ജാമ്യം കിട്ടിയതിനു പിന്നാലെ വീണ്ടും അറസ്റ്റിന് നീക്കം; കോടതിയിലേക്ക് ഓടിക്കയറി മുഹമ്മദ് ഷിയാസ്, കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ, സംഘർഷാവസ്ഥ – വീഡിയോ

കൊച്ചി: നേര്യമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനൊപ്പം കോടതി ജാമ്യം അനുവദിച്ച എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ നീക്കം.

കോതമംഗലം കോടതി ജാമ്യം അനുവദിച്ചതിനു തൊട്ടുപിന്നാലെയാണ് പൊലീസ് വാഹനം ആക്രമിച്ചെന്ന കേസിൽ മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. ഇതോടെ മുഹമ്മദ് ഷിയാസ് കോടതിയിലേക്ക് ഓടിക്കയറി. സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും മുഹമ്മദ് ഷിയാസിനെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം തടഞ്ഞ് രംഗത്തെത്തി. തുടർന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിളിപ്പിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ഇവർക്കു പുറമേ കേസിൽ പ്രതികളായ മറ്റു പതിനാലു പേർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്ത കുഴൽനാടനും ഷിയാസിനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ ഇവരുടെ ജാമ്യാപേക്ഷകളിൽ വാദം കേട്ട കോടതി, ഇടക്കാല ജാമ്യം നീട്ടിനൽകിയ ശേഷം വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചിരിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

ജാമ്യം ലഭിച്ച ഉത്തരവില്‍ ഷിയാസ് ഒപ്പിട്ടിരുന്നില്ല. നാലുമണിവരെ കോടതിയില്‍ തുടരാനാണ് ഇവരുടെ തീരുമാനം. എന്നാൽ, ഇതിനുശേഷം പുറത്തിറങ്ങിയാലും അറസ്റ്റുചെയ്യാന്‍ തന്നെയാണ് പോലീസ് നീക്കം.

മൃതദേഹവുമായി പ്രതിഷേധം നടത്തിയ കേസിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണു പൊലീസ് കേസെടുത്തത്. ആശുപത്രിയിൽ ആക്രമണം, മൃതദേഹത്തോട് അനാദരവ് അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഷിബു തെക്കുംപുറം എന്നിവരെയും പ്രതിചേർത്തിരുന്നു. മാത്യു കുഴൽനാടനാണ് ഒന്നാം പ്രതി.

.
.

തിങ്കളാഴ്ചയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഇടുക്കി അടിമാലി കാഞ്ഞിരവേലി മുണ്ടോകണ്ടത്തിൽ ഇന്ദിര (72) കൊല്ലപ്പെട്ടത്. തുടർന്ന് മൃതദേഹവുമായി കോതമംഗലത്ത് അരങ്ങേറിയ പ്രതിഷേധം പൊലീസ് അടിച്ചമർത്തിയിരുന്നു. ഇന്ദിരയുടെ മൃതദേഹം ഉൾപ്പെടുന്ന മൊബൈൽ ഫ്രീസർ റോഡിലൂടെ വലിച്ചുകൊണ്ടുപോയാണ് ആംബുലൻസിൽ കയറ്റിയത്.

രാത്രി വൈകി വീണ്ടും ബലപ്രയോഗം നടത്തിയ പൊലീസ് മാത്യു കുഴൽനാടൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്തിരുന്നു. സമരപ്പന്തലിലുണ്ടായിരുന്ന മുഹമ്മദ് ഷിയാസ് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണു പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്നു സമരപ്പന്തലിലുണ്ടായിരുന്ന മാത്യു കുഴൽനാടനെയും അറസ്റ്റ് ചെയ്തു. പുലർച്ചെ രണ്ടരയോടെ ഇരുവർക്കും ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

View this post on Instagram

 

A post shared by News Desk (@malayalamdeskmail)

Share
error: Content is protected !!