അടുത്ത വര്‍ഷം സൗദിയിലും പകുതിയിലധികം സ്ഥാപനങ്ങളും ശമ്പളം വര്‍ധിപ്പിക്കും; റിപ്പോർട്ടിൻ്റെ വിശദാംശങ്ങൾ

2024ല്‍ സൗദി അറേബ്യയിലെ പകുതിയിലധികം സ്ഥാപനങ്ങളും ശമ്പളം വര്‍ധിപ്പിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ആഗോള റിക്രൂട്ട്മെന്റ് ആന്റ് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കൂപ്പര്‍ ഫിച്ചാണ് സര്‍വേ നടത്തിയത്. ഇതില്‍ പങ്കെടുത്തവരില്‍ 52 ശതമാനം പേരും ശമ്പളം വര്‍ധിപ്പിക്കുമെന്ന് അറിയിച്ചു.

എണ്ണ ഇതര മേഖലകളുടെ മികച്ച പ്രകടനം മൂലം 2024ല്‍ യുഎഇയില്‍ ശമ്പളം 4.5 ശതമാനം വര്‍ധിക്കുമെന്ന് റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ സൌദിയിലും ശമ്പളം വർധിപ്പിക്കുമെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. ‘സാലറി ഗൈഡ് യുഎഇ 2024’ എന്ന പേരില്‍ ആഗോള റിക്രൂട്ട്മെന്റ് ആന്റ് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി കൂപ്പര്‍ ഫിച്ച് ഡിസംബര്‍ 20 ബുധനാഴ്ച പുറത്തിറക്കിയ പുതിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

സൗദി വിഷന്‍ 2030 ന്റെ ഭാഗമായി നടക്കുന്ന അഭൂതപൂര്‍വമായ സംഭവവികാസങ്ങള്‍ കാരണം 2024ല്‍ രാജ്യത്തെ ശമ്പളം ഏകദേശം ആറ് ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സർവ്വെ വെളിപ്പെടുത്തി. അടുത്ത വര്‍ഷം ശമ്പളം കുറയ്ക്കുമെന്ന് അറിയിച്ചത് 22 ശതമാനത്തിലധികം പേരാണ്. അടുത്ത 12 മാസത്തിനുള്ളില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് 26 ശതമാനത്തിലധികം പേര്‍ പറഞ്ഞു.

അടുത്ത വര്‍ഷം തങ്ങളുടെ സ്ഥാപനത്തിന്റെ സാമ്പത്തിക പ്രകടനത്തെ അടിസ്ഥാനമാക്കി ബോണസ് നല്‍കുമെന്ന് 78 ശതമാനം പേരും വെളിപ്പെടുത്തി. 22 ശതമാനം സ്ഥാപനങ്ങള്‍ക്ക് ബോണസ് നല്‍കാന്‍ പദ്ധതിയില്ല. 24 ശതമാനം പേര്‍ ഒരു മാസത്തെ അടിസ്ഥാന ശമ്പളമാണ് ബോണസ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഉയര്‍ന്ന തുക വാര്‍ഷിക ബോണസ് നല്‍കുമെന്ന് അറിയിച്ചത് കണ്‍സള്‍ട്ടിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ്, റിയല്‍ എസ്റ്റേറ്റ്, ടെലികമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളിലെ സ്ഥാപനങ്ങളാണ്. കണ്‍സ്ട്രക്ഷന്‍, കണ്‍സള്‍ട്ടിങ് മേഖലകളിലെ 22 ശതമാനം കമ്പനികള്‍ ബോണസ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല.

തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ കഴിവുകളുള്ള പ്രതിഭാധനരായ ആളുകളുടെ കുറവ് പ്രധാന വെല്ലുവിളിയായിരിക്കുമെന്ന് 26 ശതമാനം പേര്‍ ചൂണ്ടിക്കാട്ടി. മാനേജ്മെന്റ്, നേതൃത്വം, അനലിറ്റിക്കല്‍ സ്‌കില്‍സ് വിഭാഗങ്ങളിലാണ് ഈ കുറവ് കൂടുതല്‍ അനുഭവപ്പെടുകയെന്നും സര്‍വേ വിലയിരുത്തുന്നു.

കൂപ്പര്‍ ഫിച്ച് യുഎഇയില്‍ നടത്തിയ സര്‍വേയിലും മികച്ച ജോലിക്കാരുടെ കുറവ് അനുഭവപ്പെടുമെന്ന് കണക്കാക്കപ്പെട്ട മേഖലകളാണിത്. യുഎഇയില്‍ അടുത്ത വര്‍ഷം ശമ്പളം വര്‍ധിപ്പിക്കുമെന്ന് സര്‍വേയോട് സഹകരിച്ച പകുതിയിലധികം കമ്പനികളും വ്യക്തമാക്കിയിരുന്നു.

 

പ്രതിഭകളുടെ കുറവുണ്ടാവുന്ന പത്ത് മേഖലകള്‍

  1. മാനേജ്‌മെന്റ്
  2. നേതൃത്വം
  3. വിശകലന കഴിവ്
  4. പ്രോജക്റ്റ് മാനേജ്‌മെന്റ്
  5. ഇമോഷണല്‍ ഇന്റലിജന്‍സ്
  6. എഞ്ചിനീയറിങ്
  7. സോഫ്റ്റ്‌വെയര്‍ വികസനം
  8. വില്‍പ്പന
  9. ധനകാര്യം
  10. ഡാറ്റ സയന്‍സ്

അതേസമയം, അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ സൗദി വ്യോമയാന വ്യവസായ മേഖലയില്‍ 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യോമയാന വിദഗ്ധയും വിമന്‍ ഇന്‍ ഏവിയേഷന്‍ മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍ പ്രസിഡന്റുമായ മെര്‍വത് സുല്‍ത്താന്‍ അഭിപ്രായപ്പെട്ടു. റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ നടന്ന സൗദി എയര്‍പോര്‍ട്ട് എക്സിബിഷനോടനുബന്ധിച്ച് അറബ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.

വിമാനത്താവളങ്ങളുടെ വര്‍ധനവ്, പുതിയ എയര്‍ലൈനുകളുടെ വരവ്, വിനോദസഞ്ചാരികളുടെ എണ്ണം തുടങ്ങിയ മേഖലയില്‍ ഗണ്യമായ കുതിച്ചുചാട്ടം ആണ് വമ്പന്‍ തൊഴിലവസരം തുറന്നിടുന്നത്. വരുന്ന 20 വര്‍ഷത്തിനുള്ളില്‍ സൗദി വ്യോമയാന വ്യവസായം ശക്തമായ മുന്നേറ്റം നടത്തുമെന്നതിന്റെ വ്യക്തമായ ചിത്രം ആണ് ഇപ്പോള്‍ കാണുന്നതെന്നും അവര്‍ വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!