‘മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചു, അന്വേഷണം അട്ടിമറിച്ചു, പ്രതികളെ സംരക്ഷിക്കുന്നു’; ക്ലിഫ് ഹൗസിനുമുന്നില്‍ സമരം ചെയ്യും-സിദ്ധാര്‍ഥൻ്റെ പിതാവ്‌

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം സിബിഐ അന്വേഷിക്കുന്നത് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് ആരോപണവുമായി പിതാവ് ജയപ്രകാശ്. ആഭ്യന്തര സെക്രട്ടറിയാണ് വീഴ്ച വരുത്തിയതെന്നും വീഴ്ചയിൽ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഹോസ്റ്റലിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വരാറുണ്ടായിരുന്നെന്ന് സിദ്ധാർഥൻ പറഞ്ഞിരുന്നതായും പിതാവ് അറിയിച്ചു. സിദ്ധാര്‍ഥന്റെ 41ദിവസ മരണാനന്തര ചടങ്ങിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രൂക്ഷ വിമര്‍ശനവുമായി കുടുംബം രംഗത്ത് വന്നത്.

 

പോലീസിന്റെ അന്വേഷണവും സിബിഐയ്ക്ക് കൈമാറേണ്ട പ്രധാന വിവരങ്ങളും സർക്കാർ അട്ടിമറിച്ചു. സിബിഐ അന്വേഷണം വൈകിപ്പിച്ചതിൽ മൂന്ന് പേരെ സസ്പെൻസ് ചെയ്തത് പ്രഹസനമാണ്. റാഗിങ് വിരുദ്ധ സമിതിയുടെ റിപ്പോർട്ടിൽ നടപടി ഉണ്ടായില്ലെന്നും കേസിലെ പ്രതിയായ അക്ഷയിയെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു പറ്റിച്ചെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍. ‘‘പൊലീസ് അന്വേഷണം എങ്ങും എത്തിയില്ല. എല്ലാ സമ്മർദ്ദത്തിലും അടിമപ്പെട്ട് അന്വേഷണം അട്ടിമറിക്കപ്പെട്ടു. രണ്ടാമത് മുഖ്യമന്ത്രി എന്ന നിലയിൽ സിബിഐ അന്വേഷണം ഇപ്പോ തരാം എന്നു പറഞ്ഞ് പറ്റിച്ചു. വീണ്ടും സിബിഐ അന്വേഷണത്തിനായുള്ള റിപ്പോർട്ട് ഡൽഹിക്ക് കൊടുക്കാനുള്ളത് കൊച്ചിക്ക് കൊടുത്തെന്നും പറഞ്ഞ് വീണ്ടും പറ്റിച്ചു. എന്നെ ഈ ആഭ്യന്തര മന്ത്രാലയം മുഴുവൻ പറ്റിച്ചു കൊണ്ടിരിക്കുകയാണ്.

 

എന്റെ മകനെ ചതിച്ചു കൊന്ന പെൺകുട്ടികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആന്റി റാഗിങ് സ്ക്വാഡ് പെൺകുട്ടികൾക്കെതിരെ ഉൾപ്പെടെ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. കോളജ് അധികൃതർ പറയുന്നത് പെൺകുട്ടികളല്ലേ വിട്ടുകളയാമെന്നാണ്. രാഷ്ട്രീയമായി സമ്മർദ്ദമുള്ളതുകൊണ്ടാണ് അവരെ അറസ്റ്റ് ചെയ്യാ‌ത്തത്. എം.എം.മണിയുടെ ചിറകിനടിയിൽ കിടക്കുന്ന അക്ഷയിയെ തുറന്നു വിട്. എന്തിനാണ് അവനെ എം.എം.മണി സംരക്ഷിക്കുന്നത്. അവനെ അറസ്റ്റ് ചെയ്യട്ടേ. എസ്എഫ്ഐ നേതാവ് അർഷോ നിരന്തരം കോളേജിൽ എത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം വേണം. അർഷോയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണ ഇതെല്ലാം ഉന്നയിച്ച് ഉറപ്പായും ക്ലിഫ് ഹൗസിൽ പോകും.  നടപടി ഉണ്ടായില്ലെങ്കിൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം ചെയ്യും. ഭാര്യയുടെ ആരോഗ്യസ്ഥിതി മെച്ചമാകുന്ന മുറയ്ക്ക് നടപടി ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിക്കും. സിബിഐ അന്വേഷണം വൈകുന്നു എന്നതിനല്ല സമരം ചെയ്യുന്നത്, മറിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന് എതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

സിബിഐ അന്വേഷണം അട്ടിമറിക്കാനായി തട്ടിക്കൂട്ടിയ ഒരു പേപ്പർ ഡൽഹിയിൽ കൊണ്ടുപോയെന്നു പറയുന്നു. ഞാൻ 20 ദിവസമായി കയറി ഇറങ്ങി നടന്നിട്ടും കിട്ടാത്ത ഒരു പേപ്പർ രണ്ടു മൂന്നൂ മണിക്കൂറു കൊണ്ട് കിട്ടിയെന്ന്. അതു കഴിഞ്ഞപ്പോൾ ഒരു പ്രഹസനം. പെട്ടെന്നൊരു ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം, മൂന്നു പേരുടെ സസ്പെൻഷൻ. ഇങ്ങനെ കണ്ണിൽ പൊടിയിട്ടിട്ട് ചുമ്മാതിരിക്കാമെന്ന് കരുതിയോ. അങ്ങനെ നടപടിയെടുക്കുന്നുണ്ടെങ്കിൽ അത് ആദ്യം മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ വേണം. ഇത്രയും സെൻസേഷനലായ കേസിന്റെ പേപ്പർ എന്തുകൊണ്ട് അയച്ചില്ല എന്ന് അവരല്ലെ ചോദിക്കേണ്ടത്. ചീഫ് സെക്രട്ടറിയോ അഡീഷനൽ ചീഫ് സെക്രട്ടറിയോ ആരോണോ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നത് അവരോടല്ലേ ചോദിക്കേണ്ടത്. അവരല്ലെ കുറ്റക്കാർ. അവര് കുറ്റക്കാരാകുമ്പോ ആഭ്യന്തര മന്ത്രിയല്ലേ കുറ്റക്കാരൻ. അവർക്കറിയില്ലേ ഇതിൽ ശക്തമായി ഇടപെടണമെന്ന്.

എനിക്ക് ആരോടും ചോദ്യം ഉന്നയിക്കാൻ ഒരു മടിയുമില്ല. ക്ലിഫ് ഹൗസിനു മുന്നിൽ സമരം ചെയ്യുന്നു. കേസിൽ ഉൾപ്പെട്ട പെൺകുട്ടികൾ, അക്ഷയ് എന്നിവരെ അറസ്റ്റ് ചെയ്യാതിരിക്കുകയും ഡീനിനെതിരെ നടപടി എടുക്കുകയും ചെയ്യാതിരുന്നാൽ ഉറപ്പായും ഞാൻ സമരം തുടങ്ങും. ആർഷോ ചേട്ടൻ അവിടെ വന്നിട്ടുണ്ടെന്ന് എന്റെ മകൻ പറഞ്ഞിട്ടുണ്ട്. എട്ടു മാസം എന്റെ മകനെ ഉപദ്രവിക്കുമ്പോൾ ഈ ആർഷോ ചേട്ടൻ അത് കണ്ട് രസിക്കുവായിരുന്നില്ലേ. മാവോയിസ്റ്റുകൾക്ക് കിട്ടിയ അതേ ട്രെനിങ്ങാണ് അവർക്കും കിട്ടിയത്. ഒരു ശരീരം മുറിവില്ലാതെ എങ്ങനെ ചതച്ച് ഇല്ലാതാക്കാം എന്നുള്ള ട്രെയിനിങ്ങാ ഈ എസ്എഫ്ഐക്കാർക്കും കിട്ടിയത്. അവരിതിന് ഉത്തരം പറഞ്ഞേ പറ്റൂ. ആഭ്യന്തര മന്ത്രാലയം ഉത്തരം പറയണം. അല്ലെങ്കിൽ ഞാൻ പ്രതിഷേധവുമായി ഇറങ്ങും’’– ജയപ്രകാശ് പറഞ്ഞു.

 

സിദ്ധാർഥന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ ഗുരുതരവീഴ്ച മൂലമാണ്. സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള വിജ്ഞാപനം ഈ മാസം 9ന് സർക്കാർ പുറപ്പെടുവിച്ചു. 16ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സിബിഐക്കു കത്തു നൽകി. കത്ത് അയയ്ക്കേണ്ടിയിരുന്നത് കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിനായിരുന്നു. എന്നാൽ, നടപടിയുമായി ഒരുവിധ ബന്ധവുമില്ലാത്ത കൊച്ചി സിബിഐ ഓഫിസിനാണു കത്തു പോയത്. തെറ്റി അയച്ച കത്തിനൊപ്പമാകട്ടെ, നടപടിക്രമം അനുസരിച്ചുള്ള പ്രൊഫോമ റിപ്പോർട്ട് നൽകിയില്ല.

 

ബി.വി.എസ്.സി. രണ്ടാംവർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളേജിൽവെച്ച് സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.

 

.

Share
error: Content is protected !!