യാത്രക്കാരന് അഞ്ചാം പനി; സമ്പര്‍ക്കമുള്ളവരെ കണ്ടെത്തും, ജാഗ്രതാ നിർദ്ദേശവുമായി വിമാന കമ്പനി
അബുദാബി: യാത്രക്കാരന് മീസെല്‍സ് (അഞ്ചാം പനി) സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ച് അധികൃതര്‍. അബുദാബിയില്‍ നിന്ന് ഡബ്ലിനിലേക്കുള്ള ഇത്തിഹാദ് എയര്‍വേയ്സില്‍ യാത്ര ചെയ്തയാള്‍ക്കാണ് മീസെല്‍സ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഈ വിവരം ഐറിഷ് അധികൃതര്‍ അറിയിച്ചതായി ഇത്തിഹാദ് എയര്‍വേയ്സ് വ്യക്തമാക്കി.
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിന് ഐറിഷ് അധികൃതരുമായി സഹകരിക്കുകയാണെനന്നും എയര്‍ലൈന്‍ അറിയിച്ചു. ശനിയാഴ്ച ഇത്തിഹാദ് എയര്‍വേയ്സിന്‍റെ EY045 വിമാനത്തില്‍ അബുദാബിയില്‍ നിന്ന് ഡബ്ലിനിലേക്ക് പുറപ്പെട്ട വിമാനത്തില്‍ യാത്ര ചെയ്ത വ്യക്തിക്ക് അഞ്ചാം പനി സ്ഥിരീകരിച്ചതായി ഇത്തിഹാദ് എയര്‍വേയ്സ് വക്താവ് അറിയിച്ചു.
മാര്‍ച്ച് 9ന് ഡബ്ലിനിലെത്തിയ ഇത്തിഹാദ് എയര്‍വേയ്സിന്‍റെ EY045 വിമാനത്തിലെ ഒരു യാത്രക്കാരന് അഞ്ചാംപനി പോസിറ്റീവായിട്ടുണ്ടെന്ന് അയര്‍ലന്‍ഡിലെ ആരോഗ്യ അധികൃതര്‍ ഇത്തിഹാദ് എയര്‍വേയ്സിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം ബന്ധപ്പെട്ട ആരോഗ്യ അധികൃതരുടെ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിക്രമങ്ങള്‍ പിന്തുടരുകയാണെന്നും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും ബന്ധപ്പെട്ട അധികൃതര്‍ കണ്ടെത്തുമെന്നും ഇത്തിഹാദ് എയര്‍വെയ്സ് വ്യക്തമാക്കി.
ഇതിന്‍റെ പശ്ചാത്തലത്തില്‍ അയര്‍ലന്‍ഡില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേ വിമാനത്തില്‍ യാത്ര ചെയ്തവര്‍ ഹെല്‍ത്ത് സര്‍വീസ് എക്സിക്യൂട്ടീവുമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. വീടുകളില്‍ പ്രത്യേക മുറികളില്‍ കഴിയണമെന്നും ലക്ഷണങ്ങള്‍ പ്രകടമാകുകയാണെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും അധികൃതര്‍ അറിയിച്ചു. മൂക്കൊലിപ്പ്, കണ്ണിന് ചുവപ്പ് നിറം, കഴുത്തിന് ചുറ്റും റാഷസ്, കടുത്ത പനി എന്നിവയാണ് ലക്ഷണങ്ങള്‍.
അയര്‍ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. ലോകാരോഗ്യ സംഘടന പറയുന്നത് അനുസരിച്ച്, കുട്ടികളിൽ ഏറ്റവും സാധാരണമായി ഉണ്ടാകുന്ന രോഗമാണ് അഞ്ചാംപനി അഥവാ മീസെല്‍സ്. ഒരു വൈറസ് മൂലമുണ്ടാകുന്ന അതിവേഗ പകർച്ചവ്യാധിയും വായുവിലൂടെ പകരുന്ന രോഗവുമാണിത്. ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാവുന്ന ഒന്നാണിത്. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഇത് എളുപ്പത്തിൽ പടരുന്നു. അഞ്ചാംപനി വാക്സിനേഷൻ മൂലം 2000-നും 2021-നും ഇടയിൽ 56 ദശലക്ഷം മരണങ്ങളാണ് ഒഴിവായത്.
അഞ്ചാം പനിയുടെ ലക്ഷണങ്ങള്‍
- സാധാരണയായി വൈറസ് ബാധിച്ച് 10-14 ദിവസങ്ങൾക്ക് ശേഷം രോഗലക്ഷണങ്ങൾ തുടങ്ങും.
- ശരീരത്തില്‍ ചുവന്ന പാടുകള്‍ കാണപ്പെടുന്നതാണ് സാധാരണയായി കാണുന്ന ഏറ്റവും പ്രകടമായ ലക്ഷണം.
- ചുവന്ന പാടുകളില്‍ 7-18 ദിവസങ്ങളില്‍ കാണപ്പെടുന്നു.
- മുഖത്തും കഴുത്തിലുമാണ് ഇത്തരം പാടുകള്‍ കണ്ടുതുടങ്ങുക.
- പ്രാരംഭ ലക്ഷണങ്ങള്‍ 4-7 ദിവസം വരെ നീളും.
- മൂക്കൊലിപ്പ്
- ചുമ
- ചുവന്ന വെള്ളം നിറഞ്ഞ കണ്ണുകള്‍
- കവിളിനുള്ളില്‍ ചെറിയ വെളുത്ത പാടുകള്‍
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക