മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെതിരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരത്തുനിന്നു ഷാർജയിലേക്ക് പോകേണ്ട യാത്രക്കാർക്ക് ബോർഡിങ് പാസ് കിട്ടി സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് ഗേയ്റ്റിനടുത്ത് എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുന്നത്.
വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവർ, വിസ കാലാവധി അവസാനിക്കുന്നവർ അടക്കം ഈ വിമാനത്തിലുണ്ടായിരുന്നു. ചിലർ ടിക്കറ്റ് റദ്ദാക്കി നാൽപതിനായിരത്തോളം രൂപ മുടക്കി ഇൻഡിഗോയുടെ ടിക്കറ്റെടുത്തു. തുള്ളി വെള്ളം പോലും കുടിക്കാൻ ലഭിച്ചില്ലെന്നും കഴിക്കാൻ ബ്രെഡ് തന്നെ കിട്ടിയത് ഭാഗ്യമെന്നുമാണ് ചില യാത്രക്കാർ പറഞ്ഞത്.
.
അർധരാത്രി നൂറിലേറെ പേരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. കൊച്ചിയില്‍ ഇന്ന് എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയവയുടെ കൂട്ടത്തിലുണ്ട്. ഷാര്‍ജ, മസ്കറ്റ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് റദ്ദാക്കിയത്. മുപ്പതോളം വിമാനങ്ങളാണ് യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്. ക്യാബിൻ ക്രൂവിന്റെ സമരം നിയമവിരുദ്ധമെന്നാണ് കമ്പനിയുടെ വിശദീകരണം.
യാത്രക്കാർക്ക് റീഫണ്ടോ പകരം യാത്ര സംവിധാനമോ ഏർപ്പെടുത്തിയെന്നും വിമാനക്കമ്പനി വ്യക്തമാക്കി. അലവൻസ് കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇരുന്നൂറോളം ജീവനക്കാർ പണിമുടക്കുന്നത്. കൂട്ടത്തോടെ സിക്ക് ലീവെടുത്താണ് പ്രതിഷേധമെന്ന് അധികൃതർ പറയുന്നു.
മണിക്കൂറുകളോളം കാത്തുനിര്‍ത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാർ പ്രതികരിച്ചു. രണ്ട് മണിക്കൂര്‍ മുൻപു മാത്രമാണ് വിമാനങ്ങൾ റദ്ദായെന്ന അറിയിപ്പുണ്ടായത് എന്നാണ് ജീവനക്കാര്‍ അറിയിച്ചത്. കണ്ണൂരില്‍ വ്യാഴാഴ്ച മുതലുള്ള വിമാനങ്ങളിൽ ടിക്കറ്റ് നൽകാമെന്ന ഉറപ്പിലാണ് യാത്രക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മുൻഗണനാ ക്രമത്തിൽ ടിക്കറ്റ് നൽകുമെന്നാണ് അറിയിപ്പ്. എന്നാൽ ഏതെങ്കിലും ഒരുദിവസം ടിക്കറ്റ് നൽകിയിട്ട് കാര്യമില്ലെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടി.
.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവിൽ പ്രവേശിച്ചതിനെ തുടർന്നാണ് എഴുപതിലേറെ സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. എയർഇന്ത്യ എക്സ്പ്രസിന്റെ പുതിയ തൊഴിൽ നയങ്ങളോട് പ്രതിഷേധിച്ചാണ് ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചത്.
300 മുതിർന്ന കാബിൻ ക്രൂ അംഗങ്ങൾ അവസാന നിമിഷം സിക്ക് ലീവ് നൽകി മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതായാണ് വിവരം. ക്രൂ അംഗങ്ങളെ ബന്ധപ്പെടാൻ മാനേജ്മെന്റ് ശ്രമിച്ചുവരികയാണെന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ് വൃത്തങ്ങൾ അറിയിച്ചു.
.
‘‘ഞങ്ങളുടെ ഒരു വിഭാഗം കാബിൻ ക്രൂ അംഗങ്ങൾ അവസാന നിമിഷം സിക്ക് ലീവ് റിപ്പോർട്ട് ചെയ്തു. ഇതുമൂലം വിമാനങ്ങൾ പലതും വൈകുകയും റദ്ദാക്കുകയും ചെയ്തു. ഇതിനുപിന്നിലെ കാരണങ്ങൾ മനസ്സിലാക്കുന്നതിനായി ക്രൂ അംഗങ്ങളുമായി ബന്ധപ്പെട്ടുവരികയാണ്. ഇതുമൂലം ഞങ്ങളുടെ അതിഥികൾക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് വേണ്ടി ഞങ്ങളുടെ ടീം ശ്രമിക്കുകയാണ്. യാത്രക്കാർക്ക് ഇതുമൂലം ഉണ്ടായ എല്ലാ ബുദ്ധിമുട്ടിനും ക്ഷമചോദിക്കുന്നു’’ – എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായും തിരിച്ചുനൽകുകയോ പകരം യാത്രാസംവിധാനം ഏർപ്പെടുത്തുകയോ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ മാസം എയർഇന്ത്യ എക്സ്പ്രസിന്റെ ഒരു വിഭാഗം കാബിൻ ക്രൂവിനെ പ്രതിനിധീകരിക്കുന്ന യൂണിയൻ, കമ്പനിയുടെ ജീവനക്കാരോടുള്ള പെരുമാറ്റത്തിൽ വിവേചനമുള്ളതായി ആരോപിച്ചിരുന്നു. വിമാനം റദ്ദാക്കിയത് യാത്രക്കാരെ നേരത്തേ അറിയിക്കാത്തതുമൂലം ദൂരസ്ഥലങ്ങളിൽ നിന്നടക്കം നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. കെടുകാര്യസ്ഥത ജീവനക്കാരെ ദോഷകരമായി ബാധിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ യൂണിയനും (എഐഎക്സ്ഇയു) ആരോപിച്ചിരുന്നു.
.