‘ഇൻഡ്യ’യുടെ ശക്തിപ്രകടനമായി ഡൽഹി മഹാറാലി; രാംലീല മൈതാനിയിൽ ജനസാഗരം – വീഡിയോ

ന്യൂഡൽഹി: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഇൻഡ്യ മുന്നണിയുടെ ശക്തിപ്രകടനമായി ഡൽഹി രാംലീല മൈതാനിയിലെ റാലി. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, അഖിലേഷ് യാദവ്, ഉദ്ദവ് താക്കറെ, ഭഗവന്ത് മൻ, തേജസ്വി യാദവ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് റാലി പുരോഗമിക്കുന്നത്. വേദിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം ഭാര്യ സുനിത വായിച്ചു. മഹാറാലി പ്രതിപക്ഷനേതാക്കളുടെ സംഗമവേദിയായി മാറിയപ്പോൾ രാംലീല മൈതാനിയിലേക്കു ജനസാഗരമാണ് ഒഴുകിയെത്തിയത്.

 

 

 

 

 

രാജ്യത്തെയും ഭരണഘടനയും സംരക്ഷിക്കാൻ വേണ്ടിയുള്ള തെരഞ്ഞെടുപ്പാണു നടക്കാൻ പോകുന്നതെന്ന് പരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിൽ മാച്ച് ഫിക്‌സിങ് നടത്തുകയാണ്. മൂന്നോ നാലോ മുതലാളിമാരുടെ സഹായത്തോടെ മോദി തെരഞ്ഞെടുപ്പ് നിയന്ത്രിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

 

 

 

”തെരഞ്ഞെടുപ്പിനുമുൻപ് മ്മുടെ രണ്ടു നേതാക്കളെ അകത്താക്കി. ഇതെല്ലാം ചെയ്യുന്നത് മോദിയാണ്. ഇന്ത്യയിലെ മൂന്നോ നാലോ മുതലാളിമാരുടെ സഹായത്തോടെയാണ് എല്ലാം ചെയ്യുന്നത്. ജനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. രാജ്യത്ത് ജനാധിപത്യത്തെ നശിപ്പിക്കുന്നു. അന്വേഷണ ഏജൻസികളെ ഇതിനുവേണ്ടി ഉപയോഗിക്കുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാൻ വേണ്ടിയാണു പോരാട്ടം നടക്കുന്നത്. പാവപ്പെട്ടവരുടെയും കർഷകരുടെയും പണം ചിലരുടെ കൈകളിലേക്ക് മാത്രം പോകുന്നു. രാജ്യത്തെ പണം ഏതാനും മുതലളിമാരുടെ കൈയിലാണ്.”

 

 

 

 

 

ജാതി സെൻസസ്, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഇതാണ് വലിയ വിഷയങ്ങൾ. തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ മോദിയാണ് നിയമിക്കുന്നത്. പ്രതിപക്ഷം തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. താൻ ജയിലിലിരുന്ന് വോട്ടല്ല ചോദിക്കുന്നതെന്ന് കെജ്‌രിവാൾ സന്ദേശത്തിൽ പറഞ്ഞു. നമുക്ക് പുതിയൊരു ഭാരതം നിർമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നമ്മുടെ രാജ്യത്ത് എല്ലാമുണ്ട്. എന്നിട്ടും നമ്മൾ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഏറെ താഴെയാണ്. ഞാനിതിൽ വളരെ ദുഃഖിതനാണ്. നമുക്കൊരുമിച്ചു പുതിയൊരു ഭാരതം നിർമിക്കാം. എല്ലാവരും സമന്മാരാകുന്ന, ശത്രുതയില്ലാത്ത ഭാരതം നിർമിക്കാമെന്നും കെജ്‌രിവാൾ പറഞ്ഞു.

പ്രസംഗത്തിനിടെ കെജ്‌രിവാൾ രാജിവയ്ക്കണോ എന്ന് ജനക്കൂട്ടത്തിനുനേരെ ഭാര്യ സുനിത ചോദ്യമെറിഞ്ഞു. വേണ്ടെന്ന് ജനക്കൂട്ടത്തിന്റെ മറുപടിയും. കെജ്രിവാളിനെ മോദി ജയിലിൽ അടച്ചത് ശരിയാണോ എന്ന് വീണ്ടും ചോദ്യം. അല്ലെന്നു ജനക്കൂട്ടവും. കെജ്‌രിവാൾ സത്യസന്ധനും ദേശസ്‌നേഹിയുമല്ലേ എന്ന് സുനിത. അതേയെന്നു ശരിവച്ച് ജനസാഗരവും.

 

 

 

ഇ.ഡി അറസ്റ്റ് ചെയ്ത മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറനും ചടങ്ങിൽ സംസാരിച്ചു. ജനാധിപത്യം തകർക്കാനാണ് ഇപ്പോൾ രാജ്യത്ത് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. ഞങ്ങളുടെ ശക്തി നിങ്ങൾ ജനങ്ങളാണ്. എൻ.ഡി.എ സർക്കാർ അവകാശങ്ങളെ തകർക്കാൻ ശ്രമിക്കുന്നു. രാജ്യം മുഴുവൻ ബി.ജെ.പി വെറുപ്പ് പടർത്തുന്നു. വോട്ട് ചെയ്യുമ്പോൾ ആലോചിച്ചുവേണമെന്നും രാജ്യത്തെ രക്ഷിക്കണമെന്നും കൽപന ആവശ്യപ്പെട്ടു.

രാജ്യം ആരുടെയും തന്തയുടെ വകയല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. രാജ്യം 140 കോടി ജനങ്ങളുടേതാണ്. ജനാധിപത്യം അപകടത്തിലാണ്. രാജ്യത്ത് വെറുപ്പിന്റെ തീ ആളിക്കത്തുന്നു. ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടും. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാം. പക്ഷെ, അദ്ദേഹത്തിന്റെ ആശയങ്ങളെ ഒന്നും ചെയ്യാനാകില്ലെന്നും ബി.ജെ.പിയുടെ നുണ ഫാക്ടറിയാണ് ഇവിടെ പ്രവർത്തിക്കുന്നതെന്നും മൻ വിമർശിച്ചു.

 

 

400 കടക്കുമെന്ന് പറയുന്നവർ പ്രതിപക്ഷ നേതാക്കളെ ഭയക്കുകയാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ ജയിലിലിടുന്നു. ബി.ജെ.പി പറയുന്നത് ലോകത്തെ ഏറ്റവും വലിയ പാർട്ടി അവരാണെന്നാണ്. ലോകത്തെ ഏറ്റവും നുണ പറയുന്ന പാർട്ടിയാണ് ബി.ജെ.പി. ബി.ജെ.പി ഇന്ത്യയിൽനിന്ന് തുടച്ചുനീക്കപ്പെടാൻ പോകുകയാണെന്നും അഖിലേഷ് പറഞ്ഞു.

സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, തേജസ്വി യാദവ്, ചംപയ് സോറൻ, ശരദ് പവാർ, ഫാറൂഖ് അബ്ദുല്ല, ഉദ്ദവ് താക്കറെ, മെഹബൂബ മുഫ്തി, സീതാറാം യെച്ചൂരി, ഡെറിക് ഒബ്രിയൻ, പ്രിയങ്ക ഗാന്ധി, ബൃന്ദ കാരാട്ട്, ഡി. രാജ, തിരുച്ചി ശിവ തുടങ്ങിയ നേതാക്കളെല്ലാം ചടങ്ങിൽ സംസാരിച്ചു.

.

 

Share
error: Content is protected !!