കിടപ്പാടം വിറ്റ് 90,000 രൂപ വിസക്ക് കൊടുത്തു, എത്തിപ്പെട്ടത് മരുഭൂമിയിൽ ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലിയിൽ, ഒടുവിൽ ആ ഒരൊറ്റ ഫോൺ കോളിൽ ജീവിതം മാറി മറിഞ്ഞു! മരുഭൂ ജീവിതത്തിന് അവസാനം

മരുഭൂമിയുടെ ഉള്ളറകളിൽ കൊടും പീഡനങ്ങളേറ്റ് കഴിയേണ്ടി വന്ന രണ്ട് മനുഷ്യജീവനുകളെ രക്ഷിക്കാൻ റിയാദിലെ സാമൂഹിക പ്രവർത്തകൻറെ സാഹസിക ഇടപെടൽ. ഉത്തർ പ്രദേശ് ലഖനൗ സ്വദേശികളായ ശ്യാംലാൽ, ഹസ്നൈൻ എന്നിവരാണ് പ്രതീക്ഷകൾ അസ്തമിച്ചിടത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അപ്രതീക്ഷിതമായെത്തിയ ഒരു ഫോൺ വിളിയെ പിന്തുടർന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ മരുഭൂമിയിലുടെ താണ്ടി ചെന്നാണ് സിദ്ദീഖ് തുവ്വുർ ഇവർക്ക് പുതുജീവിതം നൽകിയത്.

ജീവിതപ്രയാസങ്ങൾക്ക് അറുതി വരുത്താൻ കിടപ്പാടം വിറ്റുകിട്ടിയ 90,000 രൂപ കൊടുത്ത് വാങ്ങിയ വിസയിലാണ് നാലര വർഷം മുമ്പ് ശ്യാംലാൽ ഗൾഫിലേക്ക് ഡ്രൈവർ ജോലിക്കായി വിമാനം കയറിയത്. 250 ഓളം ഒട്ടകങ്ങളടങ്ങുന്ന മസറയിൽ (ഫാമിൽ) അവയെ പരിപാലിക്കുന്ന ജോലിയാണ് കിട്ടിയത്. എല്ലാം സഹിച്ച് ഒരു വർഷത്തോളം ജോലിചെയ്തിട്ടും ശമ്പളം പോലും കിട്ടാതെ വന്നതോടെ നാട്ടിലേക്ക് തിരിച്ചയക്കാൻ ആവശ്യപ്പെട്ടു. ഗൾഫിലെ മറ്റൊരു രാജ്യത്തായിരുന്ന ശ്യാംലാലിനെ എങ്കിൽ സൗദിയിൽ നല്ല ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തൊഴിലുടമ ഇവിടെ മരുഭൂമിയിലേക്ക് കൊണ്ടുവരുകയായിരുന്നു.

സമാന അനുഭവം തന്നെയാണ് ഒപ്പമുണ്ടായിരുന്ന ഹസ്നൈനുമുണ്ടായത്. 10 മാസം മുമ്പാണ് ഇയാൾ ഒട്ടകങ്ങളെ നോക്കുന്നതിനുള്ള ജോലിക്ക് എത്തിയത്. കിഴക്കൻ പ്രവിശ്യയിലെ ഖറിയത്തുൽ ഉലക്കടുത്തുള്ള ഉമ്മു അഖ്ല പൊലീസ് സ്റ്റഷൻ പരിധിയിൽ നിന്ന് ഏതാണ്ട് 100 കിലോമീറ്ററകലെ മരുഭൂമിയിലായിരുന്നു രണ്ടുപേരും ഉണ്ടായിരുന്നത്. ഭക്ഷണവും ശമ്പളവുമില്ലാതെ കടുത്ത പീഡനങ്ങളേറ്റ് അടിമകളെപ്പോലെ കഴിയേണ്ടി വന്ന ഇവർ രക്ഷപ്പെടാൻ പല വഴികളും ആലോചിക്കുകയായിരുന്നു. ഇത്തരത്തിൽ മരുഭൂമിയിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ ഒരാൾ ഹസ്നൈന് സിദ്ദീഖ് തുവ്വുരിെൻറ ഫോൺ നമ്പർ നൽകുകയായിരുന്നു. കുടുംബം ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും ചെയ്തിരുന്നു.

തുടർന്ന് എംബസി ഇവരെ രക്ഷപ്പെടുത്തുന്നതിനുള്ള ചുമതല സിദ്ദീഖിനെ ഏൽപിക്കുകയുമായിരുന്നു. എംബസി നൽകിയ കത്തുമായി റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഉമ്മു അഖ്ല പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇതൊരു തൊഴിൽ പ്രശ്നമാണന്ന് പറഞ്ഞ് അവർ ആദ്യം കൈയ്യൊഴിഞ്ഞു. പക്ഷെ സിദ്ദീഖിെൻറ ഇടപെടലും ആത്മാർഥതയും മനസിലാക്കി അവർ കൂടെ ചെല്ലാമെന്ന് പറഞ്ഞു. നെറ്റ്വർക്ക് ഇല്ലാത്തതിനാൽ ഗൂഗിൾ മാപ്പ് പ്രവർത്തിക്കാത്തതിനാൽ ‘ഒസ്മാൻറ്’ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് വഴികണ്ടെത്തി മരുഭൂമിയിൽ ഇവരുള്ള സ്ഥലത്ത് എത്തുകയായിരുന്നു. സ്പോൺസറുടെ പിതാവും സഹോദരനുമാണ് അവിടെയുണ്ടായിരുന്നത്.

ശ്യാംലാൽ, ഹസ്നൈൻ എന്നിവരുടെ ദയനീയത നേരിട്ട് മനസിലാക്കിയ പൊലീസ് സ്പോൺസറുൾപ്പടെയുള്ളവരെ വിളിച്ചുവരുത്തി ശമ്പളക്കുടിശ്ശിക തീർത്തുകൊടുക്കാൻ ആവശ്യപ്പെട്ടു. ഹസ്നൈെൻറ നാലുമാസത്തെ ശമ്പളം അപ്പോൾ തന്നെ നൽകി. ശ്യാംലാലിെൻറ 31,000 റിയാൽ ഒരുമാസത്തിനകം നൽകാമെന്ന് സ്പോൺസറുടെ കരാറിൽ ഇരുവരേയും സിദ്ദീഖ് റിയാദിലേക്ക് കൊണ്ടുവന്നു.

 

(ഫോട്ടോ: ശ്യാംലാലും ഹസ്നൈനും സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനൊപ്പം (ഇടത്))

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!