ബാധ്യതയാകുമെന്ന് കരുതി 13കാരിയായ മകളെ ശ്വാസം മുട്ടിച്ച് പുഴയിൽ തള്ളിയിട്ട് കൊന്ന കേസ്: പിതാവ് കുറ്റക്കാരനെന്ന് കോടതി

കൊച്ചി: പതിമൂന്നുവയസ്സുകാരിയായ മകൾ വൈഗയെ  പുഴയിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരൻ എന്ന് കോടതി വിധി.  എറണാകുളം പോക്സ് കോടതിയുടേതാണ് വിധി. സനു മോഹനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ശിക്ഷാവിധിയിൽ ഉച്ചകഴിഞ്ഞു വാദം നടക്കും.

കങ്ങരപ്പടി ഹാർമണി ഫ്ലാറ്റിൽ താമസിച്ചിരുന്ന വൈഗയെയും സനുവിനെയും 2021 മാർച്ച് 21ന് കാണാതായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ വൈഗയുടെ മൃതദേഹം പിറ്റേന്നു മുട്ടാർ പുഴയിൽ കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. വൈഗയുടെ മരണത്തിനു ശേഷം പിതാവ് സനു മോഹൻ നാടുവിട്ടെന്ന നിഗമനത്തിൽ തുടങ്ങിയ അന്വേഷണമാണു നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

വൈഗയെ സനുവാണു കൊലപ്പെടുത്തിയതെന്നു വ്യക്തമായ സൂചന ലഭിച്ചതോടെ ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഒരു മാസത്തിനു ശേഷം കർണാടകയിലെ കാർവാറിൽ നിന്നാണു സനു പിടിയിലായത്. രാജ്യ വ്യാപകമായി തെളിവെടുപ്പു നടത്തേണ്ടി വന്ന അപൂർവം കൊലക്കേസിൽ ഒന്നായിരുന്നു ഇത്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ബിഹാർ സംസ്ഥാനങ്ങളിൽ പോയി പൊലീസ് തെളിവു ശേഖരിച്ചു.

 

‘ഞാൻ കൊന്നു’

വൈഗയെ കൊന്നതു താൻ തന്നെയാണെന്നു ചോദ്യം ചെയ്യലിൽ സനു മോഹൻ പൊലീസിനോട് സമ്മതിച്ചു. ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയും പിന്നീടു പുഴയിൽ തള്ളുകയുമായിരുന്നു. കനത്ത സാമ്പത്തിക ബാധ്യതയുള്ളതിനാൽ ആത്മഹത്യ ആലോചിച്ചു. മകളെ പുഴയിലെറിഞ്ഞശേഷം ഒളിവിൽ കഴിയുന്നതിനിടെ 3 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഭാര്യയെ ഏൽപിക്കാൻ താൽപര്യമില്ലാത്തതിനാലാണു മകളെ കൊന്നതെന്നും സനുവിന്റെ മൊഴിയിലുണ്ട്.

2021 മാർച്ച് 21ന് കൊലപാതകം നടത്താനും തുടർന്ന് 27 ദിവസം ഒളിവിൽ കഴിയാനും മറ്റാരും സഹായിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. പണം നൽകാനുള്ള ചിലരെ മാർച്ച് 22നു കാണാമെന്നു സനു മോഹൻ സമ്മതിച്ചിരുന്നു. അതിന്റെ തലേന്നാണ് മകളെ കൊന്ന് ഒളിവിൽ പോയത്. കൊച്ചിയിൽനിന്നു കാറിൽ മാർച്ച് 22ന് കോയമ്പത്തൂരിലെത്തിയ സനു മോഹൻ, കാർ അവിടെ 50,000 രൂപയ്ക്കു വിറ്റു. ഈറോഡ്, ഉഡുപ്പി വഴി കൊല്ലൂരിൽ ഏപ്രിൽ 10ന് എത്തി.

ഒളിവിൽ കഴിയുന്നതിനിടെ മൊബൈൽ ഫോണോ എടിഎം കാർഡോ ഉപയോഗിച്ചിട്ടില്ല. കൊല്ലൂരിൽ 6 ദിവസം ലോഡ്ജിൽ തങ്ങിയ ശേഷം ബില്ലടക്കാതെ മുങ്ങി ഉഡുപ്പി വഴി കാർവാറിലെത്തി. ഗോവയിലേക്കു കടക്കുകയായിരുന്നു ലക്ഷ്യം. കാർവാർ ബീച്ചിൽ, ഞായർ പുലർച്ചെ കർണാടക പൊലീസ് തിരിച്ചറിഞ്ഞതോടെ, അടുത്തുള്ള നിർമാണത്തൊഴിലാളി ക്യാംപിലേക്ക് ഓടിക്കയറി. ഇവിടെ നിന്നാണു പൊലീസ് പിടികൂടിയത്.

 

ശ്വാസം മുട്ടിച്ചു; കെട്ടിപ്പിടിച്ചു

‘മാർച്ച് 21നു രാത്രിയിൽ കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ വച്ച്, മരിക്കാൻ പോകുന്ന കാര്യവും സാഹചര്യവും വൈഗയോടു പറഞ്ഞു. ആദ്യം തുണി കൊണ്ടു മുഖത്ത് അമർത്തിയും പിന്നീടു കെട്ടിപ്പിടിച്ചും ശ്വാസം മുട്ടിച്ചു. ബോധം പോയപ്പോൾ ചുമലിലെടുത്തു. ഇതിനിടെ, മകളുടെ മൂക്കിൽ നിന്നു തറയിൽ വീണ ചോരത്തുള്ളികൾ തുണി കൊണ്ടു തുടച്ചു. മകളുടെ മുഖവും തുടച്ചശേഷം പുതപ്പു കൊണ്ടു മൂടി, ചുമലിലെടുത്തു കാറിൽ കിടത്തി. മുട്ടാർ പുഴയിലേക്കു വൈഗയെ തള്ളിയശേഷം കാറോടിച്ചു വാളയാർ വഴി കോയമ്പത്തൂരിലെത്തി’ – സനു പൊലീസിനു നൽകിയ മൊഴി.

വൈഗയുടേതു മുങ്ങി മരണമാണെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, വൈഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടിൽ രക്തത്തിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. വൈഗയെ നിർബന്ധിച്ചു മദ്യം കഴിപ്പിച്ചതായിരിക്കാമെന്നാണു പൊലീസ് നിഗമനമെങ്കിലും മദ്യം നൽകിയില്ലെന്നാണ് സനുവിന്റെ മൊഴി.

 

മരിച്ചെന്ന് കരുതിയയാൾ കൊലക്കേസ് പ്രതിയായി

മകൾ വൈഗയ്ക്കൊപ്പം മുട്ടാർ പുഴയിൽ ജീവനൊടുക്കിയെന്ന് കരുതിയ പിതാവ് ഒടുവിൽ മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അപൂർവ വഴിത്തിരിവായിരുന്നു വൈഗ കൊലക്കേസ് അന്വേഷണത്തിലെ ക്ലൈമാക്സ്. മാർച്ച് 21ന് കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ നിന്നു സനു മോഹനും ഭാര്യയും മകൾ വൈഗയും ആലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് പോയി. ഭാര്യയെ അവിടെ നിർത്തി അന്നു തന്നെ അമ്മാവന്റെ വീട്ടിലേക്കെന്നു പറഞ്ഞു മകളെയും കൂട്ടി പോയ സനു തിരിച്ചെത്താതായതോടെയാണു ബന്ധുക്കൾ പരാതി നൽകിയത്. പിറ്റേന്നാണു വൈഗയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. മകൾക്കൊപ്പം സനുവും മരിച്ചിട്ടുണ്ടാകുമെന്ന ധാരണയിൽ രണ്ടു ദിവസം കൂടി പുഴയിൽ തിരച്ചിൽ നടത്തി.

ഇതിനിടെയാണു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴികളിൽ നിന്നു സനുവിന്റെ സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പൊലീസിനു ബോധ്യമാകുന്നത്. കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന ശാസ്ത്രീയ തെളിവുകളും പൊലീസിനു ലഭിച്ചു. രണ്ടു ദിവസത്തിനുള്ളിൽ സനു ജീവിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചു. ‌ഇതോടെ പ്രതിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായി പൊലീസ്. സനുവിനെ തിരഞ്ഞു പൊലീസ് കേരളത്തിലും തമിഴ്നാട്ടിലുമായി അന്വേഷണം നടത്തിയതു അറുപതോളം ഹോട്ടലുകളിലും 16 വീടുകളിലും. ഫോൺകോൾ പരിശോധനയിലൂടെയാണ് അടുപ്പമുള്ളവരെ പൊലീസ് കണ്ടെത്തിയത്.

സൈബർ വിഭാഗത്തിന്റെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോൺ നമ്പറുകളാണ് പരിശോധിച്ചത്.  കൊലപ്പെടുത്തുന്നതിനു മണിക്കൂറുകൾക്കു മുൻപു തുറവൂരിലെ ഹോട്ടലിൽനിന്ന് സനു മകൾക്ക് ഭക്ഷണം വാങ്ങിക്കൊടുത്തതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഹോട്ടൽ ജീവനക്കാർ സനുവിനെ തിരിച്ചറിഞ്ഞു. ശീതളപാനീയത്തിൽ മദ്യം കലർത്തി സനു മകൾക്കു കൊടുത്തെന്നു പൊലീസിന്റെ കണ്ടെത്തിയിരുന്നു.

 

സാക്ഷി മൊഴി 300

വൈഗ കൊലക്കേസിൽ 240 പേജുള്ള കുറ്റപത്രമാണ് കാക്കനാട് മജിസ്ട്രേട്ട് കോടതിയിൽ 2021 ജൂലൈയിൽ തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ കെ.ധനപാലൻ സമർപ്പിച്ചത്. 300 സാക്ഷി മൊഴികളും ശാസ്ത്രീയ പരിശോധനാ ഫലവ‌ുമുൾപ്പെടെ നൂറോളം രേഖകളും 70 തൊണ്ടി സാധനങ്ങളും കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കി. ഇവയുടെ പട്ടികയും വിശദാംശങ്ങളും ഉൾപ്പെടെ 1,200 പേജുള്ള ഡിജിറ്റൽ ഫയലാണ് തൃക്കാക്കര പൊലീസ് കുറ്റപത്രത്തിന്റെ ഭാഗമായി തയാറാക്കിയത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ തീവ്ര യത്നം തന്നെ പൊലീസ് നടത്തി.

പ്രതി വിറ്റ കാറും മകളെ കൊന്ന ശേഷം അഴിച്ചെടുത്ത ആഭരണങ്ങളും തമിഴ്നാട്ടിൽ നിന്നാണ് വീണ്ടെടുത്തത്. പ്രതി ഉപേക്ഷിച്ച വസ്ത്രങ്ങൾ കർണാടകയിലെയും മഹാരാഷ്ട്രയിലെയും വിവിധ ഭാഗങ്ങളിൽ നിന്നു കണ്ടെടുത്തു. തെളിവുകൾ ഇല്ലാതാക്കാൻ പ്രതി ഉപേക്ഷിച്ച മൊബൈൽ ഫോണും വിറ്റ മറ്റൊരു ഫോണും പൊലീസ് കണ്ടെത്തിയിരുന്നു. എച്ച്എംടി ജംക‍്ഷനിൽ സനു ഉപേക്ഷിച്ച മൊബൈൽ ഫോൺ ബിഹാറിൽ നിന്നാണ് പൊലീസിനു ലഭിച്ചത്. കളമശേരിയിലെ ബിഹാറുകാരനായ സെക്യൂരിറ്റി ജീവനക്കാരനു കളഞ്ഞു കിട്ടിയ ഫോൺ നാട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.

സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു, ഡപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്റെ എന്നിവരുടെ മേൽനോട്ടത്തിൽ അസി.പൊലീസ് കമ്മിഷണർ ആർ.ശ്രീകുമാർ, ‌ഇൻസ്പെക്ടർ കെ.ധനപാലൻ എന്നിവർ നയിച്ച സ്ക്വാഡാണ് രാജ്യ വ്യാപക അന്വേഷണത്തിന് നേതൃത്വം നൽകിയത്. കളമശേരി ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ, എസ്ഐമാരായ ഷമീർഖാൻ, അരുൺ, എഎസ്ഐ ഗിരീഷ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ര‍ഞ്ജിത് ബി.നായർ, എം.എസ്.ജാബിർ, മാഹിൻ അബൂബക്കർ, എം.എസ്.ഷെജീർ എന്നിവരായിരുന്നു സ്ക്വാഡിലെ അംഗങ്ങൾ.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

  • Beta

Beta feature

Share
error: Content is protected !!