ഗസ്സ വെടിനിർത്തൽ പ്രമേയം യു.എൻ രക്ഷാ സമിതി പാസാക്കി; അംഗീകരിക്കില്ലെന്നും യുദ്ധം കൂടുതൽ വ്യാപിപ്പിക്കുമെന്നും ഇസ്രായേൽ
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയെങ്കിലും യുദ്ധം തുടരാനുള്ള തീരുമാനത്തിലാണ് ഇസ്രായേൽ. പ്രമേയം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ സെക്രട്ട്രറി ജനറലും ലോക രാജ്യങ്ങളും മുന്നോട്ട് വന്നു.
യു.എൻ രക്ഷാ കൗൺസിലിലെ 14 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അമേരിക്ക വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. രക്ഷാകൗൺസിലിലെ താൽക്കാലിക അംഗങ്ങളാണ് പ്രമേയം അവതരിപ്പിച്ചത്. വിശുദ്ധമാസമായ റമദാനിൽ വെടിനിർത്താനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും അടിയന്തരമായി നിരുപാധികം വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
.
പ്രമേയ വോട്ടെടുപ്പിൽ നിന്ന് അമേരിക്ക വിട്ടുനിന്നതിൽ പ്രതിഷേധിച്ച് ഇസ്രായേൽ സംഘത്തിൻ്റെ അമേരിക്കൻ സന്ദർശനം റദ്ധാക്കി. പ്രമേയത്തിന് വഴങ്ങേണ്ടതില്ല എന്ന നിലപാടിലാണ് ഇസ്രായേൽ നേതൃത്വം. മാത്രവുമല്ല യുദ്ധം ഗസ്സയിലാകെ വ്യാപിപ്പിക്കുമെന്നും ചില ഇസ്രയേൽ മന്ത്രിമാർ പറഞ്ഞു. ആറ് മാസത്തോളമായി തുടർന്ന് വരുന്ന യുദ്ധത്തിൽ ഇസ്രായേലിനെ സൈനികമായു സാമ്പത്തികമായും പിന്തുണച്ചിരുന്ന അമേരിക്കയുടെ നിലപാട് ഇസ്രായേലിനെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഗസ്സയിൽ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പരസ്യമായ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.
.
നേരത്തെ നിരവധി തവണ വെടിനിർത്തൽ പ്രമേയം അംഗരാജ്യങ്ങൾ കൊണ്ടുവന്നപ്പോൾ യു.എസ് വീറ്റോ ചെയ്യുകയായിരുന്നു. ഇസ്രായേലിന് അനുകൂലമായി യു.എസ് കൊണ്ടുവന്ന പ്രമേയങ്ങൾ റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. ഇതാദ്യമായാണ് സുരക്ഷാ കൗൺസിലിൽ വെടിനിർത്തൽ പ്രമേയം പാസാകുന്നത്.
.
10 അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ പ്രമേയം മൊസാംബിക്കിന്റെ പ്രതിനിധിയാണ് നിർദേശിച്ചത്. അതിനിടെ, പ്രമേയം വീറ്റോ ചെയ്തില്ലെങ്കിൽ യു.എസിലെ നയതന്ത്ര പ്രതിനിധകളെ തിരിച്ചുവിളിക്കുമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇസ്രായേൽ ഭീഷണിക്ക് മുന്നിൽ കീഴടങ്ങാതെ അമേരിക്ക വീറ്റോ ചെയ്യാൻ തയ്യാറായില്ല. അതേ സമയം വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തു. ഇതോടെയാണ് വെടനിർത്തൽ പ്രമേയം പാസായത്. എന്നാൽ വെടിനിർത്തൽ പ്രമേയം അംഗീകരിക്കില്ലെന്നായിരുന്നു ഇസ്രായേലിൻ്റെ ആദ്യ പ്രതികരണം. അതേ സമയം, വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നെങ്കിലും ഈ പ്രമേയം ഖത്തർ, ഈജിപ്ത് തുടങ്ങിയവയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളെ തുരങ്കംവെക്കുന്നതാണെന്ന് യു.എസ് കുറ്റപ്പെടുത്തി.
.
10 അംഗങ്ങൾ ചേർന്ന് കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും യു.എന്നിലെ 22 അംഗ അറബ് ഗ്രൂപ്പുമടക്കം പിന്തുണച്ചു. പ്രമേയം അംഗീകരിക്കപ്പെട്ടതോടെ നടപ്പാക്കൽ ലോകരാജ്യങ്ങൾക്ക് ബാധ്യതയാണെങ്കിലും റമദാൻ പകുതി പിന്നിട്ടിരിക്കെ, രണ്ടാഴ്ചക്കകം വെടിനിർത്തൽ നടപ്പാക്കാനാകുമോയെന്നതാണ് പ്രധാന വെല്ലുവിളി. അടിയന്തര വെടിനിർത്തൽ നടപ്പാക്കുകയും അത് ശാശ്വത യുദ്ധവിരാമമായി മാറ്റുകയും വേണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
.
നേരത്തേ മൂന്നു തവണ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോഴൊക്കെയും അമേരിക്ക വീറ്റോ പ്രയോഗിച്ചിരുന്നു. ഇസ്രായേലിനെതിരെ ആഗോള സമ്മർദം കനക്കുന്നത് കണക്കിലെടുത്ത് ഒടുവിൽ യു.എസ് തന്നെ കഴിഞ്ഞദിവസം വെടിനിർത്തൽ പ്രമേയം അവതരിപ്പിക്കുകയുണ്ടായി. എന്നാ. റഷ്യയും ചൈനയും ചേർന്ന് ഇത് വീറ്റോ ചെയ്ത് പരാജയപ്പെടുത്തി. യുഎസ് പ്രമേയത്തിൽ വെടിനിർത്തൽ ആവശ്യപ്പെടുന്നില്ലെന്നും, ബന്ധിമോചനമാണ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുഎസ് പ്രമേയത്തെ ഇരു രാജ്യങ്ങളും വീറ്റോ ചെയ്തത്. ഇതിനുപിന്നാലെയാണ് വീണ്ടും വെടിനിർത്തൽ പ്രമേയം രക്ഷാസമിതിയിലെത്തിയത്.
.
യു.എൻ നിർദേശത്തോട് ഇസ്രായേൽ അടിയന്തരമായി പ്രതികരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ യു.എൻ ഡയറക്ടർ ലൂയിസ് ചാർബണോ ആവശ്യപ്പെട്ടു. പ്രമേയം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുെട്ടറസ് ആവശ്യപ്പെട്ടു. ഇതാദ്യമായാണ് ഗസ്സ വിഷയത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് രക്ഷാസമിതി പ്രമേയം പാസാക്കുന്നത്.
.
എന്നാൽ ഇതിനിടയിലും അതി രൂക്ഷമായ ആക്രമണമാണ് ഇസ്രായേൽ ഗസ്സയിൽ നടത്തികൊണ്ടിരിക്കുന്നത്. 4 മണിക്കൂറിനിടെ 107 ഫലസ്തീനികൾ കൊല്ലപ്പെടുകയും 176 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഗസ്സയിൽ മരണസംഖ്യ 32,333 ആയി. പരിക്കേറ്റവരുടെ എണ്ണം 74,694 ൽ എത്തി.