വീണ്ടും വന്യജീവി ആക്രമണങ്ങൾ; കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു, തൃശൂരിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

കോഴിക്കോട്: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇന്നും രണ്ടുപേർ മരിച്ചു. കോഴിക്കോട്ടും തൃശൂർ വാഴച്ചാലിലുമാണ്‌ വന്യമൃഗ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം (അവറാച്ചൻ-70) ആണ് മരിച്ചത്. തൃശ്ശൂര്‍ വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തിൽ വാച്ച്മരത്തെ ഊരു മൂപ്പന്‍ രാജന്റെ ഭാര്യ വത്സ (62)യും മരിച്ചു.

ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടത്. കക്കയം ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിന‌ു സമീപത്തെ കൃഷിയിടത്തിൽ വച്ചാണ് കാട്ടുപോത്ത് കുത്തിയത്. കക്ഷത്തിൽ ആഴത്തിൽ കൊമ്പ് ഇറങ്ങി. ഗുരുതരാവസ്ഥയിലായ ഏബ്രഹാമിനെ കൂരാച്ചുണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

കുത്തേറ്റ് കിടന്ന ഏബ്രഹാമിനെ ഒരുമണിക്കൂറോളം കഴിഞ്ഞാണ് കണ്ടത്. ഈ സമയം കൊണ്ട് ധാരാളം രക്തം വാർന്നുപോയിരുന്നു. മെഡിക്കൽ കോളജിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് വിവരം. അതേസമയം, ഡിസിസി പ്രസി‍ഡന്റ് പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ മൃതദേഹം വിട്ടുകൊടുക്കാതെ മെഡിക്കൽ കോളജിൽ പ്രതിഷേധിക്കുകയാണ് നാട്ടുകാർ. രണ്ട് മാസം മുമ്പ് കക്കയത്ത് അമ്മയേയും കുഞ്ഞിനേയും കാട്ടുപോത്ത് ആക്രമിച്ചിരുന്നു. ഇതിന് ശേഷവും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

 

മൂന്ന് ദിവസമായി കാട്ടുപോത്തുകൾ കക്കയത്തും പരിസരത്തുമായി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ഇന്നലെ പുലർച്ചെ ചാലിടം അങ്ങാടിയിലും കാട്ടുപോത്തിനെ കണ്ടു. രാവിലെ ഏഴുമണിയോടെ പ്രദേശവാസിയുടെ വീട്ടുമുറ്റത്തും കാട്ടുപോത്ത് എത്തി. കാട്ടുപോത്ത് ഇറങ്ങിയതോടെ കല്ലാനോട് തോണിക്കടവ്, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ടു. കാട്ടുപോത്തുകളെ നിരീക്ഷിക്കാൻ വനപാലക സംഘം പട്രോളിങ് നടത്തിയിരുന്നു. കക്കയം വനമേഖലയിൽനിന്ന് പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കയറിയാണു കാട്ടുപോത്ത് ജനവാസ കേന്ദ്രത്തിൽ എത്തിയത്. ഏതാനും ആഴ്ചകൾക്കു മുമ്പ് കക്കയം ഡാം സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികൾക്കും കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

 

വാച്ച്മരത്ത് കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് 3.30-നായിരുന്നു സംഭവം. വാഴച്ചാലിനും പെരിങ്ങല്‍കുത്ത് അണക്കെട്ടിനും ഇടയിലായി വനത്തിനുള്ളിലുള്ള പ്രദേശത്താണ് വാച്ചുമരം കോളനി.

വാച്ചുമരം കോളനി മൂപ്പനായ രാജനും ഭാര്യ വത്സയും കൂടി ആണ് കാടിനുള്ളില്‍ വിഭവങ്ങള്‍ ശേഖരിക്കാനായി പോയത്. ഇതിനിടെയാണ് കാട്ടാന ഇവരെ ആക്രമിച്ചത്. വത്സയുടെ നെഞ്ചിലാണ് ആന ചവിട്ടയത്. സ്വതവേ സ്വാധീന കുറവുള്ള മൂപ്പന്‍ അലറി വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞതിനുശേഷം ആണ് ആന അവിടെ നിന്നും പോയത്. ഇതിനുശേഷം കോളനിക്ക് സമീപമെത്തി ആളുകളെ കൂട്ടി വത്സയ്ക്കടുത്തെത്തുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മരിച്ച ഇവരുടെ മൃതദേഹം താമസിയാതെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരും എന്നാണ് അറിയുന്നത്.

ഇടുക്കി അടിമാലി കാഞ്ഞിരവേലി മുണ്ടോകണ്ടത്തിൽ ഇന്ദിര കാട്ടാനയുടെ ആക്രമണത്തിൽ ഇന്നലെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് കേരളത്തിൽ കാട്ടാനക്കലി ഒരു ജീവൻ കൂടി എടുത്തത്.

Share
error: Content is protected !!