വിസ ഏജൻ്റിൻ്റെ ചതി: വീട്ടുവേലക്കെത്തിയ ഇന്ത്യക്കാരിയെ ദുബായില്‍ നിന്ന് ഒമാനിലേക്ക് കടത്തി വിറ്റു; കേന്ദ്ര സര്‍ക്കാരിൻ്റെ സഹായംതേടി സഹോദരി – വീഡിയോ
ഒമാനിലെ മസ്‌കറ്റില്‍ കുടുങ്ങിയ 48 കാരിയായ ഇന്ത്യന്‍ പ്രവാസിയെ നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ കുടുംബം കേന്ദ്ര സര്‍ക്കാരിന്റെ സഹായംതേടി. വീട്ടുവേലക്കാരിയായി ജോലി നൽകാമെന്ന് പറഞ്ഞ് യുഎഇയിലേക്ക് കൊണ്ടുവന്ന ശേഷം വിസ ഏജന്റ് ചതിച്ചുവെന്നും, ഒമാനിലെ ഒരാള്‍ക്ക് ഇവരെ വില്‍പ്പന നടത്തിയെന്നും കുടുംബം ആരോപിക്കുന്നു. ഇവരെ വിട്ടുകിട്ടാൻ സ്പോണ്‍സര്‍ 2.5 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും കുടുംബം പരാതിയില്‍ പറയുന്നു. ഹൈദരാബാദിലെ ഗോല്‍കൊണ്ടയിലെ ജമാലി കുന്ത സ്വദേശിയായ ഫരീദ ബീഗമാണ് വിസ ഏജൻ്റിൻ്റെ ചതിയിൽപ്പെട്ട് നാട്ടിലേക്ക് വരാനാകാതെ ദുരിതത്തിലായത്.
ഫരീദ ബീഗത്തെ നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരാൻ ഇവരുടെ ഇളയ സഹോദരി ഫഹ്‌മീദ ബീഗമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ സഹായം തേടിയത്. ഫഹ്‌മീദ ബീഗം കേന്ദ്രസര്‍ക്കാരിന് അയച്ച കത്ത് എംബിടി (മജ്‌ലിസ് ബചാവോ തഹ്‌രീക്) നേതാവ് അംജദുല്ലാ ഖാന്‍ ജനുവരി നാല് വ്യാഴാഴ്ച എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചു. പരാതിയിലെ കാര്യങ്ങള്‍ വിശദീകരിക്കുന്ന ഫഹ്‌മീദയുടെ വീഡിയോയും പുറത്തുവിട്ടു.
2023 നവംബറിലാണ് ഫരീദ ബീഗം യുഎഇയിലെ ദുബായില്‍ വീട്ടുവേലക്കാരിയായി എത്തിയത്. ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള വിസ ഏജന്റായ വനിത ഷെനാസ് ബീഗമാണ് ഇവരെ ദുബായിലേക്ക് ജോലിക്ക് കൊണ്ടുപോയത്. ഒരു മാസം ജോലി ചെയ്ത ശേഷം അനധികൃതമായി ഒമാനിലെത്തിച്ച് മറ്റൊരു തൊഴിലുടമയക്ക് മറിച്ചുവിറ്റുവെന്നാണ് ആരോപണം.
ദുബായില്‍ അറബ് വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്യാന്‍ 1400 ദിര്‍ഹം (31,726 രൂപ) ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു റിക്രൂട്ട്‌മെന്റ്. താമസവും ഭക്ഷണവും സൗജന്യമാണെന്നും ഉറപ്പുനല്‍കി. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകള്‍ കാരണമാണ് കടല്‍കടക്കാന്‍ തീരുമാനിച്ചത്.
ജോലിയില്‍ തൃപ്തിയില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാമെന്നായിരുന്നു കരാർ. ദുബായില്‍ സ്വദേശിയുടെ വീട്ടില്‍ ജോലി ആരംഭിക്കുകയും ചെയ്തു. ഒരു മാസത്തിനു ശേഷം അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തുടർന്ന് ഫരീദ ബീഗം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ വിസ ഏജന്റ് പാസ്‌പോര്‍ട്ട് നല്‍കാന്‍ തയ്യാറായില്ല. മാത്രവുമല്ല തിരിച്ചയക്കാമെന്ന് വാഗ്ദാനം ചെയ്ത വിസ ഏജന്റ് അവരെ ഒമാനിലെ മസ്‌കറ്റിലേക്ക് കടത്തിയെന്നും സഹോദരി വെളിപ്പെടുത്തി. വീണ്ടും അസുഖബാധിതയാവുകയും വൃക്കയില്‍ അണുബാധയുണ്ടായെന്ന് കണ്ടെത്തുകയും ചെയ്തു.
ഫരീദ ബീഗത്തെ വിട്ടയക്കാന്‍ രണ്ടര ലക്ഷം രൂപ വേണമെന്നാണ് സ്‌പോണ്‍സര്‍ ആവശ്യപ്പെടുന്നതെന്നും സഹോദരി വിശദീകരിച്ചു. ഇവരെ എത്രയും വേഗം രക്ഷപ്പെടുത്തി വീട്ടിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്നും ഫഹ്‌മീദ ബീഗം അഭ്യര്‍ത്ഥിച്ചു.
Fahmeeda Begum from Hyderabad, Telangana appealed @DrSJaishankar to rescue her sister Fareeda Begum stuck up in Muscat,Oman. She was promised a job in Dubai, UAE by a lady agent Shenaz Begum and after working for one month there was trafficked to Muscat, Oman and sold there.She… pic.twitter.com/a5Rnp0dSRo
— Amjed Ullah Khan MBT (@amjedmbt) January 4, 2024
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക