ആകാശ എയറിൻ്റെ അന്താരാഷ്ട്ര സർവീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ദോഹയിൽ നിന്നുള്ള സർവീസ് മാർച്ച് 28 മുതൽ ആരംഭിക്കും

ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയര്‍ലൈന്‍സിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. മാര്‍ച്ച് 28 മുതല്‍ ആരംഭിക്കുന്ന ദോഹ – മുംബൈ സര്‍വീസിന്റെ വിമാന ടിക്കറ്റുകളുടെ വിൽപ്പനയാണ് ആരംഭിച്ചത്. തുടക്കത്തിൽ ആഴ്ചയിൽ നാല് നോണ്‍-സ്റ്റോപ്പ് ഫ്ലൈറ്റുകളാവും മുംബൈയ്ക്കും ദോഹയ്ക്കും ഇടയില്‍ സർവീസ് നടത്തുക.

ഓണ്ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 1,272 ഖത്തര്‍ റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. മാര്‍ച്ച് 28 മുതല്‍ ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് ആകാശ എയര്‍ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഖത്തറില്‍ നിന്ന് പ്രാദേശിക സമയം രാത്രി 8:40ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലര്‍ച്ചെ 2:45 ന് മുംബൈയില്‍ എത്തും. മുംബൈയില്‍ നിന്ന് വൈകിട്ട് 5:45 ന് പുറപ്പെടുന്ന വിമാനം രാത്രി 7:40 ന് ദോഹയില്‍ തിരിച്ചെത്തും.

ദോഹയില്‍ നിന്ന് ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രമായ മുംബൈയുമായി സര്‍വീസുകള്‍ നടത്തുന്നതിലൂടെ ഇരു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ടൂറിസം, വാണിജ്യം, ഉഭയകക്ഷി ബന്ധം എന്നീ മേഖലകളില്‍ സുഗമമായി ഇടപെടാനാകുമെന്ന് ആകാശ എയര്‍ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു.

2022 ഓഗസ്റ്റിലാണ് ആകാശ എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിച്ചത്. നിലവില്‍ 23 ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളത്. ഇന്ത്യയിലെ 19 നഗരങ്ങളെ ബന്ധിപ്പിച്ച് നിലവില്‍ എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം വൈകാതെ തന്നെ മിഡില്‍ ഈസ്റ്റില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ആകാശ എയര്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!