അഞ്ചാംപാതിര സിനിമ പ്രചോദനമായി; പ്രണയപ്പകയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി, എല്ലാം വീഡിയോ കോളിലൂടെ കണ്ട് സുഹൃത്ത് – കോടതി വെള്ളിയാഴ്ച വിധി പറയും
തലശ്ശേരി (കണ്ണൂർ): പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാൻ മാറ്റിയത്. വിഷ്ണുപ്രിയയുടെ മുൻസുഹൃത്ത് മാനന്തേരി താഴെക്കളത്തിൽ എ. ശ്യാംജിത്ത് (27) ആണ് കേസിലെ പ്രതി. പ്രണയാഭ്യർഥന നിരസിച്ചതിനു പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ മാരകമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബർ 22-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
.
അടുത്ത ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയ സമയത്ത്, വിഷ്ണുപ്രിയ തനിച്ചായിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ബന്ധുവീട്ടിലായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ ആദ്യം കണ്ടത്. വൈകാതെ മരണം സംഭവിച്ചു.
.
ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുൻപ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. അതിൽ 10 മുറിവ് മരണശേഷമുള്ളതാണ്. സംഭവത്തിന് ദൃക്‌സാക്ഷികളില്ല.
വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നത്. ഇയാൾ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. ശ്യാംജിത്തുമായുള്ള പ്രണയം തകർന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെൺകുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചു.
.
സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയാണ് കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്. ഇതിൽ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താൻ തീരുമാനിച്ചത്. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കിയിട്ടുണ്ട്. ശ്യാംജിത്ത് എത്തുമ്പോൾ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു വിഷ്ണുപ്രിയ. പെൺകുട്ടിയെ തലക്കടിച്ച് വീഴ്ത്തുന്നത് സുഹൃത്ത് ഫോണിലൂടെ കണ്ടിരുന്നു.
വീട്ടിൽ കയറി പെൺകുട്ടിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയിൽ നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്തി. കുളത്തിൽ ഉപേക്ഷിച്ച ബാഗിലാണ് കൊലപാതക കൃത്യത്തിനായി ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തിയത്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്ക്, തൊപ്പി, സ്ക്രൂ ഡ്രൈവർ എന്നിവയും ബാഗിലുണ്ടായിരുന്നു.
സാഹചര്യതെളിവും ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തേ സംസാരിച്ചതിന്റെ ഫോൺരേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി.
കൊലപാതകം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുൻപ് തന്നെ വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. പ്രതിയായ ശ്യാംജിത്തിന് ജാമ്യവും കിട്ടിയിരുന്നില്ല. കേസിൽ 73 സാക്ഷികളാണുണ്ടായിരുന്നത്. പ്രോസിക്യൂഷൻ മൂന്ന് ഫോറൻസിക് വിദഗ്ധരെ സാക്ഷികളായി പുതുതായി ഉൾപ്പെടുത്തി. വിഷ്ണുപ്രിയയുടെ സഹോദരിമാർ, സുഹൃത്ത് വിപിൻരാജ് തുടങ്ങി 49 സാക്ഷികളെ വിസ്തരിച്ചു. ഇരുതലമൂർച്ചയുള്ള കത്തി, ചുറ്റിക, കുത്തുളി എന്നിവ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
‘തനിക്ക് 25 വയസ്സായതേ ഉള്ളൂ, 14 വര്‍ഷത്തെ ശിക്ഷയല്ലേ, അത് ഗൂഗിളില്‍ കണ്ടിട്ടുണ്ട്, 39 വയസ്സാകുമ്പോള്‍ ശിക്ഷ കഴിഞ്ഞിറങ്ങാം, ഒന്നും നഷ്ടപ്പെടാനില്ല’ എന്നായിരുന്നു പിടിയിലായ സമയത്ത് ശ്യാംജിത്തിന്‍റെ പ്രതികരണം.
.
അച്ഛന്റെ അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബന്ധുവീട്ടിലായിരുന്നു വിഷ്ണുപ്രിയയും കുടുംബാംഗങ്ങളും. അനുജന് ജോലി ആവശ്യാർത്ഥം ഹൈദരാബാദിലേക്ക് പോകേണ്ടതിനാൽ രാവിലെ പത്ത് മണി വരെ വീട്ടിൽ സുഹൃത്തുക്കളും മറ്റുമുണ്ടായിരുന്നു. പതിനൊന്ന് മണിയോടെ വിഷ്ണുപ്രിയ വീട്ടിലേക്ക് വന്നു. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഏറെ സമയം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെ കാണാതായതോടെ അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. മഞ്ഞ തൊപ്പിയും മാസ്കും ധരിച്ച ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടുവെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം അന്വേഷണം തുടങ്ങിയത്.
.
വിഷ്ണുപ്രിയയ്ക്ക് വന്ന ഫോൺ കോൾ പ്രതിയുടെ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇത് പരിശോധിച്ച് പ്രതിയുടെ ടവർ ലൊക്കേഷനും പൊലീസിന് കണ്ടു പിടിക്കാനായി. താൻ പൊലീസ് വലയത്തിലാണെന്നും രക്ഷയില്ലെന്നും മനസിലാക്കിയ പ്രതി കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ പ്രതി ശ്യാംജിത് കുറ്റം സമ്മതിച്ചു. ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. നേരത്തെ പ്രണയത്തിലായിരുന്നുവെന്നും പ്രണയത്തിൽ നിന്ന് പിന്മാറിയതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു.