എസ്ബിഐക്ക് രൂക്ഷ വിമർശനവും മുന്നറിയിപ്പും; ‘തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ നാളെ തന്നെ കൈമാറണം, വൈകിയാൽ നടപടി സ്വീകരിക്കും’ – സുപ്രീം കോടതി

തിരഞ്ഞെടുപ്പു ബോണ്ട് (ഇലക്ടറൽ ബോണ്ട്) വഴി 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച സംഭാവനയുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.
ജൂൺ 30 വരെ സാവകാശം നൽകാനാവില്ലെന്ന് അറിയിച്ച സുപ്രീം കോടതി നാളെപ്രവൃത്തി സമയം അവസാനിക്കുന്നതിനു മുൻപ് വിവരങ്ങൾ കൈമാറണമെന്ന നിർദേശവും നൽകി. അനുവദിച്ച സമയത്തിനുള്ളിൽ ഈ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നും ഭരണഘടനാ ബെഞ്ച് മുന്നറിയിപ്പ് നൽകി. കോടതിയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ മാര്‍ച്ച് 15-ന് വൈകിട്ട് 5-ന് മുന്‍പ്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കടപ്പത്രം സംബന്ധിച്ച വിവരങ്ങള്‍ മുംബൈ മെയിന്‍ ബ്രാഞ്ചില്‍ ഇല്ലേയെന്നു കോടതി ചോദിച്ചിരുന്നു. അതേസമയം വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പരും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ലെന്ന് എസ്ബിഐ അറിയിച്ചു. വിവരങ്ങള്‍ നല്‍കാന്‍ ഫെബ്രുവരി 15-നാണ് ആവശ്യപ്പെട്ടത്. 26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് കോടതി ചോദിച്ചു.

കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ രഹസ്യമായി സൂക്ഷിക്കുന്ന വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അവരോട് ഉടന്‍ തന്നെ അതു വെളിപ്പെടുത്താന്‍ കോടതി നിര്‍ദേശിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി ഭേദഗതി ചെയ്യാന്‍ അസി. ജനറല്‍ മാനേജരാണോ സത്യവാങ്മൂലം നല്‍കുന്നതെന്നും കോടതി ചോദിച്ചു.

അസിസ്റ്റന്റ് ജനറൽ മാനേജരാണ് അത് കൈകാര്യം ചെയ്യുന്നതെന്നും കുറച്ചു സമയം കൂടി തങ്ങൾക്ക് അനുവദിക്കണമെന്നും എസ്ബിഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷാകൻ ആവശ്യപ്പെട്ടു. ബോണ്ട് വാങ്ങിയവരേയും രാഷ്ട്രീയ പാർട്ടികളെയും തമ്മിൽ ബന്ധപ്പെടുത്തേണ്ടതില്ലെങ്കിൽ എല്ലാ വിവരങ്ങളും മൂന്നാഴ്ചയ്ക്കുള്ളിൽ നൽകാനാകുമെന്നും എസ്ബിഐ കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ വാദത്തിനിടെ നൽകിയ മുദ്രവച്ച കവർ കോടതി തുറന്നു പരിശോധിച്ചു.

തിരഞ്ഞെടുപ്പ് ബോണ്ട് വഴി 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവന വിവരങ്ങൾ മാർച്ച് 6നു മുൻപായി തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറാനും ഇതു കമ്മിഷൻ പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ വിശദാംശങ്ങൾ നൽകാൻ ജൂൺ–30 വരെ സമയം നീട്ടിനൽകണമെന്നാണ് എസ്ബിഐയുടെ ആവശ്യം.

രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന സ്വരൂപിക്കാൻ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കടപ്പത്ര (ഇലക്ടറൽ ബോണ്ട്) പദ്ധതി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതി എസ്ബിഐയ്ക്ക് നിർദേശം നൽകിയത്. 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ 22,217 തിരഞ്ഞെടുപ്പു കടപ്പത്രങ്ങൾ വിതരണം ചെയ്തുവെന്ന് എസ്ബിഐ അപേക്ഷയിൽ വ്യക്തമാക്കുന്നു. വിവരങ്ങൾ ക്രോഡീകരിക്കാൻ കോടതി നിശ്ചയിച്ചു നൽകിയ മൂന്നാഴ്ച മതിയാകില്ലെന്നും അറിയിച്ചു. പാർട്ടികളുടെ കൈവശമുള്ളതും മാറിയെടുക്കാത്തതുമായ കടപ്പത്രങ്ങൾ ബാങ്കിന് മടക്കി നൽകണമെന്നും ബോണ്ട് വാങ്ങിയ ആളിന് ബാങ്കുകൾ പണം മടക്കി നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

∙ എന്താണ് ഇലക്ടറൽ ബോണ്ട്?

രാഷ്‌ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്നതിൽ സുതാര്യത കൊണ്ടുവരാൻ എന്ന് അവകാശപ്പെട്ട് കഴിഞ്ഞ 2018ലെ പൊതു ബജറ്റിലാണ് ബോണ്ട് പദ്ധതി (ഇലക്‌ടറൽ ബോണ്ട്) കേന്ദ്ര സർക്കാർ കൊണ്ടുവന്നത്.

വ്യവസ്‌ഥകൾ

∙ പലിശയില്ലാത്ത ബോണ്ട് ഇന്ത്യൻ പൗരൻമാർക്കും ഇന്ത്യൻ കമ്പനികൾക്കും വാങ്ങാം.
∙ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിശ്‌ചിത ശാഖകളാണു നൽകുക.∙ 1000, 10,000, 1,00,000 , 10,00,000, 1,00,00,000 എന്നിങ്ങനെ എത്ര രൂപയ്‌ക്കു വേണമെങ്കിലും വാങ്ങാം.
∙ ഇടപാടുകാരന്റെ വിശദാംശങ്ങൾ (കെവൈസി) സംബന്ധിച്ച വ്യവസ്‌ഥ പാലിക്കുന്നവർക്ക്, ബാങ്ക് അക്കൗണ്ടിൽനിന്നു പണം നൽകി വാങ്ങാം.
∙ വാങ്ങുന്നയാളുടെ പേരു കടപ്പത്രത്തിൽ രേഖപ്പെടുത്തില്ല.
∙ മൂല്യം 15 ദിവസത്തേക്കു മാത്രം.
∙ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ ഒരു ശതമാനമെങ്കിലും വോട്ടു നേടിയ, റജിസ്‌റ്റർ ചെയ്‌ത രാഷ്‌ട്രീയ പാർട്ടികൾക്കാണ് ഇങ്ങനെ സംഭാവന സ്വീകരിക്കാവുന്നത്.
∙ ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്‌ടോബർ മാസങ്ങളിൽ 10 ദിവസം വീതമാണു ബാങ്ക് ബോണ്ട് നൽകുക. പൊതുതിരഞ്ഞെടുപ്പിന്റെ വർഷത്തിൽ 30 ദിവസത്തെ അധികസമയം അനുവദിക്കും.
∙ കമ്മിഷനെ മുൻകൂട്ടി അറിയിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ പാർട്ടിക്കു ബോണ്ട് മാറ്റിയെടുക്കാനാവൂ.
∙ കടപ്പത്രത്തിലൂടെ ലഭിച്ച പണത്തിന്റെ വിശദാംശങ്ങൾ പാർട്ടികൾ തിരഞ്ഞെടുപ്പു കമ്മിഷനു ലഭ്യമാക്കണം.
∙ കടപ്പത്രത്തിൽ പേരില്ലെങ്കിലും, അതു വാങ്ങുന്നവരുടെ ബാലൻസ് ഷീറ്റിൽ വിവരങ്ങളുണ്ടാവും. ആര്, ഏതു പാർട്ടിക്കു സംഭാവന നൽകി എന്നതു മാത്രമാവും അറിയാൻ സാധിക്കുക.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!