കൃത്യമായ മുന്നറിയിപ്പ് നിരവധി ജീവനുകള്‍ രക്ഷിച്ചു; കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് ബൈഡന്‍

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കൃത്യമായി ‘മെയ് ഡേ’ മുന്നറിയിപ്പ് നല്‍കിയതിനാണ് ബൈഡന്‍ ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ചത്. മുന്നറിയിപ്പ് ലഭിച്ചതുകാരണം നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

.

മലയാളിയുടേതാണ് ചരക്കുകപ്പലിന്റെ മാനേജിങ് കമ്പനി. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് ആണു കപ്പലിന്റെ മാനേജിങ് കമ്പനി. സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ ‘ഡാലി’യിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇവരെല്ലാം സുരക്ഷിതരാണെന്നു കമ്പനി അറിയിച്ചു. ലോക പ്രശസ്ത സ്പാനിഷ് ചിത്രകാരൻ സാൽവദോർ ഡാലിയുടെ പേരാണു കപ്പലിന്.

.

‘കപ്പലിന്റെ നിയന്ത്രണം നഷ്ടമായി എന്ന് തിരിച്ചറിഞ്ഞ ഉടന്‍ വിവരം മെറിലാന്‍ഡ് ഗതാഗത വകുപ്പിനെ അറിയിക്കാന്‍ കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് കഴിഞ്ഞു. അതിന്റെ ഫലമായി കപ്പലിടിക്കുന്നതിന് മുമ്പായി പാലം അടയ്ക്കാനും ഗതാഗതം നിര്‍ത്തിവയ്ക്കാനും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു. ഇത് നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സഹായിച്ചുവെന്ന കാര്യത്തില്‍ സംശയമില്ല.’ -ജോ ബൈഡന്‍ പറഞ്ഞു.

.

മെറിലാന്‍ഡ് സംസ്ഥാനത്തിന്റെ ഗവര്‍ണറും ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് രംഗത്തെത്തി. കപ്പലിലെ ജീവനക്കാര്‍ കൃത്യസമയത്ത് ‘മെയ് ഡേ’ മുന്നറിയിപ്പ് നല്‍കിയതിനാല്‍ പാലത്തിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിക്കാന്‍ കഴിഞ്ഞുവെന്നും കപ്പലിലെ ജീവനക്കാര്‍ നായകന്മാരാണെന്നുമാണ് മെറിലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍ പറഞ്ഞത്.

.
യു.എസ്സിലെ ബാൾട്ടിമോറിൽ പാലത്തിലിച്ച കപ്പൽ. ഇൻസൈറ്റിൽ യു.എസ്. പ്രസിഡന്റ് ജോ ബൈഡനും മെറിലാൻഡ് ഗവർണർ വെസ് മൂറും
.

‘അപകടത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എങ്കിലും കപ്പലിലുണ്ടായിരുന്ന ജീവനക്കാരോട് നന്ദി പറയാതിരിക്കാന്‍ എനിക്ക് കഴിയില്ല. അവിടെയൊരു ‘മെയ് ഡേ’ സാഹചര്യം ഉണ്ടെന്ന മുന്നറിയിപ്പ് കപ്പലില്‍ നിന്ന് ലഭിച്ച ഉടന്‍ ഞങ്ങള്‍ക്ക് പാലത്തിലേക്ക് കാറുകള്‍ പ്രവേശിക്കുന്നത് തടയാന്‍ സാധിച്ചു. ഇവര്‍ ‘ഹീറോകള്‍’ (നായകന്മാര്‍) ആണ്. കഴിഞ്ഞ രാത്രി അവര്‍ സംരക്ഷിച്ചത് നിരവധി ജീവനുകളാണ്.’ -വെസ് മൂര്‍ പറഞ്ഞു.

.

റേഡിയോ മുഖാന്തിരമുള്ള ആശയവിനിമയങ്ങളില്‍ അടിയന്തര സാഹചര്യങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന പ്രത്യേക വാക്കാണ് ‘മെയ് ഡേ’. ജീവന് ഭീഷണിയുള്ളത്ര ഗൗരവതരമായ സാഹചര്യങ്ങളിലാണ് ‘മെയ് ഡേ’ സന്ദേശങ്ങള്‍ നല്‍കുന്നത്. വിമാനങ്ങളിലെ പൈലറ്റുമാരും കപ്പലുകളിലെ ക്യാപ്റ്റന്മാരുമാണ് പൊതുവേ ‘മെയ് ഡേ’ സന്ദേശം നല്‍കാറ്. ഈ വാക്കിന് ലോക തൊഴിലാളിദിനമായ മെയ് ദിനവുമായി ബന്ധമില്ല. സഹായിക്കുക എന്നര്‍ഥമുള്ള ഫ്രഞ്ച് വാക്കില്‍ നിന്നാണ് ‘മെയ് ഡേ’ ഉണ്ടായത്.

.

പാലം പുനർനിർമിക്കാനുള്ള മുഴുവൻ ചെലവും ഫെഡറൽ സർക്കാർ വഹിക്കുമെന്നും ജോ ബൈഡൻ അറിയിച്ചു. പാലം തകരാൻ ഉത്തരവാദികൾ കപ്പലും അതിന്റെ ഉടമസ്ഥരുമാണെന്നിരിക്കെ സർ‌ക്കാർ എന്തിനാണ് ചെലവ് വഹിക്കുന്നതെന്ന ചോദ്യത്തിന്, ‘‘അതായിരിക്കാം, പക്ഷേ അതിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നില്ല. ഞങ്ങൾ പണം മുടക്കി പാലം പുനർനിർമിക്കുകയും ജനങ്ങൾക്ക് തുറന്നുകൊടുക്കുകയും ചെയ്യും.’’– പ്രസിഡന്റ് വ്യക്തമാക്കി.

.

ചൊവ്വാഴ്ച അർധരാത്രിക്കുശേഷമുണ്ടായ അപകടത്തിൽ 2.57 കിലോമീറ്റർ നീളമുള്ള ഫ്രാൻസിസ് സ്കോട് കീ ബ്രിജാണു തകർന്നത്. ഈ സമയം പാലത്തിലുണ്ടായിരുന്ന ഒട്ടേറെ വാഹനങ്ങൾ പുഴയിൽ വീണു. പാലത്തിൽ കുഴികൾ അടയ്ക്കുന്ന ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട 6 പേർ. ഇവരുടെ മരണം സ്ഥിരീകരിച്ചു. മുങ്ങൽവിദഗ്ധർ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ പുഴയിൽ തിരച്ചിൽ നടത്തി 2 പേരെ രക്ഷിച്ചു. തുറമുഖം വിട്ട് അരമണിക്കൂറിനകമാണു കപ്പൽ നിയന്ത്രണം വിട്ട് പാലത്തിൽ ഇടിച്ചത്. ഇരുട്ടിൽ പാലം തകർന്നുവീഴുന്ന വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പാലത്തിലുള്ള ഒട്ടേറെ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് വെളിച്ചം വിഡിയോയിൽ കാണാം.

 

 

Share
error: Content is protected !!