പത്മജയോട് മുഖം തിരിച്ച് സുരേഷ് ഗോപി; തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് പത്മജയെ അകറ്റുന്നു, സുരേഷ് ഗോപിയെ പിന്തുണച്ച് ജില്ല കമ്മറ്റിയും ?

ബി.ജെ.പിയിൽ ചേർന്ന പത്മജ വേണുഗോപാലിന് തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ എത്തിക്കുന്നതിൽ പാർട്ടിയിൽ തർക്കം. തൃശൂരിലെ സ്ഥാനാർഥിയായ സുരേഷ് ഗോപിക്ക് പത്മജയോടുള്ള അതൃപ്തിയാണ് അവഗണനക്ക് കാരണം. തർക്കങ്ങൾ പരിഹരിച്ച് പത്മജയെ തെരഞ്ഞെടുപ്പ് വേദികളിൽ സജീവമാക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം.

പത്മജയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ പോലും സുരേഷ് ഗോപി തയ്യാറായിട്ടില്ല. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ച് മാത്രം ചോദിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പത്മജയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യാൻ പോലും സുരേഷ് ഗോപി തയ്യാറായിട്ടില്ല.

ബി.ജെ.പിയിൽ ചേർന്ന ശേഷം ഇന്നലെ ആദ്യമായി തൃശൂരിലെത്തിയ പത്മജക്ക് തണുത്ത സ്വീകരണമാണ് ലഭിച്ചത്. മുരളീ മന്ദിരത്തിലെത്തിയ പത്മജയെ സ്വീകരിക്കാനെത്തിയത് പ്രാദേശിക നേതാക്കൾ മാത്രമായിരുന്നു. പത്മജ മാധ്യമങ്ങളെ കണ്ടതിന് ശേഷമാണ് ജില്ലാ പ്രസിഡന്റ് പോലും സ്ഥലത്തെത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി തൃശൂര്‍ മാറിക്കഴിഞ്ഞു. സുരേഷ് ഗോപിക്കും സുനില്‍ കുമാറിനും പുറമെ കെ മുരളീധരന്‍ കൂടി സ്ഥാനാര്‍ഥിയായതോടെയാണിത്. മൂന്ന് പ്രമുഖ സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടുന്ന മണ്ഡലമായതിനാല്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ശ്രദ്ധ പൂര്‍ണമായും തൃശൂലാകുമെന്ന് തീര്‍ച്ച.

പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് തൃശൂരില്‍ ഗിയര്‍ മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സിറ്റിങ് എംപി ടിഎന്‍ പ്രതാപന്‍ തന്നെ മല്‍സരിക്കട്ടെ എന്ന പഴയ തീരുമാനം മാറ്റി വടകരയില്‍ നിന്ന് മുരളിയെ തൃശൂരില്‍ ഇറക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് നടപടിയും കൗതുകമുണര്‍ത്തി. എന്നാല്‍ പത്മജ വന്നതോടെ ബിജെപിയിലും അസ്വാരസ്യം പുകയുന്നുണ്ട്.

ബിജെപി പ്രവേശനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പത്മജ വേണുഗോപാല്‍ തിരിച്ച് തൃശൂരിലെത്തിയത്. സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇറങ്ങുമെന്നായിരുന്നു മറുപടി. അതേസമയം, കെ മുരളീധരന്‍ തോല്‍ക്കുമോ എന്ന ചോദ്യത്തോട് അവര്‍ നേരിട്ടുള്ള മറുപടി പറഞ്ഞില്ല. സുരേഷ് ഗോപി ജയിക്കുമെന്ന് പറയുകയും ചെയ്തു.

പത്മജ മുരളി മന്ദിരത്തിലെത്തിയ വേളയില്‍ ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാക്കല്‍ സന്നിഹിതരായിരുന്നില്ല. ഏറെ നേരം കഴിഞ്ഞാണ് ജില്ലാ നേതാക്കള്‍ പത്മജയെ കാണാന്‍ വന്നത്. പത്മജ പ്രചാരണത്തിന് ഇറങ്ങിയില്ലെങ്കിലും തനിക്ക് ജയിക്കാന്‍ സാധിക്കുമെന്ന നിലപാടാണ് സുരേഷ് ഗോപിക്കുള്ളത്. സുരേഷ് ഗോപിയുടെ നിലപാടിനോട് ജില്ലാ നേതൃത്വം യോജിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

പത്മജ വേണുഗോപാലും സുരേഷ് ഗോപിയും തമ്മില്‍ രസത്തിലല്ല എന്നാണ് പ്രചാരണം. ഒല്ലൂരില്‍ സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായിട്ടും പത്മജയെ കാണാന്‍ വരാതിരുന്നതാണ് അഭ്യൂഹങ്ങള്‍ക്ക് ബലമേകിയത്. മാത്രമല്ല, പത്മജ സുരേഷ് ഗോപിയെ കാണാനും ശ്രമിച്ചില്ല. പത്മജ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയാല്‍ തിരിച്ചടിയായേക്കുമെന്ന് സുരേഷ് ഗോപി കരുതുന്നു എന്ന മട്ടില്‍ ചില ചാനലുകള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു.

കേന്ദ്ര നേതൃത്വം ഇടപെട്ടാണ് പത്മജയെ ബിജെപിയിലെത്തിച്ചത്. കേരള നേതാക്കളുമായി അവര്‍ സംസാരിച്ചിരുന്നില്ല. മൂന്ന് വര്‍ഷം മുമ്പാണ് ബിജെപി കേന്ദ്ര നേതൃത്വം ആദ്യം ബന്ധപ്പെട്ടതെന്ന് പത്മജ വിശദീകരിച്ചിരുന്നു. തങ്ങളുമായി ആലോചിക്കാതെ പത്മജയെ പാര്‍ട്ടിയില്‍ എടുത്തതില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട് എന്നായിരുന്നു വിവരം. കേരളത്തിലെ പ്രമുഖ നേതാക്കള്‍ പത്മജ അംഗത്വമെടുക്കുമ്പോള്‍ ഡല്‍ഹിയില്‍ എത്താതിരുന്നതും ചര്‍ച്ചയായി.

എന്നാൽ പത്മജയെ പ്രചാരണത്തിന് ഇറക്കില്ല എന്ന വാര്‍ത്തയോട് സുരേഷ് ഗോപി പ്രതികരിച്ചു. അങ്ങനെ ഒരു തീരുമാനമില്ലെന്ന് അദ്ദേഹം വ്യക്തമക്കി. ബിജെപിയുടെ കേന്ദ്ര നേതൃത്വം തീരുമാനിച്ചാല്‍ പത്മജ തനിക്ക് വേണ്ടി പ്രചാരണത്തിനുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പല്‍ സുരേഷ് ഗോപിക്കെതിരെ മല്‍സരിച്ച വ്യക്തിയാണ് പത്മജ.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!