മലയാളി പെൺകുട്ടിക്ക് നേരെയുള്ള ആസിഡ് ആക്രമണം: നിലമ്പൂർ സ്വദേശിയായ പ്രതി എത്തിയത് അര ലിറ്റർ ആസിഡുമായി; ആക്രമണത്തിൽ അമ്പരന്ന് നാട്
മലയാളി വിദ്യാർഥിനിക്കു നേരെ കേരളത്തിൽ നിന്നെത്തിയ മറ്റൊരു മലയാളി വിദ്യാർഥി നടത്തിയ ആസിഡ് ആക്രമണം ദക്ഷിണ കന്നഡ ജില്ലയെ നടുക്കി. പരീക്ഷയ്ക്കുള്ള അവസാന വട്ട ഒരുക്കങ്ങളും പൂർത്തിയാക്കി വിദ്യാർഥികൾ പരീക്ഷാ ഹാളിലേക്ക് കയറുന്നതിന് തൊട്ടു മുൻപെയാണ് കഡബ സർക്കാർ പിയു (പ്ലസ് ടു) കോളജിനെ ഞെട്ടിച്ച് ആസിഡ് ആക്രമണം നടന്നതെന്ന് കോളജിൽ ഉണ്ടായിരുന്ന പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ കെ.പി.സലീൻ ഓർത്തെടുക്കുന്നു.
മാർച്ച് 1 മുതൽ 24 വരെയാണ് കോളജിൽ പരീക്ഷ നടക്കുന്നത്. രണ്ടാം പരീക്ഷാ ദിനമായ ഇന്നലെ സയൻസ് വിഭാഗത്തിലെ വിദ്യാർഥികൾ മാത്രമേ കോളജിൽ എത്തിയിരുന്നുള്ളു. രാവിലെ 10ന് പരീക്ഷാ ഹാളുകൾ തുറക്കുന്നത് വരെ വരാന്തയിൽ ഇരുന്നാണ് വിദ്യാർഥികൾ അവസാന വട്ട ഒരുക്കങ്ങൾ നടത്തുന്നത്. 9.50ന് വിദ്യാർഥികളുടെ കരച്ചിലും ബഹളവും കേട്ടാണ് താൻ ഉൾപ്പെടെയുള്ള അധ്യാപകർ സംഭവം നടന്നിടത്തേക്ക് ഓടിയെത്തിയത്.
കോളജ് യൂണിഫോമിൽ തൊപ്പിയും മുഖംമൂടിയും ധരിച്ച ഒരാൾ പുറത്തേക്ക് കുതറി ഓടുന്നതു കണ്ടു. ധരിച്ച യൂണിഫോമിന്റെ ചില ഭാഗങ്ങൾ വരാന്തയിൽ കരിഞ്ഞ നിലയിലുണ്ടായിരുന്നു. ചെവിക്കും കഴുത്തിനും പൊള്ളലേറ്റ് വിദ്യാർഥിനി കരഞ്ഞിരിക്കുന്നതു കണ്ടതോടെയാണ് ആസിഡ് ആക്രമണം ആണ് നടന്നതെന്ന് മനസ്സിലായത്. കരിഞ്ഞ മുടിയുടെയും നിലത്ത് വീണു കിടന്ന ആസിഡിന്റെയുമൊക്ക ദുർഗന്ധവും ഞങ്ങളെ ആകെ പരിഭ്രാന്തരാക്കി. ഉടൻ തന്നെ മറ്റ് വിദ്യാർഥികൾ 200 മീറ്ററോളം പുറകെ ഓടിയാണ് പ്രതിയെ പിടികൂടി പൊലീസിനു കൈമാറിയത്.
വിദ്യാർഥികൾ ക്ലാസ് മുറികളിലേക്ക് കയറുന്നതിന് തൊട്ട് മുൻപായാണ് പ്രതി അര ലീറ്റർ വരുന്ന കുപ്പിയിൽ ആസിഡുമായി പെൺകുട്ടികളുടെ അടുത്തേക്ക് നടന്ന് എത്തിയത്. കോളജ് യൂണിഫോം ധരിച്ചിരുന്നതിനാൽ ആരും തന്നെ സംശയിച്ചിരുന്നില്ല. കോളജിലെ യൂണിഫോം പ്രതിക്ക് എവിടെ നിന്ന് കിട്ടി എന്നത് വ്യക്തമല്ല. വിദ്യാർഥിനിയുടെ മുഖത്തേക്കാണ് ആസിഡ് ഒഴിക്കാൻ ശ്രമിച്ചത് എന്നാണ് മനസ്സിലാക്കുന്നത്. വിദ്യാർഥിനി കണ്ണട വച്ചതിനാൽ കണ്ണിന് സാരമായ പരുക്കുകൾ പറ്റിയിട്ടില്ല. ചെവിക്കും കഴുത്തിനുമാണ് ആസിഡ് തെറിച്ചത്. കൂടെ ഉണ്ടായിരുന്ന രണ്ട് സഹപാഠികളുടെ കൈകളിലും അത് പതിച്ചു. ഉടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും മറ്റ് വിദ്യാർഥികളും അധ്യാപകരും സമയോചിതമായി ഇടപെട്ടതോടെയാണ് പ്രതിയെ പിടി കൂടാനായത്. തന്റെ കാറിൽ വിദ്യാർഥിനിയെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് പൊലീസിനെ വിവരം അറിയിച്ചത്’– സലീൻ പറഞ്ഞു.
സംഭവത്തിൽ മലപ്പുറം നിലമ്പൂർ സ്വദേശിയും എംബിഎ വിദ്യാർഥിയുമായ അബിൻ (23) ആണ് അറസ്റ്റിലായത്. കഡബയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ പെൺകുട്ടിക്കു നേരെയാണ് അബിൻ ആസിഡ് ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന 2 വിദ്യാർഥിനികൾക്കും പരുക്കേറ്റു. 3 പേരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ കേരളത്തിൽനിന്ന് ഇവിടെയെത്തിയ പ്രതി വിദ്യാർഥിനികൾ പരീക്ഷാഹാളിലേക്കു പ്രവേശിക്കുന്നതിനിടെ ആക്രമണം നടത്തുകയായിരുന്നു. അബിനും പെൺകുട്ടിയും പരിചയത്തിലായിരുന്നെന്നും പ്രണയനൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്നുമാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. രണ്ടാം വർഷ പിയുസി വിദ്യാർഥിനികളാണു പരുക്കേറ്റവർ. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു പൊലീസ് അറിയിച്ചു. കഡബ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക