ചാർജ് ചെയ്യുന്നതിനിടെ മൊബൈലിൽ നിന്ന് തീ പടർന്നു; ഒരു കുടുംബത്തിലെ നാല് കുട്ടികൾ വെന്തുമരിച്ചു, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ
മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ തീ പടർന്ന് പിടിച്ച് ഒരു കുടുംബത്തിലെ നാല് കുട്ടികൾ വെന്തുമരിച്ചു. ഉത്തർപ്രദേശിലെ മീററ്റിലാണ് ദാരുണ ദുരന്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. സരിക (10), നിഹാരിക (8), സൻസ്‌കാർ (6), കാലു (4) എന്നിവരാണ് മരിച്ച കുട്ടികൾ. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അവരുടെ മാതാപിതാക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു. കൂലിപ്പണിക്കാരനായ ജോണിയും കുടുംബവും വാടകവീട്ടിലായിരുന്നു താമസം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ചയാണ് വൈകുന്നേരമാണ് ദാരുണസംഭവമുണ്ടായത്. മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ബെഡ് ഷീറ്റിന് തീപിടിച്ചതാണ് തീ പടർന്ന് പിടിക്കാൻ കാരണമായതെന്ന് കുട്ടികളുടെ പിതാവ് ജോണി പറഞ്ഞു. ഈ തീ പിന്നീട് വീടിൻ്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
കുട്ടികളുടെ അമ്മ ബബിത (35) ക്ക് 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഇവർ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) വെൻ്റിലേറ്ററിലാണ്. അച്ഛൻ ജോണി (39) മീററ്റിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ഗുരതരമായി പൊളളലേറ്റ രണ്ട് കുട്ടികൾ രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻ മരിച്ചതായും, മറ്റ് രണ്ട് കുട്ടികൾ ഞായറാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങിയതായും പോലീസ് പറഞ്ഞു.
കുട്ടികളുടെ മുറിയിൽ തീപിടിത്തമുണ്ടായപ്പോൾ മാതാപിതാക്കൾ അടുക്കളയിൽ ജോലിതിരക്കിലായിരുന്നു. കുട്ടികളുടെ നിലവിളിയും പുകയും കണ്ട് മതാപിതാക്കൾ ഓടിയെത്തിയപ്പോഴേക്കും കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.