പത്മജ ചതിച്ചു; ഇനി ഒരു ബന്ധവുമില്ലെന്ന് മുരളീധരൻ, പത്മജ ബിജെപിയിലേക്ക് പോകുന്നത് ഭർത്താവിനെ ഇ.ഡി ചോദ്യം ചെയ്തതിനാലെന്ന് കോൺഗ്രസ്. ചാലക്കുടിയിൽ മത്സരിച്ചേക്കും

കോഴിക്കോട്∙ പത്മജയുമായി ഇനി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് കെ.മുരളീധരൻ. ചിരിക്കാനും കളിയാക്കാനുമൊക്കെ ആളുകളുണ്ടാകും. അതിനെയൊക്കെ ഞങ്ങൾ നേരിടും. വർക്ക് അറ്റ് ഹോം ചെയ്യുന്നവർക്ക് ഇത്രയൊക്കെ സ്ഥാനങ്ങൾ കൊടുത്താൽ പോരെയെന്നും പത്മജയുടെ പരിഭവങ്ങൾക്കു മറുപടിയായി കെ.മുരളീധരൻ ചോദിച്ചു. അച്ഛന്റെ ആത്മാവ് പത്മജയോടു പൊറുക്കില്ല. സഹോദരിയെന്ന സ്നോഹമൊന്നും ഇനിയില്ല. ഞങ്ങൾ തമ്മിൽ സ്വത്ത് തർക്കമൊന്നുമില്ല. കാരണം അച്ഛൻ അത്രയൊന്നും സമ്പാദിച്ചിട്ടില്ല. പാർട്ടിയെ ചതിച്ചവരുമായി ബന്ധമില്ല. കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്നസ്ഥലത്ത് സംഘികളെ നിരങ്ങാൻ ഞാൻ സമ്മതിക്കില്ല. പത്മജ ചാലക്കുടിയിൽ മത്സരിച്ചാൽ നോട്ടയ്ക്കായിരിക്കും കൂടുതൽ വോട്ടെന്നും മുരളീധരൻ പരഹസിച്ചു.

 

‘‘ഞാൻ ഇന്നലെ രാവിലെ മുതൽ പത്മജയെ ഫോണിൽ വിളിക്കുന്നുണ്ട്. എന്റെ ഫോൺ മാത്രം എടുക്കുന്നില്ല. ബാക്കിയെല്ലാവരുമായും സംസാരിക്കുന്നുമുണ്ട്. അപ്പോഴേ എനിക്കു സംശയം തോന്നിയിരുന്നു. പാർട്ടിയൊരു യുദ്ധമുഖത്ത് നിൽക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണു പത്മജ ചെയ്യുന്നത്. കരുണാകരന്റെ മകൾ ഇങ്ങനെ ചെയ്യരുത്. കോൺഗ്രസ് മുന്തിയ പരിഗണനയാണ് എല്ലാക്കാലത്തും പത്മജക്ക് നൽകിയിരുന്നത്.

52,000 വോട്ടിന് കെ. കരുണാകരന്‍ ജയിച്ച മുകുന്ദപുരത്ത് ഒന്നരലക്ഷം വോട്ടിന് പത്മജ നമ്പാടനോട് പരാജയപ്പെട്ടു. പന്തീരായിരം വോട്ടിന് തേറമ്പില്‍ രാമകൃഷ്ന്‍ വിജയിച്ച സീറ്റില്‍ ഏഴായിരം വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭയില്‍ തൃശ്ശൂരില്‍ ത്രികോണ മത്സരത്തില്‍ 1,000 വോട്ടിന് പരാജയപ്പെട്ടു. ചില വ്യക്തികള്‍ കാലുവാരിയാല്‍ തോല്‍ക്കുന്നതാണോ ഒരു തിരഞ്ഞെടുപ്പ്. അങ്ങനെയെങ്കില്‍ എന്നെ ഒരുപാട് പേര് കാലുവാരിയിട്ടുണ്ട്. ഞാന്‍ പരാതിപ്പെടാന്‍ പോയിട്ടില്ല’, കെ. മുരളീധരന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ചിലരൊക്കെ കാലുവാരിയാൽ തോൽക്കില്ല. അങ്ങനെയെങ്കിൽ എന്നെയൊക്കെ ഒരുപാട് പേർ വാരിയിട്ടുണ്ട്.

നമ്മൾ പൂർണമായും ജനങ്ങൾക്കു വിധേയരായാൽ കാലുവാരലൊന്നും ഏൽക്കില്ല. ഞാൻ കോൺഗ്രസ് വിട്ടുപോയ സമയത്തുപോലും ബിജെപിയുമായി ചേർന്നിട്ടില്ല. കരുണാകരന്റെ കുടുംബത്തിൽനിന്ന് ഒരാളെ ബിജെപിക്ക് കിട്ടിയെന്നു പറയുന്നതു സാധാരണക്കാർക്കു വിഷമമുണ്ടാക്കും. പത്മജയെ എടുത്തതു ബിജെപിക്കു ചില്ലികാശിനു ഗുണമുണ്ടാക്കില്ല. ബിജെപിയിലേക്കു പോകുമെന്ന് എന്നോട് ഒരു സംസാരത്തിലും പറഞ്ഞിട്ടില്ല’’ – കെ.മുരളീധരൻ പറഞ്ഞു.

 

കെ.കരുണാകരനെ ചിതയിലെടുത്തപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിൽ പുതപ്പിച്ചത് കോൺഗ്രസിന്റെ പതാകയാണെന്നു പത്മജയെ മുരളീധരൻ ഓർമിപ്പിച്ചു. സാമ്പത്തികമായി അച്ഛൻ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. വാടകവീട്ടിലാണ് ഒരുകാലം വരെ ഞങ്ങൾ കഴിഞ്ഞിരുന്നത്. കേരളത്തിൽ കരുണാകരനുണ്ടാക്കിയ പാർട്ടിയാണ് കോൺഗ്രസ്. ഒരിക്കലും വർഗീയതയോടു സന്ധി ചെയ്യാത്ത ആളാണ് കരുണാകരൻ. കിട്ടിയ സ്ഥാനങ്ങളെ കുറിച്ചൊക്കെ ഓർക്കണം. നേമത്തെ അക്കൗണ്ട് പൂട്ടിച്ചിട്ട് ഒരു ഇഡിയും എന്റെ അടുത്തേക്കു വന്നില്ല. ഈ പരിപ്പൊന്നും വടകരയിൽ വേവില്ല. പാർട്ടി പറഞ്ഞാൽ ശക്തമായി വടകരയിൽ പോരാടുമെന്നും മുരളീധരൻ പറഞ്ഞു.

 

അതേസമയം ബിജെപിയിൽ ചേരാനൊരുങ്ങുന്ന പത്മജ വേണുഗോപാലിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. പത്മജയ്ക്ക് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നു സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വിജയം ഉറപ്പായിരുന്ന സീറ്റുകളാണു നൽകിയിരുന്നത്. പാർട്ടിയിൽ വലിയ സ്ഥാനങ്ങളാണ് എന്നും നൽകിയിരുന്നതെന്നും നേതാക്കൾ പറഞ്ഞു.

പത്മജയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) പേടിയാണെന്നും അതുകൊണ്ടാണു ബിജെപിയിലേക്കു പോകുന്നതെന്നും കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആരോപിച്ചു. പത്മജയുടെ ഭര്‍ത്താവിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നെന്നും അവർ ബിജെപിയിൽ ചേരുന്നതു നിര്‍ഭാഗ്യകരമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കെ.കരുണാകരന്റെ മകൾ ബിജെപിയിൽ പോകുമെന്നു കരുതുന്നില്ലെന്നു മഹിള കോൺഗ്രസ്‌ പ്രസിഡന്റ്‌ ജെബി മേത്തർ എംപി പ്രതികരിച്ചു. എല്ലാ തരത്തിലുള്ള ബഹുമാനവും പാർട്ടി പത്മജയ്ക്കു നൽകിയിട്ടുണ്ട്. ആരുടെയെങ്കിലും പാർട്ടി മാറ്റം കോൺഗ്രസിനെ ബാധിക്കില്ലെന്നും ജെബി മേത്തർ പറഞ്ഞു.

കോൺഗ്രസ് വിട്ട് പത്മജ ബിജെപിയിൽ ചേരുമെന്നു ഭർത്താവ് ഡോ.വേണുഗോപാൽ സ്ഥിരീകരിച്ചു. കോൺഗ്രസിൽനിന്നുള്ള വലിയ അവഗണനയിൽ പത്മജ വേദനിക്കുന്നതു കണ്ടിട്ടുണ്ട്. പത്മജ എന്തു തീരുമാനമെടുത്താലും അതിനെ പിന്തുണയ്ക്കും. കെ.കരുണാകരൻ സ്മാരക നിർമാണം വൈകുന്നതിൽ അവർ അസ്വസ്ഥയായിരുന്നു. രാഷ്ട്രീയമാറ്റമെന്ന തീരുമാനം നേരത്തേ ഉണ്ടായിരുന്നില്ല. മികച്ച അവസരം വന്നപ്പോൾ ശ്രമിച്ചുനോക്കാമെന്നു വിചാരിച്ചതാണെന്നും വേണുഗോപാൽ വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തള്ളിയാണു പത്മജയുടെ ബിജെപി പ്രവേശനം. ഡൽഹിയിലെത്തിയ പത്മജ ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണു പത്മജയുടെ നീക്കങ്ങളെന്നാണു സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായേക്കും എന്നും അഭ്യൂഹമുണ്ട്. വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ് നൽകാത്തതും തന്നേക്കാൾ ജൂനിയറായവരെ രാജ്യസഭയിലേക്ക് അയച്ചതുമാണു പത്മജയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!