1823 കോടിരൂപ പിഴ; ശനിയാഴ്ച മുതല്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്, ബിജെപി ഭരണം അവസാനിച്ചാലുടൻ തിരിച്ചടിക്കുമെന്ന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി:ബി.ജെ.പി. ജനാധിപത്യത്തെ തകര്‍ക്കുന്നു എന്ന് ആരോപിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺ​ഗ്രസ്. എല്ലാ പി.സി.സി. അധ്യക്ഷന്മാര്‍ക്കും സി.എല്‍.പി.നേതാക്കള്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചുമതലക്കാര്‍ക്കും പോഷക സംഘടന ഭാരവാഹികള്‍ക്കും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇതുസംബന്ധിച്ച സര്‍ക്കുലറയച്ചു. ശനിയാഴ്ച സംസ്ഥാന-ജില്ലാ ആസ്ഥാനങ്ങളില്‍ വന്‍ റാലികളും ഞായറാഴ്ച എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളും മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്ന പ്രകടനവും നടത്തും. പ്രക്ഷോഭം തുടരാനും നിര്‍ദേശമുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനു പിന്നാലെ ആദായ നികുതി റിട്ടേണുകളിലെ ക്രമക്കേടിന്റെ പേരില്‍ 1823.08 കോടി കൂടി ഉടന്‍ അടക്കണമെന്നാവശ്യപ്പെട്ട് ഐ.ടി. വകുപ്പ് കോണ്‍ഗ്രസ്സിന് വ്യാഴാഴ്ച നോട്ടീസ് അയച്ചിരുന്നു. 2018-19 കാലത്തെ ആദായ നികുതി റിട്ടേണ്‍ താമസിച്ചതിന്റെയടക്കം പേരില്‍ 103 കോടി പിഴയും പലിശയും അടക്കം 135 കോടി നേരത്തെ ഐ.ടി. വകുപ്പ് കോണ്‍ഗ്രസ്സില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ഇതിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നതിനിടയിലാണ് 1823 കോടി കൂടി അടക്കാന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസ്സിന്റെ മിക്ക സ്ഥാനാര്‍ഥികളും പ്രചാരണത്തിന് പണമില്ലെന്ന് ആവശ്യപ്പെടുന്നതിന് ഇടയിലാണ് പുതിയ സംഭവം.

പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും കോണ്‍ഗ്രസ്സിന്റെ അക്കൗണ്ട് മരവിപ്പിക്കലുമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയും അമേരിക്കയും അടക്കം ആശങ്ക ഉന്നയിക്കുന്നതിനിടയിലാണ് ഐ.ടി. വകുപ്പിന്റെ പുതിയ നോട്ടീസിന്റെ വിവരവും വരുന്നത്.

സിബിഐയും ഇഡിയും അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞാനുസരണം പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു. ഭരണം മാറിയാല്‍ ഈ ഏജന്‍സികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

കേന്ദ്ര ഏജന്‍സികള്‍ അവരുടെ ജോലി കൃത്യമായി ചെയ്താല്‍ യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ഒരു ദിവസം ഭരണം മാറുമെന്ന കാര്യം ഈ ഏജന്‍സികള്‍ ഓര്‍ക്കണം. ആ ഘട്ടത്തില്‍ ഇവയ്‌ക്കെതിരെ നടപടിയുണ്ടാകും. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാന്‍ ഒരു ഏജന്‍സിയും മുതിരാത്ത തരത്തിലുള്ള കര്‍ശന നടപടിയാകും ഉണ്ടാകുകയെന്നും ഇത് തന്റെ ഗ്യാരന്റിയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. മുതിര്‍ന്ന നേതാവ് ജയറാം രമേശും ട്രഷറര്‍ അജയ് മാക്കനും അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

‘ജനാധിപത്യത്തെ അട്ടിമറിക്കാനും ഭരണഘടനയെ ഇകഴ്ത്താനും ആദായനികുതി വകുപ്പ്, ഇഡി, സിബിഐ തുടങ്ങിയ സ്ഥാപനങ്ങളെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം ദുരുപയോഗം ചെയ്യുന്നു. പ്രധാന പ്രതിപക്ഷത്തെ ദ്രോഹിക്കാനുള്ള ആയുധമായി ഐടി വകുപ്പിനെ ഉപയോഗിക്കുകയാണ്. ഇത്തരം നടപടികള്‍ കോണ്‍ഗ്രസിനെ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കില്ല. തന്റെ പാര്‍ട്ടി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപിയില്‍ നിന്ന് മോചിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തിട്ടുണ്ട്’കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

 

 

 

 

Share
error: Content is protected !!