ഷാർജയിൽ നിന്നും 150 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിന് ലാൻഡിംങിനിടെ അപ്രതീക്ഷിത അപകടം; ഇടത്തേക്ക് തിരിച്ച വിമാനം ട്രക്കിൽ ചെന്നിടിച്ചു

ലാന്‍ഡ് ചെയ്യുന്നതിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഷാര്‍ജ-സൂറത്ത് വിമാനം ട്രക്കിലിടിച്ച് അപകടം. 150 യാത്രക്കാരുമായി ലാന്‍ഡ് ചെയ്ത വിമാനം ഏപ്രണില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് ഡമ്പര്‍ ട്രക്കിലിടിച്ചത്. (ചിത്രം പ്രതീമാത്മകം)

അപകടത്തില്‍ വിമാനത്തിന്‍റെ ഇടത് ചിറകിന് കേടുപാടുകള്‍ സംഭവിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30നാണ് സംഭവം ഉണ്ടായത്. ഷാര്‍ജയില്‍ നിന്നുള്ള വിടി-എടിജെ എയർബസ് 320-251എൻ വിമാനം വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് സംഭവം. പുതിയ ഏപ്രണിൻറെ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ ട്രക്ക് ആ പ്രദേശത്ത് നീങ്ങുകയായിരുന്നു. ലാൻഡിംഗിന് ശേഷം വിമാനം റൺവേയിൽ നിന്ന് ഏപ്രണിലേക്ക് ഇടത്തേക്ക് തിരിഞ്ഞു. വിമാനം വീണ്ടും ഇടത്തേക്ക് തിരിഞ്ഞപ്പോള്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് വിമാനം പാര്‍ക്ക് ചെയ്തെന്നും സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എസ് സി ഭാല്‍സെ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തിന് ഉത്തരവാദി ആരാണെന്ന് കണ്ടെത്താനാകൂ. നിര്‍മ്മാണ ജോലിയുടെ കരാറുകാര്‍ ആണോ, എയര്‍പോര്‍ട്ട് സ്റ്റാഫോ പൈലറ്റോ ആരാണ് അപകടത്തിന് ഉത്തരവാദിയെന്ന് ഇതിന് ശേഷം മാത്രമെ അറിയൂ.

 

 

Share
error: Content is protected !!