‘മുജീബേ ഇറങ്ങിക്കോ..വീട് ചുറ്റും പോലീസാണ്’; ചോദ്യം ചെയ്യാൻ വിളിച്ചിട്ട് വന്നില്ല, അനു കൊലപാതക കേസിലെ പ്രതി മുജീബിനെ വീട് ചവിട്ടി തുറന്ന് പൊലീസ് കീഴടക്കി, പ്രതിയുടെ ആക്രമണത്തിൽ പൊലീസിന് പരിക്ക് – വീഡിയോ

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ കൊലപ്പെടുത്തിയ മുജീബ് റഹ്മാനെ പൊലീസ് പിടികൂടിയത് സാഹസികമായി. പൊലീസ് അന്വേഷണത്തിൽ മുജീബ് ആണ് കൊലയാളി എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാൽ ഇക്കാര്യം പുറത്തുവിട്ടില്ല. കൊണ്ടോട്ടി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. മുജീബിനെതിരെ നിരവധി കേസുകളുള്ളതിനാൽ സ്റ്റേഷനിലേക്ക് ഇടയ്ക്കിടയ്ക്ക് വിളിപ്പിക്കാറുണ്ടായിരുന്നു. സംശയം തോന്നാതിരിക്കാൻ സാധാരണ പോലെ സ്റ്റേഷനിലേക്ക് വിളിപ്പിക്കാനായിരുന്നു നീക്കം.

 

എന്നാൽ ചെല്ലാമെന്നു പറഞ്ഞ സമയം കഴിഞ്ഞിട്ടും മുജീബ് സ്റ്റേഷനിലെത്തിയില്ല. വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായി. ഇതോടെ സംശയം തോന്നിയ പൊലീസ് ഇയാളുടെ കൊണ്ടോട്ടിയിലെ വീട്ടിലേക്ക് ചെന്നു. മുറിയിൽ അടച്ചിരുന്ന മുജീബിനെ വാതിൽ ചവിട്ടിത്തുറന്ന് പിടിക്കാൻ ശ്രമിച്ചപ്പോൾ അടുത്ത മുറിയിലേക്ക് കടന്നു. രണ്ടാമത്തെ മുറിയുടെ വാതിലും ചവിട്ടിത്തുറന്ന് കട്ടിലിനടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതിനിടെ സീനിയർ പൊലീസ് ഓഫിസർ സി.എം.സുനിൽകുമാറിനെ ജനൽ ചില്ലുകൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു.

 

കൊണ്ടോട്ടിയിലെ വീട്ടിൽ വെച്ചാണ് പേരാമ്പ്ര പൊലീസ് ഇയാളെ ഇന്നലെ പിടികൂടിയത്. എന്നാൽ പ്രതി പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമം തടഞ്ഞതിനെ തുടർന്ന് ജനൽ ഗ്ലാസ് പൊട്ടിച്ചെടുത്തു പ്രതി പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഗ്ലാസ്‌ കൊണ്ടുള്ള കുത്തേറ്റു എസ്ഐയുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. പേരാമ്പ്ര സ്റ്റേഷനിലെ എസ്ഐ സുനിലിനാണു പരിക്കേറ്റത്.

അതേസമയം, പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ ബലാത്സംഗ കേസ് ഉള്‍പ്പെടെ 55 കേസുകള്‍ നിലവിലുണ്ട്. പ്രതി മുജീബ് റഹ്മാനുമായി ഇന്ന് രാവിലെ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. അതിക്രൂരമായാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം അനുവിന്‍റെ സ്വര്‍ണാഭരണങ്ങള്‍ പ്രതി മോഷ്ടിച്ചു. തുടര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടോട്ടിയിലെത്തി ഒരാള്‍ക്ക് കൈമാറുകയായിരുന്നു.

മോഷ്ടിച്ച ബൈക്കിലാണ് മുജീബ് റഹ്മാൻ എത്തിയത്. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയില്‍ നിന്നാണ് കണ്ടെത്തിയത്. പ്രതിയുമായുള്ള തെളിവെടുപ്പില്‍ എടവണ്ണപ്പാറ ജങ്ഷനില്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു ബൈക്ക്. പ്രതി ധരിച്ചിരുന്ന കോട്ടും ബൈക്കിൽ നിന്നും കണ്ടെത്തി ഇക്കഴിഞ്ഞ 11ന് മട്ടന്നൂരില്‍ നിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്.

ഈ ബൈക്ക് മോഷ്ടിച്ചശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊല നടത്തിയത്. അനുവിന്‍റെ കൊലപാതകത്തിന്‍റെ ഞെട്ടലിലാണ് നൊച്ചാടുള്ള നാട്ടുകാര്‍. സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കാനായി ഒരാളെ അതിക്രൂരമായി കൊലപ്പെടുത്തിയത് വിശ്വസിക്കാനാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.മുജീബിനെ തെളിവെടുപ്പിനായി കൊല നടന്ന സ്ഥലത്തെത്തിച്ചപ്പോള്‍ നാട്ടുകാരില്‍ നിന്നും രോഷ പ്രകടനമുണ്ടായി. തെളിവെടുപ്പിനിടെ, പ്രതിയുടെ സിസി ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പ്രതി ഉപയോഗിച്ച ബൈക്കില്‍ നിന്ന് വലിയ ബാഗും കയ്യുറകളും ലഭിച്ചു. കയ്യുറ ധരിച്ചാണ് പ്രതി കൊല നടത്തിയതെന്നാണ് സൂചന. കൃത്യം നടത്തുമ്പോള്‍ പ്രതി ഹെല്‍മറ്റ് ധരിച്ചിരുന്നതായും വിവരമുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ തേടുകയാണ് പൊലീസ്.

സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്. അനുവിന്‍റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ നേരത്തെ പൊലീസ് എത്തിച്ചേര്‍ന്നിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്.

 

 

തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിന്‍റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ അനുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടില്‍ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്. അനുവിന്‍റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വസ്ത്രത്തിന്‍റെ ചില ഭാഗങ്ങളും മൃതദേഹത്തിലുണ്ടായിരുന്നില്ല. ഇതെല്ലാം സംശയം ജനിപ്പിക്കുന്നതായിരുന്നു.

 

 

പിടിവള്ളിയായത് ചുവന്ന ബൈക്ക്

കേസ് അന്വേഷിക്കുന്നതിന് കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാരന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും മൂന്ന് സംഘമായി അന്വേഷണം നടത്തുകയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജനെ സ്ഥലത്തുകൊണ്ടുവന്ന് പരിശോധിപ്പിച്ച് യുവതിയുടെ ദേഹത്തെ പരുക്കുകളിലെ അസ്വാഭാവികത കണ്ടെത്തി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് സ്ഥലത്ത് ഒരാൾ അസ്വാഭാവികമായി ചുവന്ന ബൈക്കിൽ പോകുന്നത് കണ്ടു. തുടർന്ന് സമീപ ജില്ലകളിലെ ഉൾപ്പെടെ 100 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ബൈക്ക് ഏതാണെന്ന് കണ്ടത്തി.

മട്ടന്നൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് നൗഫലിന്റെ ബൈക്കാണെന്നും ഈ ബൈക്ക് മോഷണം പോയതാണന്നും കണ്ടെത്തി. തുടർന്ന് വാഹനം മോഷ്ടിച്ച് പിടിച്ചുപറി നടത്തുന്ന സംഘത്തെക്കുറിച്ചായി അന്വേഷണം. അടുത്തകാലത്ത് മോഷണം നടത്തിയവരെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മുജീബിനെയും സംശയിച്ചത്. േപരാമ്പ്ര ഡിവൈഎസ്പി ബിജു നേരത്തെ മലപ്പുറത്തുണ്ടായിരുന്ന സമയത്ത് മോഷണക്കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നത് അന്വേഷണത്തിന് സഹായകമായി. സംശയത്തിന്റെ പുറത്താണ് ഇയാളെ പൊലീസ് വിളിപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്യാൻ എത്താതിരുന്നതോടെയാണ് പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു

പ്രതിഷേധവുമായി ജനം

പട്ടാപ്പകൽ യുവതിയെ മുക്കിക്കൊന്നതിന്റെ ‍ഞെട്ടൽ മാറാതെ പേരാമ്പ്രക്കാർ. പ്രതിയെ തെളിവെടുപ്പിന് ഞായറാഴ്ച വാളൂരിൽ കൊണ്ടുവരുമെന്ന അഭ്യൂഹത്തെത്തുടർന്ന് നിരവധിപ്പേരാണ് തടിച്ചുകൂടിയത്. പൊലീസ് സ്റ്റേഷന് മുന്നിലും വൻ ജനക്കൂട്ടമാണുണ്ടായിരുന്നത്. പ്രതിയെ വിട്ടുകൊടുക്കണമെന്നും ഇയാൾക്ക് ജീവിക്കാൻ അർഹതയില്ലെന്നും നാട്ടുകാർ വിളിച്ചു പറയുന്നുണ്ടായിരുന്നു. മുജീബ് അറുപതോളം കേസുകളിൽ പ്രതിയാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനുവിന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് തിങ്കളാഴ്ചയാണ് അനു പോയത്. തുടർന്ന് കാണാതാകുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും.

 

 

 

Share
error: Content is protected !!