‘ജയിച്ചാൽ മാതാവിന് 10 ലക്ഷത്തിൻ്റെ സ്വർണം നേർച്ച; കിരീടത്തിനുള്ള സ്വർണത്തിൽ പകുതി തിരിച്ചുതന്നു’ – സുരേഷ് ഗോപി, വീണ്ടും പരിഹാസവുമായി സോഷ്യൽ മീഡിയ
തൃശൂർ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ലൂർദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വർണം നേർച്ചയെന്ന് നടനും ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപി. ലൂർദ് മാതാവിന്റെ പള്ളിയിൽ സുരേഷ് ഗോപി സമർപ്പിച്ച കിരീടം സ്വർണമല്ലെന്നു വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
‘‘നേർച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആൾക്കാർ എന്നെ നയിക്കുകയാണ്. കിരീടം പണിയാൻ കൊടുത്ത സ്വർണത്തിൽ പകുതിയും പണിതയാൾ തിരിച്ചുനൽകി. അതുചേർക്കാൻ പറ്റില്ലെന്നാണ് പറഞ്ഞത്. ഒരു കല്ലെങ്കിലും പതിപ്പിക്കണമെങ്കിൽ 18 കാരറ്റ് സ്വർണമായിരിക്കണം. അതിനു തയാറാണ്. അപ്പോഴും വലിയ വിലവ്യത്യാസം വരില്ല. ഇനി ഇവന്മാർ അതു ചുരണ്ടാൻ വരുമോ?’’ – സുരേഷ് ഗോപി ചോദിച്ചു.
തന്റെ ആചാരപ്രകാരമാണ് കിരീടം സമര്‍പ്പിച്ചതെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നീചമായ വർഗീയ പ്രചാരണമാണ് നടക്കുന്നത്. ആരാണ് വർഗീയത പ്രചരിപ്പിക്കുന്നതെന്ന് മനസ്സിലായില്ലേ? എത്രയോ ആളുകൾ ചെയ്യുന്നു. ഞാൻ ചെയ്തതിനേക്കാൾ മേലെയും താഴെയും ചെയ്യുന്നവരുണ്ട്. മാതാവ് അത് സ്വീകരിക്കും. എന്റെ ത്രാണിക്കനുസരിച്ചാണ് കിരീടം നൽകിയത്. വിശ്വാസികള്‍ക്ക് അത് പ്രശ്‌നമല്ല. കിരീടത്തിന്റെ കണക്കെടുക്കാൻ നടക്കുന്നവർ കരുവന്നൂർ അടക്കം സഹകരണ ബാങ്കുകളിലേക്ക് പോകണം. അവിടെ ചോരയും ജീവനും നഷ്ടപ്പെട്ടവരുടെ കണക്കെടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സുരേഷ് ഗോപി കുടുംബ സമേതം പള്ളിയിലെത്തി സ്വർണകിരീടം സമർപ്പിച്ചത്. മകളുടെ വിവാഹത്തിന് മുൻപായി ലൂര്‍ദ് മാതാവിന് സ്വർണക്കിരീടം സമർപ്പിക്കുമെന്ന് നേർച്ചയുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ സ്വർണക്കിരീടം എന്ന പേരില്‍ ചെമ്പിൽ സ്വർണം പൂശി നല്‍കിയെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലടക്കം വലിയതോതിൽ പ്രചരിച്ചു. ലൂർദ് ഇടവകാ പ്രതിനിധി യോഗത്തിൽ കൗൺസിലർ ലീല വർഗീസ് കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന ആവശ്യം ഉന്നയിച്ചു. ഇതോടെ ഇക്കാര്യം പരിശോധിക്കാൻ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. പള്ളി വികാരി ഉൾപ്പെടെ അഞ്ചംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.
അതേ സമയം സുരേഷ് ഗോപിയുടെ പുതിയ വാഗ്ദാനത്തിനെതിരെയും സമൂഹമാധ്യമങ്ങളിൽ ട്രോളുകളും പരിഹാസവും നിറയുകയാണ്. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ 10 ലക്ഷം എന്നല്ല, 10 കോടി രൂപയുടെ സ്വർണവും ധൈര്യമായി നേർച്ചയാക്കാമെന്നാണ് ചിലരുടെ പ്രതികരണം. ജയിച്ചിട്ട് വേണ്ടേ എന്ന് വേറെ ചിലർ, പ്രധാനമന്ത്രിക്ക് നൽകിയ സ്വർണ തളികയും പരിശോധിക്കാൻ തയ്യാറുണ്ടോ എന്നാണ് മറ്റു ചിലരുടെ പരിഹാസം. മകൾക്ക് വിവാഹത്തിന് കൊടുക്കുന്ന സ്വർണത്തിൻ്റെ മാറ്റ് നോക്കാൻ അമ്മായി അപ്പൻ എവിടെ പോകുമെന്ന് ചോദിക്കുന്നവരും കുറവല്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക