കരിപ്പൂർ വിമാനത്താവളത്തിൽ പാസ്പോർട്ട് മറന്നു വെച്ചു; സൗദിയിലെത്തിയ യുവതി വിമാനത്താവളത്തിൽ കുടുങ്ങി
റിയാദ്: കരിപ്പൂർ വിമാനത്താവളത്തിൽ പാസ്പോർട്ട് മറന്നു വെച്ചയുവതി റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി. കുടുംബത്തിലെ എട്ട് പേരടങ്ങുന്ന സംഘത്തോടൊപ്പം സൌദിയിലേക്ക് പുറപ്പെട്ട യുവതിയാണ് കോഴിക്കോട് വിമാനത്താവളത്തിൽ പാസ്പോർട്ട് മറന്നുവെച്ചത്. അതേ സമയം സംഘത്തിലെ മറ്റുള്ളവരുടെ പാസ്പോർട്ടുകൾ കൈവശമുണ്ടായിരുന്നു. കോഴിക്കോട് സ്വദേശിനിക്കാണ് മറവി മൂലം അബന്ധം സംഭവിച്ചത്. കരിപ്പൂരിൽനിന്ന് ഈ മാസം 24ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിൽ ആണ് ഇവർ റിയാദിലേക്ക് പോയത്.
യാത്ര ആരംഭിച്ചതിന് ശേഷമാണ് പാസ്പോർട്ട് നഷ്ടപ്പെട്ട വിവരം യുവതിക്ക് മനസിലായത്. ഉടൻ തന്നെ കൈവശമുള്ള ബാഗുകളെല്ലാം പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വിമാനത്തിലെ ജീവനക്കാരെ യുവതി വിവരം അറിയിച്ചു. വിമാനത്തിലെ ജീവനക്കാരും വിമാനത്തിനകത്ത് പരിശോധന നടത്തിയെങ്കിലും പാസ്പോർട്ട് കണ്ടെത്താനായില്ല. വിമാനം പറക്കുന്ന സമയമായിരുന്നതിനാൽ എയർപോർട്ട് അധികൃതരെ വിവിരം അറിയിക്കാനും സാധിച്ചില്ല. പിന്നീട് രാത്രി 10.30ന് വിമാനം റിയാദിൽ ഇറങ്ങി.
.
യാത്രക്കാർ പുറത്തിറങ്ങുന്ന കവാടത്തിൽ പാസ്പോർട്ട് നഷ്ടമായ യുവതിയുടെ പേര് വിളിച്ചു പറഞ്ഞ് ഉദ്യോഗസ്ഥർ നിൽക്കുന്നുണ്ടായിരുന്നു. പാസ്പോർട്ട് കോഴിക്കാട് എയർപോർട്ടിൽ ഉണ്ടെന്ന് അറിയിച്ചു. കൂാടതെ ഉദ്യോഗസ്ഥന്റെ ഫോണിൽ പാസ്പോർട്ടിൻ്റെ ഫോട്ടോയും കാണിച്ചു. ഇത് താത്കാലിക ആശ്വാസം നൽകിയെങ്കിലും പുറത്തിറങ്ങാൻ ഒറിജിനൽ പാസ്പോർട്ട് തന്നെ വേണമെന്നായി ഉദ്യോഗസ്ഥർ. ഇതോടെ പാസ്പോർട്ട് റിയാദിലെത്താതെ എയർപോർട്ടിൽനിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായി യുവതി.
.
അടുത്ത വിമാനത്തിൽ പാസ്പോർട്ട് എത്തിക്കാനുള്ള നടപടികളാരംഭിച്ചു. അതുവരെ യുവതി എയർപോർട്ടിൽ കഴിയണം. ഒറ്റക്ക് വിമാനത്താവളത്തിൽ കഴിയാൻ ബുദ്ധിമുട്ടായതിനാൽ കൂടെ വന്ന സഹോദരിയെ ഒപ്പം നിൽത്താൻ അനുവാദം ലഭിച്ചു. പിറ്റേദിവസം രാവിലെ 10മണിയോടെ എത്തുന്ന ഫ്ലൈനാസ് വിമാനത്തിൽ കരിപ്പൂരിൽനിന്ന് പാസ്പോർട്ട് കൊടുത്തുവിടാൻ ശ്രമം നടത്തി. എന്നാൽ ചില സാങ്കേതി പ്രശ്നം കാരണം അതിന് സാധിച്ചില്ല. പിന്നീട് തിങ്കഴാഴ്ച രാത്രി 11മണിക്കെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലാണ് പാസ്പോർട്ട് എത്തിയത്.
.
24 മണിക്കൂർ യുവതിയും സഹോദരിയും എയർപോർട്ടിൽ കഴിയേണ്ടി വന്നു. കുറഞ്ഞ സമയത്തെ അശ്രദ്ധ ഒരു ദിവസം മുഴുവൻ യാത്രക്കാരിയെ പ്രയാസത്തിലാക്കി. കരിപ്പൂർ എയർപോർട്ടിലെ എയർ ഇന്ത്യ കൗണ്ടറിൽ നിന്ന് ബോഡിങ് പാസ് വാങ്ങി എമിഗ്രേഷൻ നടപടി പൂർത്തിയാക്കി ദേഹ പരിശോധനക്ക് പോകും വരെയും പാസ്പോർട്ട് കൈയിലുണ്ടായിരുന്നു. ബോഡിങ് പാസ് പരിശോധിക്കുന്ന ഉദ്യോഗസ്ഥനിൽനിന്ന് പാസ്പോർട്ടുകൾ ഒന്നിച്ചു തിരിച്ചുവാങ്ങുന്നതിനിടെ നഷ്ടപ്പെട്ടതാകാനാണ് സാധ്യതയെന്ന് യുവതി പറഞ്ഞു.
.