ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; 2029 ല്‍ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളൊരുമിച്ച്, പിന്നാലെ തദ്ദേശം; സമിതി റിപ്പോര്‍ട്ട് നല്‍കി

തിരഞ്ഞെടുപ്പുകള്‍ ഒരേ സമയത്ത് നടത്തുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സമിതി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നല്‍കുന്ന സമിതി 18,000 പേജുകളുള്ള എട്ട് വോള്യങ്ങളായിട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്ര സര്‍ക്കാരിന്റെ ആശയത്തെ അനുകൂലിക്കുന്ന തരത്തിലാണ് സമിതിയുടെ റിപ്പോര്‍ട്ട്. ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരു നിയമസംവിധാനം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് സമിതി ശുപാര്‍ശ ചെയ്തു.

ആദ്യഘട്ടത്തില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താമെന്നും രണ്ടാം ഘട്ടമെന്ന നിലയില്‍ 100 ദിവസത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താമെന്നും സമിതി അതിന്റെ ഒരു ശുപാര്‍ശയില്‍ വ്യക്തമാക്കുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന ലോക്സഭയുടെ കാലാവധി കഴിയുന്ന സമയത്ത് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടത്താനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശ പ്രകാരം ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന നിയമസഭകളുടെ കാലാവധി 2029 വരെയേ ഉണ്ടാകൂ.

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനുള്ള ഭരണഘടന, നിയമ ഭേദഗതികളെ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതാണ് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനും, സമൂഹത്തിനും ഗുണകരമെന്ന് സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവിശ്വാസ പ്രമേയം സംബന്ധിച്ച് ജര്‍മന്‍ മോഡലിനെ സംബന്ധിച്ചും കോവിന്ദ് സമിതി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് ഇവ യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി ജര്‍മന്‍ മോഡല്‍ സമിതി തള്ളി. ജര്‍മനിയില്‍ അടുത്ത സര്‍ക്കാരിനെ സംബന്ധിച്ച കൃത്യത ഉണ്ടായതിന് ശേഷമേ അവിശ്വാസ പ്രമേയത്തിലൂടെ ഒരു സര്‍ക്കാര്‍ മാറ്റാന്‍ കഴിയുകയുള്ളു.

വിവിധ സമയങ്ങളില്‍ വ്യത്യസ്ത തലങ്ങളിലേക്ക് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് വലിയ പണചെലവുണ്ടാക്കുന്നതാണ് എന്ന് സമിതി വിലയിരുത്തുന്നു. ഒറ്റ തിരഞ്ഞെടുപ്പിലൂടെ ഈ ചെലവ് കുറയ്ക്കാനാകും എന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നത്. ദേശീയ താത്പര്യം മുന്‍ നിറുത്തി ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

 

രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭാ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എന്‍.കെ.സിങ്, ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് സി.കശ്യാപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കൊതാരി എന്നിവരും അംഗങ്ങളാണ്. ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കണ്ണില്‍പൊടിയിടലാണെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത കാര്യങ്ങളാണ് നടപ്പാക്കുന്നതെന്നും ആരോപിച്ച് അദ്ദേഹം വിട്ട് നിന്നിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!