യുദ്ധക്കപ്പല്‍, ഡ്രോണുകള്‍, വിമാനങ്ങള്‍, സംഘർഷം; 40 മണിക്കൂര്‍ ദൗത്യത്തിനൊടുവില്‍ കടല്‍കൊള്ളക്കാരിൽ നിന്ന് കപ്പല്‍ തിരിച്ചുപിടിച്ച് ഇന്ത്യന്‍ നാവിക സേന – വീഡിയോ

ന്യൂഡല്‍ഹി: 40 മണിക്കൂര്‍ നീണ്ട കമാന്‍ഡോ നടപടിക്കൊടുവില്‍ സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ പിടിച്ചെടുത്ത എം.വി റ്യുന്‍ കപ്പല്‍ ഇന്ത്യന്‍ നാവിക സേന തിരിച്ചുപിടിച്ചു. സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കിയ 17 കപ്പല്‍ ജീവനക്കാരേയും നാവിക സേന മോചിപ്പിച്ചു. 35 സോമാലിയന്‍ കടല്‍ക്കൊള്ളക്കാരും കീഴടങ്ങിയതായി നാവിക സേനയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഡിസംബര്‍ 14 ന് ആയിരുന്നു എം.വി റ്യുന്‍ കപ്പല്‍ തട്ടിയെടുക്കപ്പെട്ടത്. തുടര്‍ന്ന് ഇന്ത്യന്‍ തീരത്ത് നിന്ന് 2,600 കിലോമീറ്റര്‍ അകലെവെച്ചാണ് ഐ.എന്‍ എസ് കല്‍ക്കത്ത യുദ്ധ കപ്പലിന്റെ സഹായത്തോടെ നടത്തിയ ഓപ്പറേഷനില്‍ തിരിച്ചുപിടിച്ചത്‌.

കപ്പല്‍ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കൊള്ളക്കാര്‍ നാവിക സേനക്ക് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പടക്കപ്പല്‍ അടുത്തെത്തുമ്പോള്‍ കടല്‍കൊള്ളക്കാര്‍ രണ്ട് തവണ കപ്പലിന് നേരെ വെടിയുതിര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

വെള്ളിയാഴ്ച നടന്ന വെടിവെപ്പിനെ തുടര്‍ന്ന്‌ പ്രതിരോധ നടപടികളിലേക്ക് കടന്നതായി നാവിക സേന അറിയിച്ചിരുന്നു. ഐ.എന്‍.എസ് സുഭദ്ര, ഹൈ അള്‍ട്ടിട്യൂബ് ലോങ്ങ് എന്‍ഡ്യൂറന്‍സ് ഡ്രോണുകള്‍ പി 8 സമുദ്ര പട്രോളിംഗ് വിമാനം എന്നിവയും ദൗത്യത്തിന്റെ ഭാഗമായിരുന്നു.

എട്ട് പേരടങ്ങുന്ന നാവിക കമാന്‍ഡോകളുടെ സംഘം സി 7 ചെറുവിമാനത്തില്‍ കപ്പലിലേക്ക് ഇറങ്ങിയാണ് കടല്‍ക്കൊള്ളക്കാര്‍ ബന്ധികളാക്കിയ ജോലിക്കാരെ സുരക്ഷിതമായി മോചിപ്പിച്ചത്.

കപ്പലില്‍ നിന്ന് അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും നിരോധിത വസ്തുക്കളും കണ്ടെടുത്തതായും നാവിക സേന റിപ്പോര്‍ട്ട് ചെയ്തു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!