ലഗേജിൽ സംശയം, പ്ലാസ്റ്റിക് ബോക്സ് തുറന്നപ്പോൾ കസ്റ്റംസ് ഞെട്ടി; ജീവനുള്ള പാമ്പും കുരങ്ങന്‍റെ കയ്യും പക്ഷിയും!
വിമാനത്താവളത്തിലെ പരിശോധനകളില്‍ നിയമവിരുദ്ധവും നിരോധിക്കപ്പെട്ടതുമായ വസ്തുക്കളും ലഹരിമരുന്നും സ്വര്‍ണവുമുള്‍പ്പെടെ പിടികൂടുന്ന വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്ത ഒരു യാത്രക്കാരന്‍റെ ബാഗില്‍ നിന്ന് പിടിച്ചെടുത്തത് പാമ്പും കുരങ്ങന്‍റെ കയ്യും ചത്ത പക്ഷിയും.
ദുബൈ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ആഭിചാര ക്രിയകള്‍ക്ക് ഉപയോഗിക്കാനായി കടത്തി കൊണ്ട് വന്നതാണ് ഇവയെന്നാണ് കരുതുന്നത്. യാത്രക്കാരന്‍റെ ബാഗ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഒരു പ്ലാസ്റ്റിക് ബോക്സില്‍ പാക്ക് ചെയ്ത നിലയിലാണ് ഇവ കണ്ടെത്തിയത്. ജീവനുള്ള പാമ്പ്, കുരങ്ങന്‍റെ കൈ, ചത്ത പക്ഷി എന്നിവയ്ക്ക് പുറമെ പൊതിഞ്ഞ നിലയില്‍ മുട്ടകള്‍, ഏലസുകള്‍ എന്നിവയടക്കം ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്നതെന്ന് കരുതുന്ന വിവിധ വസ്തുക്കളും ഇയാളുടെ ബാഗില്‍ നിന്ന് കണ്ടെത്തി.
കൂടുതല്‍ പരിശോധനകള്‍ക്കായി പിടിച്ചെടുത്ത വസ്തുക്കള്‍ ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വകുപ്പിന് കൈമാറി. എല്ലാ രീതിയിലുമുള്ള കള്ളക്കടത്തുകള്‍ക്കെതിരെയും ദുബൈ കസ്റ്റംസ് പോരാട്ടം തുടരുകയാണെന്ന് ടെര്‍മിനല്‍ ഒന്നിലെ പാസഞ്ചര്‍ ഓപ്പറേഷന്‍സ് വകുപ്പ് സീനിയര്‍ മാനേജര്‍ ഖാലിദ് അഹ്മദ് പറഞ്ഞു. ഇനിയും ജാഗ്രത തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക