‘വേദനാജനകമായ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടി വന്നു; ആശ്രിത ലെവി പുനഃപരിശോധിക്കുന്നതിനെ കുറിച്ച് ആലോചിക്കും’ – സൗദി ധനകാര്യ മന്ത്രി

സൌദിയിൽ വിദേശികളുടെ ആശ്രിതർക്ക് മേൽ ചുമത്തിയിട്ടുള്ള പ്രതിമാസ ലെവി പുനഃപരിശോധിക്കുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദാന്‍ വ്യക്തമാക്കി. ജലം, വൈദ്യുതി  തുടങ്ങി നിരവധി കാര്യങ്ങളിൽ നിന്ന് സമ്പദ്‌വ്യവസ്ഥയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ നിന്ന് വിദേശികളുടെ ആശ്രിതർക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. ഇക്കാരണത്താൽ ലെവി ഈടാക്കൽ അനിവാര്യമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തമാനിയ  ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ കാലങ്ങളിൽ ചില കടുത്ത സാമ്പത്തിക തീരുമാനങ്ങൾ എടുക്കേണ്ടി വന്നിട്ടുണ്ട്. അത് അനിവാര്യമായിരുന്നു. മൂല്യവർധിത നികുതി ഏർപ്പെടുത്തിയത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. എന്നാൽ പൊതു ധനകാര്യങ്ങളും കരുതൽ ധനവും സംരക്ഷിക്കുന്നതിന് അത് മാത്രമായിരുന്നു വഴിയെന്നും മന്ത്രി പറഞ്ഞു.

2017 മുതലാണ്​ പ്രവാസികളുടെ ആശ്രിതകർക്ക് ലെവി ഈടാക്കി തുടങ്ങിയത്. അന്ന് അത് അനിവാര്യമായിരുന്നു. 2015 മുതലാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക മേഖലയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. വാറ്റ് ചുമത്തൽ, അലവൻസുകൾ നിർത്തലാക്കൽ, വിദേശികളുടെ ആശ്രിതർക്ക്​ പ്രതിമാസ ലെവി ചുമത്തൽ എന്നിങ്ങിനെയുള്ള പല കടുത്ത സാമ്പത്തിക തീരുമാനങ്ങളും എടുക്കേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സ്ഥിരത വളരെ പ്രധാനമാണ്. വരുമാനം വൈവിധ്യവത്കരിക്കുകയും സാമ്പത്തിക പദ്ധതികളിൽ എണ്ണ വരുമാനത്തിൻ്റെ ആഘാതം ലഘൂകരിക്കുകയും ചെയ്യേണ്ടത് വളരെ ആവശ്യമായിരുന്നു. 3 വർഷത്തിനുശേഷം, 2020 മാർച്ചിൽ നമ്മൾ നോക്കുകയാണെങ്കിൽ, കോവിഡ് മഹാമാരി വന്നു. അതിനുശേഷം എണ്ണ വിപണികൾ തകർന്നു, ഭാവിയിലെ കരാറുകളിൽ എണ്ണ “കുറവായി”, ആരോഗ്യപരമായ നിങ്ങളുടെ ആവശ്യങ്ങളും ഇതിന് തെളിവാണ്.  കൂടാതെ പൗരന്മാരെയും സമ്പദ്‌വ്യവസ്ഥയെയും ബിസിനസുകളെയും പിന്തുണയ്ക്കാനുള്ള ആവശ്യങ്ങളും ഇരട്ടിയായി. എഴുപത് ഡോളറുണ്ടായിരുന്ന എണ്ണ വില 18 ഡോളറായി കുറഞ്ഞു…

വേദനാജനകമായ തീരുമാനങ്ങൾ ഉണ്ടായി എന്നത് ശരിയാണ്, എന്നാൽ ഇതിലും മികച്ചതൊന്നും സാധ്യമായിരുന്നില്ല. ഇപ്പോൾ നമുക്ക് അതിൻ്റെ ഫലങ്ങൾ നോക്കേണ്ടതുണ്ട്. തൊഴിലില്ലായ്മ കുറഞ്ഞു, തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായി വർദ്ധിച്ചു, ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം ഇരട്ടിയായി.

സൗദി അറേബ്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങൾ വേദനാജനകമായിരുന്നു, പക്ഷേ ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.  പൊതു ധനകാര്യം നിയന്ത്രിക്കുന്നതിനും കമ്മി കുറയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിൽ വിവിധ നല്ല ഫലങ്ങൾ കൈവരിക്കുന്നതിനും വേണ്ടിയാണ് അത്തരം പരിഷ്കാരങ്ങൾ കൊണ്ടുവന്നതെന്നും ധനമന്ത്രി പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!