‘ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാൻ ഗൂഡാലോചന നടക്കുന്നു’; ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി അഭിഭാഷകരുടെ കത്ത്
ഹരീഷ് സാൽവേ ഉൾപ്പെടെ 600 അഭിഭാഷകരാണ് ചീഫ് ജസ്റ്റിസിന് കത്ത് എഴുതിയത്
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ കടുത്ത സമ്മർദത്തിലാക്കാൻ വ്യാപക ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് അഭിഭാഷകർ കത്തുനൽകി. കോടതികളുടെ ഐക്യത്തിനും വിശ്വാസ്യതയ്ക്കും അന്തസിനും നേർക്കു കടന്നാക്രമണം നടക്കുകയാണെന്നാണു കത്തിൽ നൽകുന്ന മുന്നറിയിപ്പ്.
.
രാഷ്ട്രീയ താൽപര്യം മുൻനിർത്തി ഒരു വിഭാഗം നീതിന്യായ വ്യവസ്ഥയുടെ അന്തസു കെടുത്താൻ ശ്രമിക്കുകയാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. ഇക്കൂട്ടത്തിൽ ചില അഭിഭാഷകരും ഉൾപ്പെട്ടിട്ടുണ്ടെന്നു മുന്നറിയിപ്പു നൽകുന്ന കത്തിൽ തങ്ങൾ ആരെയാണു ഉദ്ദേശിക്കുന്നതെന്നു കൃത്യമായി വ്യക്തമാക്കിയിട്ടില്ല.
നിക്ഷിപ്ത താൽപര്യക്കാർ നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന മുന്നറിയിപ്പാണു കത്തിന്റെ ഉള്ളടക്കം. ‘ജൂഡീഷ്യറി ഭീഷണിയിൽ – രാഷ്ട്രീയ, ഔദ്യോഗിക സമ്മർദങ്ങളിൽ നിന്നു ജുഡീഷ്യറിയെ രക്ഷിക്കുക’ എന്ന പേരിലാണ് അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ അഭിസംബോധന ചെയ്തു കത്തുനൽകിയിരിക്കുന്നത്. രാഷ്ട്രീയ താൽപര്യം മുൻനിർത്തിയും കോടതികൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കോടതി നടപടിക്രമങ്ങളെ അട്ടിമറിക്കാനും തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനും ഒരുവിഭാഗം ശ്രമിക്കുന്നു എന്നാണു കത്തിലെ പ്രധാന ആരോപണം.
.
രാഷ്ട്രീയക്കാർ ഉൾപ്പെട്ട അഴിമതിക്കേസുകളിലാണ് ഇത്തരത്തിൽ സമ്മർദവും സ്വാധീനവുമുണ്ടാകുന്നത്. കോടതിയുടെ അന്തസ് കെടുത്തുന്ന തരത്തിൽ ആസൂത്രിത പ്രചാരണങ്ങൾ നടത്തുന്നു. സമകാലീന കോടതി നടപടികളിൽ ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയിൽ ഒരടിസ്ഥാനവുമില്ലാതെ ‘പണ്ടൊരു സുവർണ കാലമുണ്ടായിരുന്നു’ എന്ന തരത്തിലുള്ള പ്രചാരണങ്ങളാണു നടത്തുന്നത്.
കോടതികൾക്കു മെച്ചപ്പെട്ട ഒരു ഭൂതകാലമുണ്ടായിരുന്നു, സുവർണ കാലം കഴിഞ്ഞുപോയി തുടങ്ങിയ ആസൂത്രിത പ്രചാരണങ്ങൾ കോടതികളുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കും. രാഷ്ട്രീയ നേട്ടങ്ങൾ മുൻനിർത്തി ആസൂത്രിതമായി നടത്തുന്ന പ്രചാരണങ്ങളാണിത്. ചില കേസുകൾ പ്രത്യേക ജഡ്ജിമാരുടെ ബെഞ്ചിനു മുന്നിൽ എത്തിക്കാനുള്ള ‘ബെഞ്ച് ഫിക്സിങ്’ നടക്കുന്നു എന്ന ആരോപണങ്ങളും ഉന്നയിക്കുന്നു. ഇതു കോടതിയെ നിന്ദിക്കുന്നതിനു തുല്യമാണ്. കോടതികളുടെ അന്തസിനും ബഹുമാനത്തിനും നേർക്കുള്ള കടന്നാക്രമണവുമാണെന്നും കത്തിൽ പറയുന്നു.
.
ചില അഭിഭാഷകർ പകൽ രാഷ്ട്രീയക്കാർക്കു വേണ്ടി നിലകൊള്ളുകയും രാത്രി മാധ്യമങ്ങളിലുടെ ന്യായാധിപൻമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. നിയമ വാഴ്ച തന്നെയില്ലാത്ത ചില രാജ്യങ്ങിലേതു പോലുള്ള നിലവാരത്തിലേക്കു പോലും ചിലർ താഴ്ന്നു പ്രവർത്തിക്കുന്നു എന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങൾ ഉള്ളവർ സെലക്ടീവ് വിമർശനമാണു നടത്തുന്നത്. തങ്ങൾക്ക് അനുകൂലമായ വിധികൾ വരുമ്പോൾ പ്രശംസിക്കുകയും മറിച്ചാകുമ്പോൾ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മന്നൻ കുമാർ മിശ്ര, ആദിഷ് അഗർവാൾ, ചേതൻ മിത്തൽ, പിങ്കി ആനന്ദ്, സ്വരൂപമ ചതുർവേഥി, ഹിതേഷ് ജയ്ൻ, ഉജ്വല പവാർ എന്നിവർ ഉൾപ്പെടെ അറുന്നൂറിലേറെ അഭിഭാഷകരാണു കത്തെഴുതിയിരിക്കുന്നത്.