കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം ഡിക്കിയിലാക്കി പാടത്ത് തള്ളി; സ്വർണ വ്യാപാരിയും കുടുംബവും അറസ്റ്റിൽ
തൃശ്ശൂര്‍: കുറ്റുമുക്ക് പാടത്ത് പാലക്കാട് സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തൃശ്ശൂരിലെ സ്വർണവ്യാപാരിയും കുടുംബവും അറസ്റ്റില്‍. തൃശ്ശൂര്‍ ഇക്കണ്ടവാരിയര്‍ റോഡില്‍ താമസിക്കുന്ന ആഭരണവ്യാപാരി ദിലീപ് കുമാര്‍, ഭാര്യ ചിത്ര, മകന്‍ വിശാല്‍ എന്നിവരെയാണ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇവരുടെ വാഹനം കയറിയാണ് പാലക്കാട് സ്വദേശിയുടെ മരണം സംഭവിച്ചതെന്നും തുടര്‍ന്ന് സംഭവം മറച്ചുവെക്കാനായി പ്രതികള്‍ മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി രവിയെ കുറ്റുമുക്ക് പാടശേഖരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. വയറിന് പരിക്കേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുവന്നനിലയിലായിരുന്നു മൃതദേഹം. എന്നാല്‍ മരിച്ചയാള്‍ ആരാണെന്ന് ആദ്യം തിരിച്ചറിയാനായിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് കൊല്ലങ്കോട് സ്വദേശി രവിയാണെന്ന് സ്ഥിരീകരിച്ചത്.
വയറിന് മാരകമായി പരിക്കേറ്റതിനാല്‍ സംഭവം കൊലപാതകമാണോ എന്നതടക്കം പോലീസ് സംശയിച്ചിരുന്നു. എന്നാല്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വാഹനം കയറിയിറങ്ങിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. ഇതോടെ സംഭവസ്ഥലത്തുകൂടെ കടന്നുപോയ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് ആഭരണവ്യാപാരിയും കുടുംബവും പിടിയിലായത്.
ആഭരണവ്യാപാരിയായ ദിലീപ്കുമാറും കുടുംബവും തൃശ്ശൂര്‍ നഗരത്തിലെ ഇക്കണ്ടവാരിയര്‍ റോഡിലാണ് താമസം. ശനിയാഴ്ച രാത്രി ഇവരുടെ വീടിന്റെ ഗേറ്റിന് മുന്നില്‍ രവി മദ്യപിച്ച് അവശനായി കിടന്നിരുന്നു. വീട്ടില്‍നിന്ന് പുറത്തുപോയിരുന്ന കുടുംബം രാത്രി തിരികെ എത്തിയപ്പോള്‍ ഗേറ്റിനോട് ചേര്‍ന്ന് കിടന്നിരുന്ന ഇയാളെ കണ്ടിരുന്നില്ല. രവിയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയും ഇയാള്‍ തല്‍ക്ഷണം മരിക്കുകയുമായിരുന്നു. രവി മരിച്ചെന്ന് ഉറപ്പായതോടെ ആരെയും അറിയിക്കാതെ സംഭവം മറച്ചുവെയ്ക്കാനായിരുന്നു കുടുംബത്തിന്റെ ശ്രമം. തുടര്‍ന്ന് രവിയുടെ മൃതദേഹം ഇതേ കാറിന്റെ ഡിക്കിയിലാക്കുകയും കുറ്റുമുക്ക് പാടത്തെത്തി ഉപേക്ഷിക്കുകയുമായിരുന്നു.
പെട്ടെന്ന് എന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തെ തുടർന്ന് മൃതദേഹം മാറ്റുകയായിരുന്നുവെന്നു വിശാൽ പൊലീസിൽ മൊഴി നൽകി. കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തത്. തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിനു വിശാലിനെ റിമാൻഡ് ചെയ്തു. കുറ്റകൃത്യത്തിനു കൂട്ടുനിന്ന കുറ്റത്തിനു കസ്റ്റഡിയിലെടുത്ത വിശാലിന്റെ അച്ഛനെയും ഭാര്യയെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
.