മദ്യനയക്കേസ്: പണം എവിടെ?, കെജ്‌രിവാള്‍ വ്യാഴാഴ്ച സുപ്രധാന വെളിപ്പെടുത്തല്‍ നടത്തുമെന്ന് ഭാര്യ സുനിത; തിഹാർ ജയിലിൽ തയ്യാറെടുപ്പുകൾ തുടങ്ങി
ഡൽഹി മദ്യനയക്കേസിലെ വസ്തുതകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യാഴാഴ്ച കോടതിയില്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത കെജ്‌രിവാള്‍. കോഴയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. അന്വേഷണത്തില്‍ പണമൊന്നും ഇ.ഡി. കണ്ടെത്തിയിട്ടില്ലെന്നും സുനിത വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
രണ്ട് ദിവസം മുമ്പ് ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് മന്ത്രി അതിഷി മര്‍ലേനയ്ക്ക് കെജ്‌രിവാള്‍ കൈമാറിയിരുന്നു. ഇക്കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. ഡൽഹിയെ നശിപ്പിക്കാനാണോ അവരുടെ ഉദ്ദേശ്യം. ജനങ്ങൾ ദുരിതമനുഭവിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടോ. ഇക്കാര്യത്തിൽ കെജ്‌രിവാൾ വളരെ വേദനിക്കുന്നു – സുനിത പറഞ്ഞു.
മദ്യനയ അഴിമതിയെന്ന് വിളിക്കപ്പെടുന്ന കേസിൽ ഇ.ഡി. 250-ലധികം റെയ്ഡുകൾ നടത്തി. ഈ പണം അവർ ഇതുവരെ അധികൃതർ കണ്ടെത്തിയിട്ടില്ല. മാർച്ച് 28-ന് കോടതിയിൽ അദ്ദേഹം എല്ലാം വെളിപ്പെടുത്തും. മദ്യനയ അഴിമതിയുടെ പണം എവിടെയാണെന്നും അതിനാവശ്യമായ തെളിവുകൾ അദ്ദേഹം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21-ന് രാത്രി അറസ്റ്റിലായ കെജ്‌രിവാളിനെ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്‌രിവാളിനെ കസ്റ്റഡിയിൽ വിട്ടത്.
അതേ സമയം അരവിന്ദ് കെജ്‌രിവാളിനെ പാർപ്പിക്കാനായി ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലിൽ തയ്യാറെടുപ്പുകൾ തുടങ്ങി. കെജ്‌രിവാളിനെ തിഹാറിലെ 5-ാം നമ്പർ ജയിലിൽ പാർപ്പിക്കാനാണ് സാധ്യത. കൊടുംകുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളിൽ നിന്ന് അകലെയാകും അദ്ദേഹത്തെ പാർപ്പിക്കുക.
ഇ.ഡി. കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാളിനെ നിലവിൽ പാർപ്പിച്ചിരിക്കുന്നത് എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്തെ ലോക്കപ്പ് സെല്ലിലാണ്. രണ്ട് ലോക്കപ്പ് സെല്ലുകളിൽ ഒന്നാമത്തെ സെല്ലിലാണ് നിലവിൽ അദ്ദേഹമുള്ളത്. മാർച്ച് 28 ന് കസ്റ്റഡി കാലാവധി കഴിയുന്ന അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇ.ഡി. കസ്റ്റഡിയിൽ ആവശ്യപ്പെടാനുള്ള സാധ്യത കുറവായതിനാലാണ് തിഹാർ ജയിലിൽ ഒരുക്കങ്ങൾ ആരംഭിച്ചത്.
Z പ്ലസ് സുരക്ഷ ഉള്ള രാഷ്ട്രീയ നേതാവാണ് കെജ്‌രിവാൾ. മുഖ്യമന്ത്രി പദവി രാജി വച്ചിട്ടില്ലാത്തതിനാൽ അതീവ സുരക്ഷയ്ക്ക് അർഹനാണ്. അതിനാൽ തിഹാറിലെ അതീവ സുരക്ഷ ജയിലുകളിലൊന്നിലാകും പാർപ്പിക്കുക. അഞ്ചാം നമ്പർ ജയിലിലെ ചില സെല്ലുകൾ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. ഇവിടെ വൃത്തിയാക്കൽ ഉൾപ്പടെയുള്ള ജോലികൾ പുരോഗമിക്കുകയാണ്. എന്നാൽ ഇത് എന്തിനുവേണ്ടിയാണെന്ന് ജയിൽ അധികൃതർ വ്യക്തമാക്കിയിട്ടില്ല. കെജ്‌രിവാളിന് വേണ്ടിയാണ് ഈ തയ്യാറെടുപ്പുകളെന്നാണ് അഭ്യൂഹം.
അദ്ദേഹത്തെ തിഹാറിലെ 1, 3, 7 ജയിലുകളിൽ പാർപ്പിക്കുന്ന കാര്യവും പരിഗണനയിലാണെന്നാണ് സൂചന. മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടിയുടെ മറ്റ് ചില നേതാക്കളെ പാർപ്പിച്ചിരിക്കുന്നത് ഈ ജയിലുകളിൽ ആണ്. ഡൽഹിയിലെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ പാർപ്പിച്ചിരിക്കുന്നത് ഒന്നാം നമ്പർ ജയിലിലെ സെല്ലിലാണ്. രാജ്യസഭാ അംഗം സഞ്ജയ് സിങ് കഴിയുന്നത് രണ്ടാം നമ്പർ ജയിലിലാണ്. മുൻ മന്ത്രി സത്യേന്ദ്ര ജയിൻ ഏഴാം നമ്പർ ജയിലിലാണ്.
സാധാരണ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികൾക്ക് മറ്റ് പ്രതികൾക്കൊപ്പം സെൽ പങ്കിടേണ്ടി വരും. എന്നാൽ ആം ആദ്മി പാർട്ടി നേതാക്കളെ ഒറ്റയ്ക്കാണ് പാർപ്പിച്ചിരിക്കുന്നത്. കെജ്‌രിവാളിന്റെ തിഹാർ ജീവിതവും ഒറ്റയ്ക്കാകും. ജയിലിൽ വച്ച് കേസിലെ മറ്റ് പ്രതികളെ കാണാനോ, സംസാരിക്കാനോ ഉള്ള അവസരം ലഭിക്കില്ല. ഒരേ ജയിലിൽ ആണ് പാർപ്പിക്കുന്നതെങ്കിലും, വ്യത്യസ്ത സെല്ലുകളിൽ ആകും പാർപ്പിക്കുക.