നടുറോഡിൽ നവജാതശിശുവിൻ്റെ മൃതദേഹം; ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞു കൊന്നു, രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും പോലീസ് ചോദ്യം ചെയ്യുന്നു
എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതെന്ന് പൊലീസ് അറിയിച്ചു. ആൺകുഞ്ഞിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചു.
.
സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് ഒരു പൊതി റോഡിലേക്കു വന്നു വീഴുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്. രാവിലെ എട്ടേകാലോടെയാണു സംഭവം. റോഡിലേക്ക് എന്തോ വന്നു വീണതു കണ്ട് എത്തിയവർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ആരാണ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത് എന്നത് കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
.
21 ഫ്ലാറ്റുകളാണ് പ്രദേശത്ത് ആകെയുള്ളത്. ഇതിൽ മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ താമസക്കാരൊന്നും ഇല്ലായിരുന്നു എന്നാണ് സമീപത്തുള്ളവർ പറയുന്നത്. ആരെങ്കിലും അവിടേക്ക് ഈ ദിവസങ്ങളിൽ വന്നിട്ടുണ്ടോ എന്നും ജോലിക്കാർ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചുവരുന്നു. ഇവിടെ ഗര്‍ഭിണികളായി ആരും ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആശാപ്രവര്‍ത്തക പൊലീസിനോട് പറഞ്ഞു. ഫ്ലാറ്റില്‍ അസ്വാഭാവികമായി ആരെയും കണ്ടിട്ടില്ലെന്ന് സുരക്ഷാജീവനക്കാരനും മൊഴി നൽകി. ഒഴിഞ്ഞുകിടക്കുന്ന മുറികളിലെത്തി പ്രസവിച്ച ശേഷം ആരെങ്കിലും കുഞ്ഞിനെ പുറത്തേക്കെറിഞ്ഞതാണോയെന്നും ബന്ധപ്പെട്ടവര്‍ സംശയിക്കുന്നുണ്ട്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മാത്രമാണ് ഇവിടെയുള്ളത്. അദ്ദേഹം സ്ഥലത്തുനിന്ന് മാറുമ്പോൾ ആര്‍ക്കും ഫ്ളാറ്റിലേക്ക് കടന്നുകയറാൻ സാധിക്കും. അതുകൊണ്ടുതന്നെ ആരെങ്കിലും പുറത്തുനിന്നെത്തിയോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
.
സംഭവത്തിൽ ഫ്ളാറ്റിലെ താമസക്കാരെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്. രണ്ട് സ്ത്രീകളും ഒരു പുരുഷനും അടക്കമുള്ള താമസക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഈ ഫ്ളാറ്റിന്റെ തറയില്‍നിന്നും ശുചിമുറിയിൽനിന്നും പോലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. താമസക്കാരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
വെള്ളിയാഴ്ച രാവിലെ ഏട്ടേകാലോടെയാണ് പനമ്പള്ളിനഗറിലെ ഫ്‌ളാറ്റിന് സമീപത്തുള്ളവര്‍ റോഡില്‍ ഒരു കെട്ടുകിടക്കുന്നത് കണ്ടത്. ആരെങ്കിലും സഞ്ചിയിലാക്കി മാലിന്യം ഉപേക്ഷിച്ചതാവാമെന്നായിരന്നു ആദ്യം കരുതിയത്. പക്ഷെ, ശുചീകരണ തൊഴിലാളികള്‍ തൊട്ടുമുമ്പ് വൃത്തിയാക്കി പോയ സ്ഥലത്ത് എങ്ങനെ ഇത്രപെട്ടെന്നൊരു മാലന്യക്കെട്ടുവന്നുവെന്ന സംശയമാണ് അത് പരിശോധിക്കാന്‍ പ്രേരിപ്പിച്ചത്.
രാവിലെ ധാരാളം ആളുകള്‍ നടക്കുകയും മറ്റും ചെയ്യുന്ന സ്ഥലമായതുകൊണ്ടുതന്നെ അവരുടെ ആരുടേയെങ്കിലും നഷ്ടപ്പെട്ട കെട്ടാകുമെന്നും കരുതി. ഒരു കൊറിയര്‍ സര്‍വീസ് കമ്പനിയുടെ പാക്കറ്റായിരുന്നു റോഡില്‍ വീണുകിടന്നത്. അടുത്തെത്തി പരിശോധിച്ചതോടെയാണ് മനസ്സുരുകിപ്പോകുന്ന കാഴ്ചകണ്ടത്. ചോരയില്‍ കുളിച്ച് ഒരു ദിവസംപോലും പ്രായമാവാകാത്ത കുഞ്ഞിന്റെ മൃതദേഹമായിരുന്നു സഞ്ചിയിലുണ്ടായിരുന്നത്. ഉടന്‍ നാട്ടുകാരേയും പോലീസിനേയും അറിയിക്കുകയും ചെയ്തു.
സമീപത്തെ സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യത്തില്‍ കുട്ടിയെ വലിച്ചെറിഞ്ഞതായി കാണിക്കുന്ന സമയം 7.50 ആണെങ്കിലും മരിച്ചതിന് ശേഷം വലിച്ചെറിഞ്ഞതാണോ, അതല്ല കൊലപ്പെടുത്തിയതിന് ശേഷം വലിച്ചെറിഞ്ഞതാണോയെന്നതാണ് പോലീസ് പരിശോധിക്കുന്നത്. ഇന്റര്‍-ലോക്കിട്ട റോഡിലേക്ക് ഒരു കെട്ട് വന്നുവീഴുന്നതാണ് സി.സി.ടി.വി ദൃശ്യത്തിൽ കാണുന്നത്.
പോലീസ് പരിശോധനയില്‍ ഫ്‌ളാറ്റില്‍നിന്ന് രക്തക്കറ കണ്ടെത്തിയതോടെ അന്വേഷണം നിര്‍ണായക വഴിയിലാണ്. ഇതോടെ പ്രസവം അവിടെത്തന്നെ നടന്നതാകാമെന്ന് സംശയിക്കുന്നുവെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
.