ഇരമ്പിയെത്തി ജനക്കൂട്ടം; വയനാട്ടിൽ പ്രതിഷേധം ആളിക്കത്തുന്നു, എം.എൽ.എ മാർക്കെതിരെയും പൊലീസിനെതിരെയും കയ്യേറ്റശ്രം, ലാത്തിവീശി പോലീസ് – വീഡിയോ
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പുല്‍പ്പള്ളിയില്‍ ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമാകുന്നു. പ്രതിഷേധക്കാർക്കുനേരെ പോലീസ് ലാത്തിവീശി. ഇതോടെ, പോലീസിനെതിരെ കുപ്പിയേറും ഗോ ബാക്ക് മുദ്രാവാക്യങ്ങളും ഉയർന്നു.
എം.എൽ.എമാരായ ടി. സിദ്ദിഖിനേയും ഐ.സി ബാലകൃഷ്ണനെതിരേയും സ്ഥലത്ത് കൈയ്യേറ്റ ശ്രമമുണ്ടായി. മരിച്ച പോളിന്റെ കുടുംബത്തിനുള്ള സർക്കാർ പാക്കേജിനെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയുണ്ടായ ബഹളത്തിനിടെ ജനങ്ങൾ ഇവർക്കെതിരെ വെള്ളക്കുപ്പികളും കസേരകളും എറിയുകയായിരുന്നു. പോലീസെത്തിയാണ് ജനപ്രതിനിധികളെ സംഘർഷത്തിനിടയിൽ നിന്നും രക്ഷപ്പെടുത്തിയത്.
അനുനയ ശ്രമങ്ങളൊന്നും വിജയിക്കാതെ വന്നതിന് പിന്നാലെയായിരുന്നു പോലീസ് നടപടി. എന്നാൽ, ആദ്യഘട്ടത്തിൽ പോലീസ് ലാത്തി വീശിയെങ്കിലും ഉടൻ തന്നെ പിന്മാറേണ്ടി വന്നു. അത്രയധികം ജനങ്ങളാണ് നഗരമധ്യത്തിൽ സമരവുമായി ഇരമ്പിയെത്തിയിരിക്കുന്നത്. സ്ത്രീകളും, യുവതീയുവാക്കളും വൈദികന്മാരുമടക്കമുള്ളവർ പ്രദേശത്തുണ്ട്. പോലീസ് നടപടിയിൽ ചില നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും പരിക്കുകളുണ്ട്. വനംവകുപ്പിന് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് നിലവിൽ പുൽപ്പള്ളി പ്രദേശത്ത് ജനങ്ങൾ പോലീസിനെതിരെ തിരിഞ്ഞിരിക്കുന്നത്.
പ്രദേശത്ത് നിന്നും മൃതദേഹം മാറ്റുന്നതിനായുള്ള ശ്രമങ്ങളാണ് നിലവിൽ പോലീസ് തുടരുന്നത്. എന്നാൽ, തങ്ങളുന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ മൃതദേഹം വീട്ടിലേക്ക് മാറ്റാനാവില്ലെന്ന നിലപാടിലാണ് ജനങ്ങൾ. പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ, ഭാര്യക്ക് സ്ഥിരം ജോലി, മകളുടെ മുന്നോട്ടുള്ള വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണം, കടങ്ങൾ എഴുതി തള്ളണം എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചിരിക്കുന്നത്. ഇതിൽ, പോളിന്റെ കുടുംബത്തിന് 11 ലക്ഷം രൂപ അടിയന്തരമായി നൽകാൻ സർവകക്ഷിയോഗത്തിൽ തീരുമാനമായിട്ടുണ്ട്. കൂടാതെ, മകളുടെ പഠനച്ചിലവ് സർക്കാർ വഹിക്കുമെന്നും, ഭാര്യക്ക് സ്ഥിരംജോലി, 40 ലക്ഷം രൂപകൂടെ നൽകാനുള്ള ശുപാർശ സമർപ്പിക്കും എന്നിങ്ങനെയാണ് സർവകക്ഷിയോഗത്തിലുയർന്നിരിക്കുന്ന മറ്റ് തീരുമാനങ്ങൾ.
നേരത്തെ, പുൽപ്പള്ളി ടൗണിൽ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാർ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. രോഷാകുലരായി ജനക്കൂട്ടം ജീപ്പ് വളയുകയായിരുന്നു. തുടർന്ന്, ജീപ്പിന് മുകളിൽ വനംവന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വെച്ചു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാർ ജീപ്പിന് മുകളിൽ വച്ചു. സംഘർഷത്തിനിടെ, പുൽപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.ആർ. ഷാജിക്ക് ഹൃദയാഘാതമുണ്ടായി. മദ്യപിച്ചുവെന്ന് ആരോപിച്ച് ആളുകൾ മർദിച്ചതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഇദ്ദേഹത്തെ മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. അതേസമയം, വഴി തടഞ്ഞതിനെ തുടർന്നുള്ള മാനസിക സംഘർഷമാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
മാനന്തവാടി ചാലിഗദ്ദയിൽ കർഷകൻ കൊല്ലപ്പെട്ട് ഒരാഴ്ച തികയുംമുമ്പേയാണ് കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ ഒരു മരണംകൂടി റിപ്പോർട്ട് ചെയ്യുന്നത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോൾ ജോലിക്കു പോകുന്ന വഴി കാട്ടാന കൂട്ടത്തിന് മുന്നിൽപ്പെടുകയായിരുന്നു. തുടർന്ന് ഭയന്നോടിയപ്പോൾ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമായിരുന്നു മരിക്കുന്നതിന് മുമ്പ് പോൾ പറഞ്ഞത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ആദ്യം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരാഴ്ച മുമ്പായിരുന്നു ചാലിഗദ്ദയിൽ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന കർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. കർണാടകയിൽ ജനവാസമേഖലയിൽനിന്ന് വനംവകുപ്പ് പിടിച്ച് റേഡിയോകോളർ ഘടിപ്പിച്ചുവിട്ട മോഴയാനയായിരുന്നു ആക്രമിച്ചത്. തൊഴിലാളികളെ കൂട്ടാനായി പാൽവെളിച്ചം ഭാഗത്തേക്ക് പോകുമ്പോഴാണ് അജി ആനയുടെ മുന്നിലകപ്പെട്ടത്. ആനയേക്കണ്ട് സമീപത്തുണ്ടായിരുന്ന പായിക്കണ്ടത്തിൽ ജോമോന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്ന് വീട്ടിലേക്കുള്ള പടവുകൾ കയറി ഗേറ്റ് പൊളിച്ചെത്തിയ ആന അജിയെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു.
(കടപ്പാട്: മാതൃഭൂമി)
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക
ോേ്ി