‘സൗദി-ഇന്ത്യ ഫെസ്റ്റിവല്‍’ വരുന്നു; കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന പരിപാടി ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍
സൗദി അറേബ്യയിലെ ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ‘സൗദി-ഇന്ത്യ ഫെസ്റ്റിവല്‍’ സംഘടിപ്പിക്കുന്നു. 2024 ജനുവരി 19ന് ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അങ്കണത്തില്‍ വച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്ന് കോണ്‍സുലേറ്റ് വെല്‍ഫെയര്‍ ആന്റ് പ്രസ് ഇന്‍ഫര്‍മേഷന്‍ കോണ്‍സല്‍ മുഹമ്മദ് ഹാഷിം മാധ്യമങ്ങളോട് പറഞ്ഞു. (ചിത്രത്തിൽ ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരൻ – ഫയല്‍ ചിത്രം)
ഇന്തോ-സൗദി സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ കമ്മ്യൂണിറ്റിയും സൗദി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പരിപാടി ഒരുക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിനോടനുബന്ധിച്ച് ജിദ്ദയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കോണ്‍സല്‍ മുഹമ്മദ് ഹാഷിം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ഈ വര്‍ഷം സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ജിദ്ദ കോണ്‍സുലേറ്റ് ദീപാവലി ആഘോഷം, യൂണിറ്റി ഡേ ആഘോഷം, കളേഴ്‌സ് ഓഫ് ഇന്ത്യ, അനന്തോല്‍സവം 2023, ദേശീയ വിദ്യാഭ്യാസ ദിനം തുടങ്ങിയ വിവിധ പരിപാടികള്‍ ഇന്ത്യന്‍ സമൂഹവുമായി സഹകരിച്ച് സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ പോലെ അടുത്ത ഹജ്ജിനും ഇന്ത്യയില്‍നിന്ന് 1,75,025 പേര്‍ക്ക് അവസരം ലഭിക്കുമെന്ന് പ്രസ് കോണ്‍സല്‍ വിശദീകരിച്ചു. സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദര്‍ശിച്ച കാര്യവും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക