മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും മറ്റു 13 പേരും അറസ്റ്റിൽ; പ്രതിഷേധക്കാർ പൊലീസ് ബസും ജീപ്പും അടിച്ച് തകർത്തു, സംസ്ഥാനത്തൊട്ടാകെ വൻ പ്രതിഷേധം

കോതമംഗലം∙ നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ അറസ്റ്റിൽ. കൂടാതെ പ്രതിഷേധ സമരം നടത്തിയ മറ്റു 13 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രി 11 മണിയോടെയാണ് അറസ്റ്റ് ചെയ്തത്.

കോതമംഗലത്ത് പ്രതിഷേധ സമരം നടത്തികൊണ്ടിരുന്ന സമര പന്തലിൽ എത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. ബലം പ്രയോഗിച്ചാണ് പൊലീസ് എംഎൽഎ അടക്കമുള്ളവരെ സമരപന്തലിൽ നിന്നും അറസ്റ്റ് ചെയ്തത്. തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് ബസും ജീപ്പും കോൺഗ്രസ് പ്രവർത്തകർ തകർത്തു. ഇരു വാഹനങ്ങളുടേയും ചില്ലുകൾ പ്രവർത്തകർ എറിഞ്ഞു തകർത്തു. ഇതിനെ തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ആശുപത്രിയിൽ ആക്രമണം നടത്തി, മൃതദേഹത്തോട് അനാദരവ് കാട്ടി തുടങ്ങിയവ അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. അറസ്റ്റ് ചെയ്ത നേതാക്കളെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം കോതമംഗലം പോലീസ് സ്റ്റേഷനിലെത്തിച്ചു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ നേതാക്കളും പ്രവർത്തകരും കോതമംഗലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം ആരംഭിച്ചിട്ടുണ്ട്. സെക്രട്ട്രറിയേറ്റിന് മുന്നിൽ വൻ പ്രതിഷേധമാണ്  നടക്കുന്നത്. കെഎസ് യു, യൂത്ത് കോണ്ഗ്രസ്, കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നു. മറുഭാഗത്ത് പൊലീസും നിലയുറപ്പിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് പരിസരത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരത്ത് പോലീസും കോണ്ഗ്രസ് പ്രവർത്തകരും  തമ്മിൽ  ഉന്തു തള്ളുമുണ്ടായി. എറണാംകുളത്തും മറ്റു നഗരങ്ങളും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. പുലർച്ചയോടെ പ്രതിഷേധം സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചേക്കുമെന്നാണ് സൂചന.

എല്ലാ ജില്ലാകളിലും പ്രതിഷേധമുണ്ടാകുമെന്ന് പ്രതിപക്ഷ  നേതാവ് പറഞ്ഞു. ശമ്പളം മുടങ്ങിയതുൾപ്പെടെയുള്ള വലിയ വലിയ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാനുള്ള സർക്കാരിൻ്റെ വിലകുറഞ്ഞ ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

റോഡ് ഉപരോധത്തിനെതിരെ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഷിബു തെക്കുംപുറം എന്നിവരെ പ്രതിചേർത്തു. മാത്യു കുഴൽനാടനാണ് ഒന്നാംപ്രതി. കാട്ടാന കൊലപ്പെടുത്തിയ ഇന്ദിര രാമകൃഷ്ണന്റെ (72) മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിനു മേൽ കിടന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റി. മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റി. മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്.

ജനപ്രതിനിധികളെയും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയതിനു ശേഷമാണ് പൊലീസ് മൃതദേഹം കൊണ്ടുപോയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുനീക്കുകയും ചെയ്തു. കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടന്നത്.

.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!