ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ട സംഭവം: കോടതിക്ക് പുറത്ത് ആക്രോശിച്ച് പാഞ്ഞടുത്ത് ജനങ്ങൾ; പ്രതിയേയും കൊണ്ട് ഓടി പൊലീസ്
വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ചുരക്കുളം എസ്റ്റേറ്റിലെ അർജുനെ (24) കോടതി വെറുതേവിട്ടതിന് പിന്നാലെ കോടതിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. പെൺകുട്ടിയുടെ മാതാപിതാക്കൾ കോടതിയിൽ രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെ, പ്രതിയെ പുറത്തെത്തിക്കാൻ പൊലീസ് പെടാപ്പാട് പെട്ടു.
കോടതിക്ക് പുറത്ത് പ്രതിക്ക് പിന്നാലെ ജനങ്ങൾ ആക്രോശിച്ച് അടുത്തതോടെ പ്രതിയേയും കൊണ്ട് ഓടുകയായിരുന്നു പൊലീസ്. പൊലീസ് ജീപ്പിന് ചുറ്റും ജനങ്ങൾ തെറിവിളിയും ബഹളവുമായി തടിച്ചുകൂടിയതോടെ വളരെ പാടുപെട്ടാണ് പൊലീസിന് പ്രതിയുമായി പോകാനായത്.
കട്ടപ്പന അതിവേഗ സ്പെഷൽ കോടതിയാണ് അർജുനെ വെറുതേ വിട്ടത്. കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തിയായിരുന്നു വിധി.
2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. പെൺകുട്ടിക്കു 3 വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചു. 78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
ഇതേസമയം, കോടതിയിൽ പൊലീസ് നിരത്തിയത് കൃത്രിമസാക്ഷികളെയാണെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. യഥാർഥ പ്രതികളെ കണ്ടെത്താൻ പുനരന്വേഷണം വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക