വയനാട്ടിൽ രാഹുലിനെ നേരിടാൻ കെ.സുരേന്ദ്രൻ; എറണാകുളത്ത് കെ.എസ്. രാധാകൃഷ്ണൻ; അഞ്ചാം സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് BJP

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധ നേടിയ  വയനാട്ടിൽ ബിജെപിസംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എൻഡിഎ സ്ഥാനാർഥിയാകും.  സ്ഥാനാർഥിയാകില്ലെന്നു നിലപാടെടുത്തിരുന്ന സംസ്ഥാന അധ്യക്ഷനെത്തന്നെ കളത്തിലിറക്കി മത്സരം കടുപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതോടെ വയനാട്ടിലെ പോരാട്ടത്തിന് ചൂടേറും.

എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണൻ, കൊല്ലത്ത് നടൻ ജി.കൃഷ്ണകുമാർ, ആലത്തൂരിൽ ടി.എൻ.സരസു എന്നിവരെയും എൻഡിഎ സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എൻഡിഎക്കു സ്ഥാനാർഥികളായി. മൂന്നു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ പ്രചാരണം പൊടിപാറും.

 

ബിഡിജെഎസില്‍നിന്ന് ഏറ്റെടുത്ത വയനാട്ടിൽ ബിജെപിയുടെ സ്ഥാനാർഥി ആരാകുമെന്ന ചോദ്യം നേരത്തേതന്നെ ശക്തമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെയും പ്രതിപക്ഷ നിരയിലെയും പ്രധാന നേതാക്കളായ രാഹുല്‍ ഗാന്ധിയും ആനി രാജയും മാറ്റുരയ്ക്കുന്നുവെന്ന സവിശേഷതയാണ് വയനാടിനുള്ളത്. ഇതിലേക്ക് ദേശീയനിരയിലെ ആരെങ്കിലും ബിജെപി സ്ഥാനാർഥിയായി എത്തുമോയെന്നായിരുന്നു പ്രധാന ആകാംക്ഷ.

എ.പി.അബ്ദുല്ലക്കുട്ടി, സന്ദീപ് വാരിയര്‍, സി.കെ.ജാനു തുടങ്ങിയ പേരുകളും നേതൃത്വം പരിഗണിച്ചു. ഒടുവിലാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ പേരിലേക്ക് എത്തിച്ചേർന്നത്. വയനാട്ടിൽ സുരേന്ദ്രന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിനെ ഗൗരവമായാണു കാണുന്നതെന്ന പ്രതീതി കേരളത്തിലും പുറത്തും സൃഷ്ടിക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ.  നാലു മണ്ഡലങ്ങളിലും സ്ഥാനാർഥികളെ വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും ബിജെപി നേരത്തേതന്നെ പ്രചാരണം തുടങ്ങിയിരുന്നു.

 

Share
error: Content is protected !!