‘എന്തൊക്കെയോ മരുന്ന് കുത്തിവച്ചു; ലൈംഗികാഭിമുഖ്യം മാറ്റാനെന്ന പേരിൽ അതിക്രൂരപീഡനം’: കൊണ്ടോട്ടിയിലെ ലസ്ബിയൻ ദമ്പതികൾ വീണ്ടും കോടതിയിൽ
കൊച്ചി ∙ ബന്ധുക്കളടക്കമുള്ളവർ തീർത്ത തടസ്സങ്ങളും ഭീഷണികളും കോടതി സഹായത്തോടെ മറികടന്ന് ഒന്നായ സ്വവർഗ പങ്കാളികൾ അഫീഫയും സുമയ്യയും തങ്ങളുടെ നിയമപോരാട്ടവുമായി മുന്നോട്ട്. ലൈംഗിക ആഭിമുഖ്യം (Sexual Orientation) മാറ്റാനുള്ള ചികിത്സ എന്ന പേരിൽ അതിക്രൂരമായ പീഡനത്തിനാണു തങ്ങളെ വിധേയരാക്കിയതെന്നും ഇത്തരം അശാസ്ത്രീയവും മാനസികാരോഗ്യ നിയമത്തിനു വിരുദ്ധവുമായ ചികിത്സാ രീതികൾ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചു. കേസ് ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടിസ് അയയ്ക്കാനും നിർദേശിച്ചു. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.
ലെസ്ബിയൻ പങ്കാളികളായ അഫീഫയുടെയും സുമയ്യയുടെയും പോരാട്ടം കേരളം നേരത്തെ തന്നെ ചർച്ച ചെയ്തിട്ടുള്ളതാണ്. മലപ്പുറം സ്വദേശികളായ ഇരുവരും പഠിക്കുന്ന കാലത്തു തന്നെ പ്രണയത്തിലാവുകയും പ്രായപൂർത്തിയായതോടെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ വീട്ടുകാർ അറിഞ്ഞതോടെ ഇരുവരും താമസസ്ഥലത്തുനിന്ന് ഒളിച്ചോടി. അഫീഫയുടെ മാതാപിതാക്കൾ ഇതിനിടെ മകളെ കാണാനില്ലെന്നു പരാതി നൽകി. തുടർന്നു കോടതിയിൽ ഹാജരായി. ഒരുമിച്ചു ജീവിക്കാൻ ഇരുവർക്കും കോടതി അനുവാദം നൽകി.
എറണാകുളം ജില്ലയിലെ പുത്തൻകുരിശിൽ താമസിച്ച് ഒരു മൊബൈൽ കടയിൽ ജോലി ചെയ്യുന്നതിനിടെ അഫീഫയെ ബന്ധുക്കൾ വന്നു ബലമായി പിടിച്ചുകൊണ്ടുപോയി. തുടർന്നായിരുന്നു കോഴിക്കോട്ടെ ഒരാശുപത്രിയിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് എന്നു ഹർജിയിൽ പറയുന്നു. സ്വവർഗാനുരാഗം ഒരു രോഗമാണെന്നും ഇതു ചികിത്സിച്ചു മാറ്റാൻ കഴിയുന്നതാണെന്നും പറഞ്ഞു കൊണ്ട് ഏതൊക്കെയോ മരുന്നുകൾ കുത്തി വച്ചെന്നും ശാരീരികോപദ്രവം ഏൽപ്പിച്ചെന്നും ഹർജിയിൽ പറയുന്നു. ആരെയും കാണാനോ ബന്ധപ്പെടാനോ അനുവാദമില്ലാതെ തടവിലാക്കിയായിരുന്നു ഇത്തരം ചികിത്സകൾ. എന്തെങ്കിലും എതിർപ്പുകൾ കാണിച്ചാൽ ഉടൻ മരുന്ന് കുത്തിവച്ച് വീണ്ടും മയക്കുമായിരുന്നു.
ഇതിനിടെ, അഫീഫയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുമയ്യ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കോടതിയില്‍ ഹാജരാക്കിയപ്പോൾ തനിക്കു മാതാപിതാക്കൾക്കൊപ്പം പോകാനാണ് താൽപര്യമെന്നും സുമയ്യയ്ക്കൊപ്പം പോകാൻ താൽപര്യമില്ലെന്നും അഫീഫ അറിയിച്ചതിനെ തുടർന്ന് കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾക്കൊപ്പം പോയ അഫീഫ വീണ്ടും ‘ചികിത്സ’യ്ക്ക് വിധേയയാവുകയായിരുന്നു.
ഏതോ സമയത്ത് ബോധം വന്നപ്പോഴാണ് മാതാവിന്റെ ഫോണിൽനിന്നു സുമയ്യയ്ക്കു സന്ദേശമയയ്ക്കുന്നതും രക്ഷപ്പെടുത്താന്‍ പറയുന്നതും. പിന്നീട് പൊലീസിന്റെയും മറ്റും സഹായത്തോടെ അഫീഫയെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ഇരുവർക്കും പൊലീസ് സംരക്ഷണം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. അതിനുശേഷം ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നത്. അന്ന് സുമയ്യയ്‌ക്കൊപ്പം പോകാൻ താൽപര്യമില്ലെന്നു പറഞ്ഞത് ആ സമയത്ത് മരുന്നിന്റെ സ്വാധീനത്തിലായിരുന്നു എന്നതിനാലായിരുന്നു എന്നും അഫീഫപറയുന്നു.
അഫീഫ നേരിടേണ്ടി വന്ന അശാസ്ത്രീയമായ ചികിത്സാ രീതിക്കെതിരെ ഇന്ത്യൻ സൈക്ക്യാട്രിക് സൊസൈറ്റിക്കു പരാതി നൽകിയെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ലെന്നു ഹർജിയിൽ പറയുന്നു. രാജ്യത്തെ മാനസികാരോഗ്യനിയമത്തിന് വിരുദ്ധമായ ഇത്തരം ‘ലൈംഗികാഭിമുഖ്യം മാറ്റൽ’ ചികിത്സ നിരോധിക്കണമെന്നും അഫീഫയെ ചികിത്സയുടെ പേരിൽ മാനസികവും ശാരീരികവുമായി ഉപദ്രവിച്ച ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നടപടി വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.