പ്രവാസിക്കെതിരെ കമ്പനിയുടെ കള്ളക്കേസ്, അമ്മ മരിച്ചിട്ടും നാട്ടിൽ പോകാനായില്ല; ഒടുവിൽ രക്ഷക്കെത്തിയത് കോടതി
ദുബൈ: പ്രവാസി ജീവനക്കാരനെതിരെ കള്ളക്കേസ് കൊടുത്ത കമ്പനി രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ദുബൈ സിവിൽ കോടതിയുടെ വിധി. അടിസ്ഥാന ശമ്പളത്തിൽ വർദ്ധനവ് വരുത്താനായി തൊഴിൽ കരാർ രേഖകളിൽ കൃത്രിമം കാണിച്ചെന്നാരോപിച്ചാണ് തൊഴിലാളിക്കെതിരെ കമ്പനി ക്രിമിനൽ കേസ് ഫയൽ ചെയ്തത്. എന്നാൽ തനിക്ക് ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിടാനായി കമ്പനി കള്ളക്കേസ് ഫയൽ ചെയ്തതാണെന്നും അതുകൊണ്ടുണ്ടായ നഷ്ടങ്ങൾക്ക് പകരമായി അഞ്ച് ലക്ഷം ദിർഹം ലഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രവാസി കോടതിയെ സമീപിക്കുകയായിരുന്നു.
5000 ദിർഹം അടിസ്ഥാന ശമ്പളമുണ്ടായിരുന്ന ജീവനക്കാരൻ തന്റെ ശമ്പളം 20,000 ദിർഹമാക്കി വർദ്ധിപ്പിക്കാനായി തൊഴിൽ കരാറിൽ കൃത്രിമം കാണിച്ചുവെന്നായിരുന്നു കമ്പനി ആരോപിച്ചതെന്ന് ദുബൈ പൊലീസിന്റെ റിപ്പോർട്ട് പറയുന്നു. കമ്പനിയുടെ വ്യാജ പരാതി കാരണം യാത്രാ വിലക്കും വന്നു. അതുകൊണ്ടുതന്നെ രോഗിയായ അമ്മയെ നാട്ടിൽ പോയി സന്ദർശിക്കാനോ അമ്മ മരിച്ചപ്പോൾ അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാനോ സാധിച്ചില്ലെന്ന വിവരം ജീവനക്കാരൻ കോടതിയെ അറിയിച്ചു. കേസ് പരിഗണിച്ച ക്രിമിനൽ കോടതി, ആരോപണം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി പ്രവാസിയെ വെറുതെവിട്ടു. തൊഴിലാളിക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിക്കാൻ വേണ്ടി കമ്പനി കണ്ടെത്തിയ വഴിയായിരുന്നു ഈ വ്യാജ പരാതിയെന്നും കോടതി നിരീക്ഷിച്ചു.
തുടർന്നാണ് പ്രവാസിക്ക് രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരവും ഇത്രയും കാലയളവിലേക്കുള്ള അതിന്റെ അഞ്ച് ശതമാനം പലിശയും നൽകാനും കോടതി ഫീസും അഭിഭാഷകന്റെ ഫീസും ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും കമ്പനി നൽകണമെന്നും വിധി പുറപ്പെടുവിച്ചത്. വ്യാജ പരാതി കാരണം സാമ്പത്തിക നഷ്ടവും മാനസിക വൃഥയും പരാതിക്കാരനുണ്ടായതായി കോടതി നിരീക്ഷിച്ചു. ഒൻപത് മാസത്തെ യാത്രാ വിലക്കിനൊപ്പം ജോലിയില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായി. ക്രിമിനൽ കേസ് നിലവിലുണ്ടായിരുന്നതിനാൽ മറ്റൊരിടത്തും ജോലി കിട്ടിയില്ല. കേസിൽ നിന്ന് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധിയുടെ പകർപ്പ് പ്രവാസിക്ക് കോടതി തെളിവായി നൽകുകയും ചെയ്തു.