കക്കൂസ് കഴുകാൻ പറഞ്ഞാൽ കഴുകിക്കോണം; എസ്എഫ്ഐയുടെ മെക്കിട്ട് കയറാൻ നിൽക്കരുത്’: ഗവർണർ അഴിപ്പിച്ച ബാനർ വീണ്ടും കെട്ടി എസ്എഫ്ഐ

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ അഴിച്ചുമാറ്റിച്ച ബാനർ വീണ്ടും കെട്ടി എസ്എഫ്ഐ പ്രവർത്തകർ. ഗവർണർക്കെതിരെ ഉയർത്തിയ ബാനർ ഗവർണർ നേരിട്ടിറങ്ങിയാണ് പൊലീസിനെക്കൊണ്ട് അഴിപ്പിച്ചത്. ഈ ബാനറുകളാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിൽ തിരിച്ചുകെട്ടിയത്.

പൊലീസ് ബാരിക്കേഡിന് മുകളിൽ കയറിനിന്നാണ് ബാനർ കെട്ടിയത്. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ബാനർ കെട്ടിയത്. തടയാൻ ശ്രമിച്ച പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ പി.എം.ആർഷോ പൊലീസിനെതിരെ തിരിഞ്ഞു. ‘‘ആ നാറി കക്കൂസ് കഴുകാൻ പറയുമ്പോൾ കക്കൂസ് കഴുകിക്കോണം. എസ്എഫ്ഐയുടെ നെഞ്ചത്ത് മെക്കിട്ട് കയറാൻ നിൽക്കരുത്’’ എന്നായിരുന്നു പൊലീസിനോട് ആർഷോയുടെ ഭീഷണി. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്നും ആർഷോ പറഞ്ഞു.

ഡൗണ്‍ ഡൗണ്‍ ഗവര്‍ണര്‍ എന്നെഴുതിയ ബാനറാണ് ഉയര്‍ത്തിയത്. ഇതിനുശേഷം ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് കോലം കത്തിച്ചു. പ്രതിഷേധത്തിനിടെ പൊലീസുകാരോടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയര്‍ത്തു. ഞങ്ങളെ തടയരുതെന്നും ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കിയാല്‍ മതിയെന്നും മിണ്ടാതെ നിന്നോളണമെന്നും പൊലീസിനോട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആക്രോശിച്ചശേഷമാണ് ബാനര്‍ ഉയര്‍ത്തിയത്.

‘‘ആരിഫ് മുഹമ്മദ്ഖാൻ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധനാണ്. ക്ഷമയുടെ നെല്ലിപ്പലക കണ്ടുകൊണ്ടാണ് എസ്എഫ്ഐ നിൽക്കുന്നത്. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഉയർത്തിയത് രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ്. മുദ്രാവാക്യങ്ങൾ ആർഎസ്എസ് ഭയക്കുന്നതുപോലെ ഗവർണറും ഭയക്കുകയാണ്. നാളെ നേരം പുലരുന്നതിന് മുൻപ് നൂറുകണക്കിന് ബാനറുകൾ ഗവർണർക്കെതിരെ ഉയരും.

‘സമരം അക്രമത്തിലേക്ക് കടക്കാനാണ് ഗവർണർ ആഗ്രഹിക്കുന്നത്. എന്നാൽ എസ്എഫ്ഐ അതിന് മുതിരുന്നില്ല. ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് ആർഎസ്എസ് സ്ഥാപിച്ച ബാനർ കത്തിക്കും. പൊലീസ്, സുരക്ഷയുമായി ബദ്ധപ്പെട്ട കാര്യങ്ങൾ നോക്കിയാൽ മതി. കുനിയാൻ പറഞ്ഞാൽ കിടക്കുന്ന പൊലീസുകാർ ഈ കൂട്ടത്തിൽ ഉണ്ട്. ആരിഫ് മുഹമ്മദ് ഖാൻ വന്നിട്ട് ബാത്റൂം കഴുകിത്തരാൻ പറഞ്ഞാൽ പോയി കഴുകിയിട്ട് പൊലീസിന്റെ അന്തസ്സ് കളയുന്ന പണി എടുക്കാൻ നിൽക്കരുത്.’’– ആർഷോ പറഞ്ഞു.

കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ സ്ഥാപിച്ചിരുന്ന 3 കൂറ്റൻ ബാനറുകൾ പൊലീസ് അഴിച്ചു നീക്കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ബാനറുകൾ അഴിച്ചു നീക്കാൻ ഗവർണർ നിർദേശിച്ചിരുന്നു. വൈകിട്ട് നടക്കാൻ ഇറങ്ങിയ സമയത്തും ബാനറുകൾ നീക്കിയിട്ടില്ലെന്നു കണ്ട ഗവർണർ മലപ്പുറം എസ്പിയോട് കയർത്തു. ഇതിനെത്തുടർന്ന്, എസ്പിയും പൊലീസുകാരും ചേർന്ന് 3 ബാനറുകളും അഴിച്ചു നീക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് എസ്എഫ്ഐ പ്രവർത്തകർ എത്തി വീണ്ടും ബാനർ കെട്ടിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

Share
error: Content is protected !!