കും പ്രത്യേക പെർമിറ്റുകളുള്ളവർക്കും മക്ക ഇഖായുള്ളവർക്കും മാത്രമാകും മക്കയിലേക്കുള്ള പ്രവേശനം.
ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. ജൂണ് രണ്ട് മുതൽ ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിച്ചാൽ 10,000 റിയാൽ പിഴ ചുമത്തും. കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ ഇരട്ടിയാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജ് പെർമിറ്റെടുക്കാത്തവർക്ക് മക്കയിലേക്ക് യാത്ര സൌകര്യമൊരുക്കി കൊടുക്കുന്നവർക്ക് 50,000 റിയാൽ വരെ പിഴയും, ആറ് മാസം തടവും ശിക്ഷ ലഭിക്കും. കൂടാതെ പ്രവാസികളായ നിയമലംഘകരെ സൌദിയിലേക്ക് തിരിച്ച് വരാനാകാത്ത വിധം നാട് കടത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും. പിടിക്കപ്പെടുന്ന അനധികൃത തീർഥാടകരുടെ എണ്ണത്തിനനുസരിച്ച് പിഴയും വർധിക്കും.
ഹജ്ജ് തീർഥാടകർക്ക് പ്രയാസരഹിതമായി കർമങ്ങൾ ചെയ്യാൻ അവസരമൊരുക്കുന്നതിന് വേണ്ടിയാണ് പ്രവേശന നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. അതിനാൽ അനധികൃതമായി ഹജ്ജ് ചെയ്യാൻ ശ്രമിക്കുന്നവരെ കുറിച്ച് വിവരം ലഭിക്കുന്നവർ മക്ക, റിയാദ്, അൽ-ഷർഖിയ എന്നീ മേഖലകളിൽ നിന്നും (911) എന്ന നമ്പറിൽ വിവരം അറിയിക്കണെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
.