പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ

പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസ്സാക്കിയിരുന്നത്. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പൗരത്വ നിയമഭേദഗതിയുടെ ചട്ടങ്ങളാണു നിലവിൽ വന്നത്. കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളുടെ എതിർപ്പുകൾ നിലനിൽക്കെയാണു നിർണായക പ്രഖ്യാപനം. അസമിൽ വൻതോതിലുള്ള സുരക്ഷാ കവചം ഒരുക്കിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അവധിയിലുള്ള പൊലീസുകാരെ ഡ്യൂട്ടിയിലേക്കു തിരിച്ചുവിളിപ്പിച്ചാണ് സിഎഎ പ്രഖ്യാപനം നടത്തിയത്. വ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്നു സിഎഎ പ്രാബല്യത്തിൽ വന്നതിനുപിന്നാലെ മമത ബാനർജി പ്രതികരിച്ചു.

നിയമ പോരാട്ടം തുടരുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. മറ്റു നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് സമാന മനസ്കരുമായി കൂടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ മതേതര നിലപാടിന് വിരുദ്ധമായി മതം നോക്കി പൗരത്വം നൽകുന്ന നിയമത്തിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമുയർന്നിരുന്നു. സി.എ.എ. നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കെടുത്തു. മുസ്ലിം ലീഗ് ഉള്‍പ്പടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ബി.ജെ.പിയുടെ 2019-ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

.

 

Share
error: Content is protected !!