കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദഗൗഡ ബിജെപി വിടുന്നു; കോണ്‍ഗ്രസ്‌ സീറ്റിൽ മത്സരിച്ചേക്കും

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. മൈസൂരു സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്‌. നിലവില്‍ ബെംഗളൂരു നോര്‍ത്തില്‍ നിന്നുള്ള എംപിയായ സദാനന്ദ ഗൗഡ മോദി സര്‍ക്കാരില്‍ മന്ത്രി കൂടിയായിരുന്നു. ബെംഗളൂരു നോര്‍ത്തില്‍ ഇത്തവണ സദാനന്ദ ഗൗഡയ്ക്ക് സീറ്റ് നിഷേധിച്ച ബിജെപി കേന്ദ്രമന്ത്രി ശോഭാ കരന്ദ്‌ലജയെ ആണ് സ്ഥാനാര്‍ഥിയാക്കിട്ടുള്ളത്.

കര്‍ണാടക ഉപമുഖ്യന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ഡി.കെ.ശിവകുമാര്‍ അടക്കമുള്ള നേതാക്കള്‍ ഗൗഡയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള പ്രബല നോതാവ് കൂടിയാണ് സദാനന്ദ ഗൗഡ. കര്‍ണാടകയിലെ മറ്റൊരു മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പിന്നീട് അദ്ദേഹം ബിജെപിയിലേക്ക് തന്നെ തിരിച്ചുപോയി. നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായി കര്‍ണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിമത നീക്കങ്ങള്‍ ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

ശിവമോഗയില്‍ ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്രയ്ക്കെതിരെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങിയ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിനിടയിലാണ് സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍.

ഈശ്വരപ്പയുടെ മകന്‍ കെ.ഇ. കാന്തേഷിന് എം.എല്‍.സി. സ്ഥാനമുള്‍പ്പെടെ വാഗ്ദാനം ചെയ്തിട്ടുണ്ട് ബിജെപി. പാര്‍ട്ടിയെ ശുദ്ധീകരിക്കാനാണ് ശ്രമമെന്ന് ഈശ്വരപ്പ പറഞ്ഞു. മകന്‍ കാന്തേഷിന് ഹാവേരി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഈശ്വരപ്പ കലാപക്കൊടിയുയര്‍ത്തിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

Share
error: Content is protected !!