കേന്ദ്ര സർക്കാരിന് തിരിച്ചടി: വാര്‍ത്ത പരിശോധിക്കാനുള്ള നീക്കം; കേന്ദ്രത്തിൻ്റെ ഫാക്ട് ചെക്ക് യൂണിറ്റിന് തടയിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെയും ഉള്ളടക്കങ്ങളുടെയും വസ്തുത പരിശോധിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴില്‍ തുടങ്ങിയ ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്ത് സുപ്രീംകോടതി. പിഐബിക്ക് കീഴില്‍ ഫാക്ട് ചെക്ക് യൂണിറ്റ് ആരംഭിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. ഐടി ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ അന്തിമ വിധി വരെയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ തടയാനാണ് ഇത്തരമൊരു ഫാക്ട് ചെക്ക് യൂണിറ്റിന് കേന്ദ്രം നടത്തിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ഉള്ളടക്കങ്ങളോ സര്‍ക്കാരിന് കീഴില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഫാക്ട് ചെക്ക് യൂണിറ്റ് വ്യാജമെന്ന് മുദ്രകുത്തിയാല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നടക്കം നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ളതായിരുന്നു വിജ്ഞാപനം. സര്‍ക്കാരിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ വ്യാജമെന്ന് മുദ്രകുത്താമെന്ന ആശങ്കയായിരുന്നു പ്രധാനമായും ഇതിലൂടെ ഉയര്‍ന്നിരുന്നത്.

അശ്ലീലം, ആള്‍മാറാട്ടം അടക്കം എട്ടുതരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. കേന്ദ്രം വ്യാജമെന്ന് കണ്ടെത്തുന്ന വാര്‍ത്തകളും 2021 ലെ ഐടി ഇന്റര്‍മീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

 

Share
error: Content is protected !!